തളിപ്പറമ്പ് : രണ്ടുവയസ്സുകാരനെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ചൊവ്വാഴ്ച ഓടിയത് 14 ബസുകൾ. ജനിക്കുമ്പോൾ മുതലുണ്ടായ ആമാശയസംബന്ധമായ അസുഖത്താൽ കുട്ടി ഭക്ഷണം കഴിക്കാൻ പറ്റാത്ത സ്ഥിതിയിലാണ്.
പ്രസവം മുതൽ ഉണ്ടായതാണ് അന്നനാളം മുതലുള്ള തകരാർ. അത് പരിഹരിക്കാൻ ശസ്ത്രക്രിയ വേണ്ടിവരും. കുട്ടിയുടെ ചികിത്സയ്ക്കായുള്ള ധനസമാഹരണത്തിനായാണ് ശ്രീനിധി ട്രാവൽസിന്റെ 12 ബസുകളും കൃഷ്ണ ബസ് സർവീസിന്റെ രണ്ട് ബസുകളും ചൊവ്വാഴ്ച ഓടിയത്.
കൂവേരിയിലെ വി.സലേഷിന്റെയും സഫ്നയുടെയും രണ്ടാമത്തെ കുട്ടി എൽസിൻ ഹെമലാണ് ജനനം മുതൽ ചികിത്സയിലുള്ളത്. ശസ്ത്രക്രിയ നടത്തിയാൽ മാത്രമേ പ്രശ്നം പരിഹരിക്കാൻ പറ്റുവെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിനുമാത്രം 10 ലക്ഷം രൂപയോളം ചെലവ് വരും.
കുട്ടിയുടെ അച്ഛൻ സലേഷ് തളിപ്പറമ്പ്-കൂവേരി-പെരുമ്പടവ് റൂട്ടിൽ ഓടുന്ന ശ്രീനിധി ബസിലെ ഡ്രൈവറാണ്. കുട്ടിക്ക് സുഖമില്ല എന്നറിഞ്ഞപ്പോൾ ബസുടമയും ജീവനക്കാരും ചേർന്ന് കാരുണ്യ സർവീസ് നടത്താൻ തീരുമാനിക്കുകയായിരുന്നു. 10 വർഷമായി ഓടുന്ന ശ്രീനിധി ബസുകൾ 12-ാമത് കാരുണ്യ സർവീസാണ് നടത്തിയത് -ഉടമ വെള്ളോറ സ്വദേശി സി.കെ.ഗംഗാധരൻ പറഞ്ഞു.
കാരുണ്യ സർവീസിന്റെ തുക വ്യാഴാഴ്ച ടി.കെ.ഗോവിന്ദൻ എം.എൽ.എ. മുഖാന്തരം കൈമാറും -അദ്ദേഹം പറഞ്ഞു. കൃഷ്ണ ബസിലും സലേഷ് ജോലിചെയ്തിട്ടുണ്ട്. കൃഷ്ണ ബസ് ഉടമ പറവൂരിലെ എ.അഭിലാഷാണ്.
പയ്യന്നൂർ, തളിപ്പറമ്പ്, വെള്ളോറ, ഏര്യം, പെരുമ്പടവ്, ചെറുപുഴ, മാതമംഗലം, പിലാത്തറ തുടങ്ങിയ ഭാഗങ്ങളിലൂടെ സർവീസ് നടത്തുന്ന ബസുകളാണ് ചൊവ്വാഴ്ച കാരുണ്യയാത്ര നടത്തിയത്.
കാരുണ്യയാത്രയുടെ ഉദ്ഘാടനം രാവിലെ പെരുമ്പടവ് ടൗണിൽ ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സജി ഓതറയും മാതമംഗലത്ത് എരമം-കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.പ്രീതയും പിലാത്തറ ബസ് സ്റ്റാൻഡിൽ ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് സനൂപ് മോഹനും നിർവഹിച്ചു.
ചികിത്സാസഹായ കമ്മിറ്റി ചെയർമാൻ എം.ലക്ഷ്മണൻ, കൺവീനർ കെ.വി.വിനോദ് കുമാർ, ചപ്പാരപ്പടവ് പഞ്ചായത്തംഗവും കമ്മിറ്റി രക്ഷാധികാരിയുമായ എ.പി.കെ.വത്സൻ തുടങ്ങിയവർ നേതൃത്വം നൽകി.
Published: 30 Sept 2026, 04:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented