യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

To advertise here,

വട്ടംതട്ട : വട്ടംതട്ടയിൽനിന്ന് എരിഞ്ഞിപ്പുഴയിലേക്കുള്ള ചെങ്കുത്തായ ഇറക്കത്തിൽ വീണ്ടും അപകടം. കുപ്പിവെള്ളം കയറ്റി പുത്തൂരിൽനിന്ന്‌ എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട ലോറി റോഡിൽ മറിഞ്ഞുവീണ് മുന്നിലുണ്ടായിരുന്ന ബൈക്കിന് പിറകിലിടിച്ചു. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ ക്രാഷ് ഗാർഡിലിടിച്ച് യാത്രക്കാർ റോഡിന് താഴേക്ക് പതിച്ചു. നെച്ചിപ്പടുപ്പിലെ എൻ. രതീഷ്, കുറ്റിക്കോലിലെ സി.എം. മിഥുൻ എന്നിവരാണ് ബൈക്കിൽ ഉണ്ടായിരുന്നത്. ഇരുവരും ബോവിക്കാനത്തേക്കുള്ള യാത്രയിലായിരുന്നു. ഇരുവരും വീണത് പുല്ലുനിറഞ്ഞ സ്ഥലത്തേക്കായതിനാൽ വൻ അപകടം ഒഴിവായി. രതീഷിന് കാലിലും മിഥുന് കൈയിലും പരിക്കുകളുണ്ട്. ലോറിക്കടിയിൽപ്പെട്ട് ബൈക്ക് പൂർണമായും തകർന്നു. അഗ്നിരക്ഷാസേനാംഗങ്ങളാണ് ലോറിയുടെ കാബിനിൽ കുടുങ്ങിക്കിടന്നിരുന്ന ഡ്രൈവറെ രക്ഷിച്ചത്.

തമിഴ്നാട് വെല്ലൂർ സ്വദേശി ചിന്ന ശിവശങ്കരനാണ് വാഹനം ഓടിച്ചിരുന്നത്. വ്യാഴാഴ്ച രാത്രി 8.30-ഓടെയായിരുന്നു സംഭവം.കർണാടകയിലെ പുത്തൂരിൽനിന്ന്‌ കുപ്പിവെള്ളം, സോഫ്റ്റ് ഡ്രിങ്ക് തുടങ്ങിയവ കയറ്റി എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഗൂഗിൾ മാപ്പ് നോക്കി എളുപ്പവഴിയിലൂടെയായിരുന്നു യാത്ര. ഈശ്വരമംഗലം, അഡൂർ, പാണ്ടി വഴി ബേത്തൂർപാറയിലെത്തിയതോടെ വഴി പന്തിയല്ലെന്ന് തോന്നിയ ഡ്രൈവർ വാഹന ഉടമയെ വിവരമറിയിച്ചപ്പോൾ കാസർകോടേക്ക് ലോറി തിരിച്ചുവിടാൻ പറഞ്ഞു.

ഗൂഗിൾ മാപ്പ് നോക്കി വീണ്ടും യാത്രതുടർന്ന ചിന്നയ്ക്ക് വട്ടംതട്ടയിലെ അപകടം നിറഞ്ഞ ഇറക്കത്തെക്കുറിച്ച് അറിയില്ലായിരുന്നു. ഇറക്കം പകുതി പിന്നിട്ടപ്പോൾ ലോറിയുടെ നിയന്ത്രണം തെറ്റിയതായി ചിന്ന പറഞ്ഞു. പൊടുന്നനെയുള്ള വളവിൽ ലോറി ഒരു ഭാഗം ചെരിഞ്ഞ് കുറച്ച് മുന്നോട്ടുനീങ്ങുകയും പിന്നീട് മറിയുകയുമാണുണ്ടായത്.കുറ്റിക്കോൽ-ബോവിക്കാനം റോഡിൽ വട്ടംതട്ട മുതൽ ഉണുപ്പങ്കല്ലവരെയുള്ള ചെങ്കുത്തായ ഇറക്കത്തിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാകുകയാണ്. രണ്ടുവർഷത്തിനിടെ എട്ട് അപകടങ്ങളാണ് ഇവിടെ ഉണ്ടായത്.