ചെറുവാഞ്ചേരി : പരിസ്ഥിതിലോല മേഖലയിൽ പൂർണമായും ജനവാസകേന്ദ്രമായ ചെറുവാഞ്ചേരി വില്ലേജിനെ ഉൾപ്പെടുത്തിയതിനെതിരേ പ്രതിഷേധം തുടരുകയാണ്. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിന് സമർപ്പിച്ച പുതിയ നിർദേശത്തിലും ജനങ്ങളുടെ ആശങ്കയ്ക്ക് പൂർണ പരിഹാരമാകില്ലെന്ന് നാട്ടുകാർ പറയുന്നു. നിയമസഭയിൽ പി.കെ. പ്രവീൺ എം.എൽ.എ.യുടെ ചോദ്യത്തിന് മന്ത്രി സണ്ണി ജോസഫ് നൽകിയ മറുപടിയിൽ ജനവാസമേഖലകളെയും കൃഷി, തോട്ടം മേഖലകളെയും പൂർണമായി പരിസ്ഥിതിലോല പട്ടികയിൽനിന്ന് ഒഴിവാക്കിയെന്ന് പറയുന്നുണ്ടെങ്കിലും വിസ്തൃതിയുടെ കണക്കുകൾ പരിശോധിക്കുമ്പോൾ പഴയ നിർദേശത്തിൽനിന്ന് കാര്യമായ കുറവുണ്ടായിട്ടില്ലെന്നതാണ് നാട്ടുകാരുടെ ആശങ്ക.
മന്ത്രിയുടെ മറുപടി
:ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കസ്തൂരിരംഗൻ റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തി കേരളത്തിൽ 13,108 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് സർക്കാർ നിയോഗിച്ച ഉമ്മൻ വി. ഉമ്മൻ കമ്മിറ്റിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിൽ 2014 മാർച്ച് 10-ന് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിൽ കേരളത്തിലെ പരിസ്ഥിതിലോല മേഖലയുടെ വിസ്തൃതി 9993.7 ചതുരശ്ര കിലോമീറ്ററായി നിശ്ചയിച്ചു. പിന്നീട് വന്ന കരട് വിജ്ഞാപനങ്ങളിലും അവസാനമായി ജൂലായ് ഏഴിന് പുറപ്പെടുവിച്ച ഏഴാമത് കരട് വിജ്ഞാപനത്തിലും വിസ്തൃതിയിൽ വ്യത്യാസമുണ്ടായില്ല.
തുടർന്ന് നടത്തിയ ജി.ഐ.എസ്. പരിശോധനകൾ, ഫീൽഡ് വെരിഫിക്കേഷൻ, തദ്ദേശസ്ഥാപന തലത്തിൽ നടത്തിയ പരിശോധനകൾ എന്നിവയുടെ അടിസ്ഥാനത്തിൽ ജനവാസമേഖലകളും കൃഷിസ്ഥലങ്ങളും തോട്ടങ്ങളും പൂർണമായി ഒഴിവാക്കി സംസ്ഥാനത്തെ പരിസ്ഥിതിലോല പ്രദേശത്തിന്റെ ആകെ വിസ്തൃതി 98 വില്ലേജുകളിലായി 8590.69 ചതുരശ്ര കിലോമീറ്ററായി നിജപ്പെടുത്താനാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ഇപ്പോൾ ആവശ്യപ്പെട്ടിട്ടുള്ളത്.
യു.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശ വിദഗ്ധസമിതിയെ കേരളത്തിലേക്ക് ക്ഷണിക്കുകയും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ബന്ധപ്പെട്ട മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ ചർച്ചചെയ്ത് സംസ്ഥാനത്തിന്റെ ജനസാന്ദ്രതയും പരിസ്ഥിതി സാഹചര്യങ്ങളും ഭൂമി ലഭ്യതക്കുറവും കമ്മിറ്റിയെ ബോധ്യപ്പെടുത്തുകയുമുണ്ടായി.
ഏഴാമത് കരട് വിജ്ഞാപനത്തെ തുടർന്ന് നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ സംസ്ഥാന സർക്കാർ പരിഷ്കരിച്ച നിർദേശങ്ങളും വിശദമായ രേഖകളും കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിച്ചു. പരിസ്ഥിതിലോല മേഖല വിസ്തൃതിയിൽ 1403.09 ച.കി.മീറ്റർ കുറവായിട്ടാണ് കേരളത്തിന്റെ നിർദേശം സമർപ്പിച്ചിട്ടുള്ളത്. ജനവാസമേഖലകളും കൃഷിസ്ഥലങ്ങളും തോട്ടങ്ങളും പൂർണമായി ഒഴിവാക്കിക്കൊണ്ട് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നുള്ള സംസ്ഥാന സർക്കാരിന്റെ നിലപാട് പരിഷ്കരിച്ച നിർദേശത്തിൽ ഉന്നയിച്ചിട്ടുണ്ടെന്നും മന്ത്രി സണ്ണി ജോസഫ് മറുപടിയായി പറഞ്ഞു.
കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ പൂർണമായും ജനവാസകേന്ദ്രമായ പാട്യം ഗ്രാമപ്പഞ്ചായത്തിൽ ഉൾപ്പെട്ട ചെറുവാഞ്ചേരി പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന ഈ വിജ്ഞാപനത്തിൽനിന്ന് ചെറുവാഞ്ചേരി വില്ലേജിനെ ഒഴിവാക്കുന്നതിന് സർക്കാർ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കുമോയെന്ന ചോദ്യത്തിന് മറുപടിയായി
ചെറുവാഞ്ചേരി വില്ലേജിലെ ചില പ്രദേശങ്ങൾ 2026 ജൂലായ് 27-ലെ കേന്ദ്ര കരടുവിജ്ഞാപന പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതാണെന്നും കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിനായി സെപ്റ്റംബർ 24-ന് സർക്കാർ സമർപ്പിച്ച പരിഷ്കരിച്ച നിർദേശത്തിൽ ചെറുവാഞ്ചേരി വില്ലേജിലെ ജനവാസ കേന്ദ്രങ്ങൾ പൂർണമായും ഒഴിവാക്കി വനഭൂമി മാത്രമായ 76.58 ച.കി.മീറ്റർ വിസ്തൃതി മാത്രമാണ് പരിസ്ഥിതി ലോലമായി പരിഗണിച്ചിരിക്കുന്നതെന്നും ജനവാസ, കൃഷി, തോട്ടം മേഖലകളെ പരിസ്ഥിതിലോല പ്രദേശങ്ങളിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യം വ്യക്തമായ കാരണങ്ങൾ സഹിതം സമർപ്പിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ ഭൂപടം പ്രസിദ്ധീകരിക്കുകയുംചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വ്യക്തത വരുത്തണം
വില്ലേജിന്റെ ആകെ വിസ്തൃതിയും പഴയ കരട് നിർദേശത്തിലെ കണക്കുകളും പുതിയ നിർദേശവും താരതമ്യംചെയ്യുമ്പോൾ പഴയ ഭൂപ്രകൃതിയും പുതിയതും തമ്മിൽ കാര്യമായ വ്യത്യാസമില്ലെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു.
ചെറുവാഞ്ചേരി വില്ലേജിന്റെ
ആകെ വിസ്തൃതി 98.33 ചതുരശ്ര കിലോമീറ്ററാണ്. ഇതിൽ 2024-ലെ കരടുപട്ടികയിൽ 76.60
ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് പരിസ്ഥിതിലോല മേഖലയിൽ
ഉൾപ്പെട്ടിരുന്നത്. ഇത് ആകെ വിസ്തൃതിയുടെ 77.91 ശതമാനമാണ്. പുതിയ നിർദേശത്തിൽ 76.58 ചതുരശ്രകിലോമീറ്റർ പ്രദേശമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഏതൊക്കെ പ്രദേശങ്ങളാണ് ഒഴിവാക്കിയതെന്നും ഏതൊക്കെ
പ്രദേശങ്ങളാണ് പരിധിയിൽവരുന്നതെന്നും വ്യക്തമാക്കുന്ന പട്ടിക പ്രസിദ്ധീകരിക്കുകയോ ജനങ്ങളെ ബോധ്യപ്പെടുത്തുകയോ വേണമെന്ന് നാട്ടുകാർ പറയുന്നു.
Published: 25 Oct 2026, 04:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented