വാതിലുകളും ജനലുകളും തകർത്തു

To advertise here,

കണ്ണൂർ : സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ (എസ്.കെ.എസ്.എസ്.എഫ്.) കൗൺസിൽ യോഗത്തിനിടെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ ഓഫീസിനുനേരേ ആക്രമണം. കണ്ണൂർ താണ ട്രെയിനിങ് സ്‌കൂളിന് സമീപത്തെ ഇസ്‌ലാമിക് സെന്ററിലാണ് വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ്‌ സംഭവം. ആക്രമണത്തിൽ മൂന്ന് എസ്.കെ.എസ്.എസ്.എഫ്. ജില്ലാ ഭാരവാഹികൾക്ക്‌ പരിക്കേറ്റു. എസ്.കെ.എസ്.എസ്.എഫ്. ഭാരവാഹികളായ എൻ.കെ ജമീൽ, കെ.കെ. സാഹർ, ടി. ഷഫീർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സതേടി.

ഇസ്‍ലാമിക് സെന്ററിന്റെ വാതിലും ജനലുകളും ആക്രമികൾ തകർത്തു. മുസ്‍ലിം ലീഗ് നേതാക്കളടങ്ങുന്ന അൻപതോളം പേരാണ് ആക്രമണം നടത്തിയതെന്ന് എസ്.എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സുറൂർ പാപ്പിനിശ്ശേരി ആരോപിച്ചു.

എസ്.കെ.എസ്.എസ്.എഫ്. മട്ടന്നൂർ മേഖലാ കൗൺസിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം മട്ടന്നൂർ പഴശ്ശിയിൽ കൗൺസിൽസംഗമം വിളിച്ചുചേർത്തിരുന്നു. അന്നും സംഘർഷശ്രമം നടന്നിരുന്നു. പ്രാദേശിക ലീഗ് നേതൃത്വമായിരുന്നു ഇതിന് പിറകിലെന്നാണ് ആരോപണം. അന്ന് തടസ്സപ്പെട്ട കൗൺസിൽ യോഗമാണ് വെള്ളിയാഴ്ച ഇസ്‌ലാമിക് സെന്ററിൽ ചേർന്നത്. ഈ യോഗത്തിനിടയിലാണ് കൈയാങ്കളിയും ആക്രമണവുമുണ്ടായത്. എസ്.കെ.എസ്.എസ്.എഫ്. നേതാക്കൾ നൽകിയ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു.

എസ്.കെ.എസ്.എസ്.എഫ്. നേതാക്കൾക്കു പുറമേ സി.പി.എം. നേതാക്കളായ എം.വി. ഗോവിന്ദൻ, പി. ജയരാജൻ, കെ.കെ. രാഗേഷ്, എം.എൽ.എ.മാരായ കെ.വി. സുമേഷ്, വി.കെ. സനോജ്, ടി.കെ. ഗോവിന്ദൻ, ടി.ഒ.മോഹനൻ, സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദ് ശരീഫ് ബാഖവി വേശാല, സുന്നി യുവജന സംഘം പ്രസിഡന്റ് സഫ്‌വാൻ തങ്ങൾ ഏഴിമല, സമസ്ത കോഡിനേഷൻ ജില്ലാ വർക്കിങ് സെക്രട്ടറി എ.കെ. അബ്ദുൽ ബാഖി, പാപ്പിനിശ്ശേരി, ജംഇയ്യത്തുൽ മുഅല്ലിമിൻ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഹുസൈൻ തങ്ങൾ കാങ്കോൽ, ജില്ലാ മുശാവറ അംഗം മൊയ്തു നിസാമി കാലടി, ജംഇയ്യത്തുൽ ഖുത്വബാ ജില്ലാ സെക്രട്ടറി അബ്ദുൽ ഫത്താഹ് ദാരിമി മാണിയൂർ, ജംഇയ്യത്തുൽ മുഅല്ലിമിൻ സെക്രട്ടറി സിദ്ദിഖ് ഫൈസി വെൺമണൽ, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി. അഷ്റഫ് തുടങ്ങിയവർ ഓഫീസ് സന്ദർശിച്ചു.

പ്രതികൾക്കെതിരേ നടപടിയെടുക്കണം

സമസ്ത ഓഫീസിൽ എസ്.കെ.എസ്.എസ്.എഫ്. കൗൺസിൽ യോഗത്തിനിടെ നടന്ന ആക്രമണത്തിലും ഉപകരണങ്ങൾ നശിപ്പിച്ച സംഭവത്തിലും എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. അഭിപ്രായവ്യത്യാസങ്ങൾ പ്രകടിപ്പിക്കാനും വിയോജിപ്പുകൾ അറിയിക്കാനും ജനാധിപത്യപരമായ മാർഗങ്ങളുള്ളപ്പോൾ ആക്രമണത്തിലൂടെ സംഘടനാപ്രവർത്തനം തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല. സംഭവത്തിൽ പോലീസ് അടിയന്തരനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

ലീഗിന്റെ ഗുണ്ടായിസം അവസാനിപ്പിക്കണം -നാഷണൽ ലീഗ്

കണ്ണൂർ : സമസ്തയുടെ ജില്ലാ ആസ്ഥാനം തല്ലിത്തകർത്ത മുഴുവൻ ക്രിമിനലുകളെയും ഉടൻ പിടികൂടണമെന്നും ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും നാഷണൽ ലീഗ് ജില്ലാ പ്രസിഡന്റ്‌ സിറാജ് തയ്യിൽ ആവശ്യപ്പെട്ടു. മദ്യലഹരിയിൽ അതിക്രമിച്ചുകയറി ഓഫീസ് തകർക്കുകയും കൈയേറ്റം നടത്തുകയും ചെയ്ത ക്രിമിനലുകൾക്ക് രാഷ്ട്രീയ പിന്തുണ നൽകുന്ന മുസ്‌ലിം ലീഗ് നടപടി അപമാനകരമാണ്.

അധികാരത്തിന്റെ പിൻബലത്തിൽ ആരാധനാലയങ്ങൾ പിടിച്ചടക്കാനും സാമുദായിക സംഘടനകളെ വരുതിയിലാക്കാനുമുള്ള ശ്രമങ്ങളാണ് ഇത്തരം ആക്രമണങ്ങൾക്ക് വഴിവെക്കുന്നത്. ഗുണ്ടായിസം അവസാനിപ്പിച്ചില്ലെങ്കിൽ ജനകീയമായി പ്രതിരോധിക്കുമെന്നും നേതാക്കൾ പറഞ്ഞു. ജില്ലാ നേതാക്കളായ കെ.ടി.സമീർ, ഹാഷിം അരിയിൽ, കെ.പി.യൂസുഫ് പാനൂർ, ടി.കെ.മഹമൂദ് തുടങ്ങിയവരും സമസ്ത ജില്ലാ ആസ്ഥാനം സന്ദർശിച്ച് പിന്തുണ പ്രഖ്യാപിച്ചു.

പി. ജയരാജന് സ്ഥലകാലഭ്രമം-അബ്ദുൽ കരീം ചേലേരി

കണ്ണൂർ : മുസ്‌ലിം ലീഗിൽ തീവ്രവാദികൾ കടന്നുകൂടി ബി.ജെ.പി.യായി ലീഗ് മാറി എന്ന പി. ജയരാജന്റെ പ്രസ്താവന സ്ഥലകാലഭ്രമം പിടിപെട്ടതിന്റെ സൂചനയാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി ആരോപിച്ചു. അദ്ദേഹം കഥയറിയാതെ ആട്ടം കാണുകയാണ്. അവസരത്തിലും അനവസരത്തിലും മുസ്‌ലിം ലീഗിനെതിരേ കുതിര കയറുകയാണ് ജയരാജൻ.

എസ്.കെ.എസ്.എസ്.എഫിന്റെ സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിൽ ലീഗിനെ പഴിചാരേണ്ട കാര്യമില്ല. പ്രവർത്തകർ തമ്മിലുണ്ടായ അഭിപ്രായവ്യത്യാസവും സംഘർഷവും ലീഗിന്റെ തലയിൽ വെച്ചുകെട്ടാൻ ജയരാജനും സി.പി.എമ്മും ശ്രമിക്കേണ്ടതില്ലെന്നും അബ്ദുൽ കരീം ചേലേരി പ്രസ്താവനയിൽ പറഞ്ഞു.