ചെന്നടുക്കം : യാത്രാദുരിതമകറ്റാൻ കോടികൾ ചെലവിട്ട് പാലം നിർമിച്ചിട്ടും ഉപയോഗിക്കാൻ കഴിയാതെ വെസ്റ്റ് എളേരി പഞ്ചായത്തിലെ ചെന്നടുക്കം നിവാസികൾ. 400 മീറ്റർ റോഡിന്റെ ശോചനീയാവസ്ഥയാണ് കാരണം.

To advertise here,

വെസ്റ്റ് എളേരി പഞ്ചായത്തിലെ ചെന്നടുക്കം നിവാസികൾക്ക് പഞ്ചായത്താസ്ഥാനമായ ഭീമനടിയിൽ എത്തിച്ചേരാനുള്ള എളുപ്പ മാർഗമാണ് ചെന്നടുക്കം മുള്ളങ്കല്ല് കാലിക്കടവ് റോഡ്. ദൂരം 1.700 കിലോമീറ്റർ. കാലിക്കടവിൽ ചൈത്രവാഹിനി പുഴയ്ക്ക് പാലമില്ലാത്തതിനാൽ ചെന്നടുക്കം മാങ്ങോട് വഴി അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാണ് പഞ്ചായത്താസ്ഥാനമായ ഭീമനടിയിൽ എത്തിച്ചേരുന്നത്. ആറ് കോടി രൂപ ചെലവിട്ട് പാലവും കാലിക്കടവ് മുതൽ മുള്ളങ്കല്ല് വരെയുള്ള 700 മീറ്റർ അനുബന്ധ റോഡും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഉദ്ഘാടനം ചെയ്തിരുന്നു. എന്നാൽ മുള്ളങ്കല്ല് മുതൽ ചെന്നടുക്കം വരെയുള്ള റോഡിലെ 400 മീറ്റർ ഭാഗം പൂർണമായും തകർന്ന് കാൽനടപോലും സാധ്യമല്ല. 15 വർഷം മുമ്പ് ടാറിങ് നടത്തിയതാണ് ഈ ഭാഗം. വീതിയും കുറവാണ്. ഒരു വാഹനവും ഈ വഴി വരാൻ തയ്യാറല്ല. പഴയ രീതിയിൽ ചെന്നടുക്കം മങ്ങോട്ട് വഴിയാണ് ഇപ്പോൾ നാട്ടുകാർ സഞ്ചരിക്കുന്നത്.

പുതിയ പാലം മുള്ളങ്കല്ലിലെ 50-ൽ താഴെ കുടുംബങ്ങൾക്ക് മാത്രമാണ് ഉപകരിക്കുന്നത്. 400 മീറ്റർ റോഡ് ഗതാഗതയോഗ്യമാക്കിയാൽ 300 ഓളം കുടുംബങ്ങൾക്ക് ഉപകാരപ്രദമാകും.

മുള്ളങ്കല്ല് ചെന്നടുക്കം റോഡിന്റെ അറ്റകുറ്റ പണിക്കായി 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും മഴ കഴിഞ്ഞാൽ നിർമാണം ആരംഭിക്കുമെന്നും മൂന്നാം വാർഡ് പഞ്ചായത്തംഗം പി. പ്രകാശൻ അറിയിച്ചു.

മുള്ളങ്കല്ല് ചെന്നടുക്കം റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ സാങ്കേതികാനുമതി ലഭിച്ചിണ്ടെന്ന് വെസ്റ്റ് എളേരി പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ പി. ദുർഗേഷ് അറിയിച്ചു. ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാക്കി നിർമാണം ആരംഭിക്കും.