താലൂക്ക് ആസ്പത്രിയിൽ വേണം ഡോക്ടറും എക്സ്‌റേ യൂണിറ്റും
രാജപുരം : മലയോരത്തെ പ്രധാന ആതുരാലയമായ പൂടംകല്ലിലെ വെള്ളരിക്കുണ്ട് താലൂക്ക് ആസ്പത്രിയിൽ അസ്ഥിരോഗ വിദഗ്ധനുമില്ല. അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിച്ചിരുന്ന എക്സ്‌റേ യൂണിറ്റിന്റെ പ്രവർത്തനവും നിലച്ചു. കാലപ്പഴക്കത്താൽ മെഷീൻ ഉപയോഗശൂന്യമായതോടെയാണ് കഴിഞ്ഞ ജുലായ് മുതൽ എക്സ്‌റെ യൂണിറ്റ് പൂട്ടിയത്. ഇതോടെ ആസ്പത്രിയിൽ നിയമിച്ചിരുന്ന ടെക്നീഷ്യനെയും അസിസ്റ്റന്റിനെയും താത്കാലികമായി ജില്ലാ അസ്പത്രിയിലേക്ക് മാറ്റുകയും ചെയ്തു.
താലൂക്ക് ആസ്പത്രിയിൽ അസ്ഥിരോഗ വിഭാഗത്തിലടക്കം വിദഗ്ധ ഡോക്ടർമാരെ നിയമിക്കണമെന്ന മലയോരത്തിന്റെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നാടിന്റെ പ്രതിഷേധം തണുപ്പിക്കാൻ 36 വർഷം മുൻപാണ് അന്ന് സാമൂഹിക ആരോഗ്യ കേന്ദ്രമായിരുന്ന പൂടംകല്ലിലെ താലൂക്ക് ആസ്പത്രിയിൽ എക്സ്‌റേ യൂണിറ്റ് സ്ഥാപിച്ചത്. എന്നാൽ അതിനായി നിർമിച്ച കെട്ടിടത്തിന് മുകളിൽ കൂടി ത്രീഫേസ് വൈദ്യുത ലൈൻ കടന്ന് പോകുന്നതിന്റെ കാരണം പറഞ്ഞ് പ്രവർത്തനം നീണ്ടു.
ഒടുവിൽ എട്ട് വർഷത്തിന് ശേഷമാണ് വൈദ്യുതലൈൻ മാറ്റി സ്ഥാപിക്കുകയും താത്കാലിക ടെക്‌നീഷ്യനെ നിയമിച്ച് എക്സ്‌റേ യൂണിറ്റിന്റെ പ്രവർത്തനം തുടങ്ങുകയും ചെയ്തത്. പിന്നീട് സ്ഥിരം ടെക്‌നീഷ്യന്റെയും അറ്റൻഡറുടെയും സ്ഥിരം നിയമനവും നടത്തി. എന്നാൽ എല്ല് രോഗ വിദഗ്ധന്റെ സേവനം ആസ്പത്രിയിൽ ഇല്ലാത്തതിനാൽ എക്സ്‌റേ യൂണിറ്റിന്റെ ഉപയോഗം വളരെ കുറവായിരുന്നു.
അത്യാവശ്യഘട്ടങ്ങളിൽ ക്ഷയരോഗ നിർണയത്തിനും ചികിത്സാ സ്ഥിരീകരണത്തിനും രോഗിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായും ആസ്പത്രിയിൽ എക്സ്‌റേ യൂണിറ്റുണ്ടായത് രോഗികൾക്ക് ഏറെ സഹായകമായിരുന്നു. പുതിയ എക്സ്‌റേ മെഷീൻ വാങ്ങുന്നതിനും നിലവിൽ യൂണിറ്റ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ നിന്നും ആസ്പത്രിയുടെ പ്രധാന കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കാനുമായി ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്.
അതിന്റെ നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുകയും മെഷീൻ അടക്കം ആസ്പത്രിയിൽ ഒരുക്കുകയും ചെയ്താൽ മാത്രമാണ് താലൂക്ക് ആസ്പത്രിയിൽ എക്സ്‌റേ യൂണിറ്റ് പ്രവർത്തനം പുനഃസ്ഥാപിക്കാൻ കഴിയുക. അതിനൊപ്പം അസ്ഥിരോഗ വിദഗ്ധന്റെ സേവനം കൂടി ഉറപ്പാക്കാൻ കഴിയണം.
Published: 27 Sept 2026, 04:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented