ദേശീയപാതയിൽ അപകടക്കെണിയായി വാഹന പാർക്കിങ്
പയ്യന്നൂർ : പ്രവൃത്തി പൂർത്തിയാകുന്ന ദേശീയപാത 66-ൽ ലോറികളടക്കമുള്ള വാഹനങ്ങൾ രാത്രി നിർത്തിയിടുന്നത് വൻ അപകടമുണ്ടാക്കുന്നു. മുന്നറിയിപ്പു ബോർഡോ ഇൻഡിക്കേറ്ററോ വെക്കാതെയാണ് സർവീസ് റോഡിലടക്കം ലോറികൾ നിർത്തിയിടുന്നത്. വെള്ളൂർ പാൽത്തേര, കോത്തായിമുക്ക്, എടാട്ട്, കുപ്പം, ചാല ഉൾപ്പെടെ ദേശീയപാത- സർവീസ് റോഡിലേക്കുള്ള വഴികളിലാണ് (എൻട്രി, എക്സിറ്റ്) വണ്ടികൾ പലതും നിർത്തുന്നത്. അടുത്തെത്തിയാൽ മാത്രമേ വാഹനങ്ങളെ കാണൂ.
ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിൽ വാഹനം ഇടിച്ച് കണ്ടോത്ത് സ്വദേശിയായ യുവാവ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പടന്നക്കാട്ട് നിർത്തിയിട്ട ലോറിക്ക് പിറകിൽ ബൈക്കിടിച്ച് കഴിഞ്ഞദിവസം രണ്ടുയുവാക്കൾ മരിച്ചിരുന്നു.
ട്രക്ക് ലേ-ബേ വരുന്നു
ദീർഘദൂര യാത്രചെയ്യുന്ന ട്രക്ക് ഡ്രൈവർമാർക്ക് വിശ്രമിക്കാൻ ദേശീയപാതയ്ക്കരികിൽ ട്രക്ക് ലേ-ബേ നിർമിച്ചുതുടങ്ങി. കാലിക്കടവിലും പരിയാരത്തുമാണ് നിലവിൽ ട്രക്ക് ലേ-ബേ വരുന്നത്. ഇത് വന്നാൽ അനധികൃത പാർക്കിങ് ഒഴിവാകും. പരിയാരത്ത് 20 ട്രക്കുകൾ പാർക്ക് ചെയ്യാനുള്ള ടെർമിനൽ നിർമാണം തുടങ്ങി. കാലിക്കടവിൽ പഴയ ദേശീയപാതയ്ക്കരികെയുള്ള സ്ഥലത്താണ് ലേ-ബേ വരുന്നത്. ഇതിന്റെ രൂപരേഖ തയ്യാറായി. ട്രക്ക് പാർക്കിങ്, ഡ്രൈവർമാരുടെ വിശ്രമമുറി, ശൗചാലയം ഉൾപ്പെടെ ഉണ്ടാകും. കണ്ണൂർ ചാല ഭാഗത്ത് ഇതിനുള്ള സ്ഥലം അന്വേഷിക്കുകയാണ്.
ദേശീയപാതകളിൽ 40-60 കിലോമീറ്റർ ഇടവിട്ട് വഴിയോര സൗകര്യങ്ങൾ (വേ സൈഡ് അമിനിറ്റീസ്-ഡബ്ല്യു.എസ്.എ.) വേണമെന്നാണ് ദേശീയപാതാ അതോറിറ്റിയുടെ നിർദേശം. എന്നാൽ പലയിടത്തും സ്ഥലം കിട്ടാത്തത് തിരിച്ചടിയാണ്. പൊതുമേഖലയിലെ സ്ഥലങ്ങളും പഴയ ദേശീയപാതയിൽ ബാക്കിയായ ചില സ്ഥലങ്ങളുമാണ് ഇപ്പോൾ ട്രക്ക് ലേ-ബേക്ക് പരിഗണിക്കുന്നത്.
അപകട ഇരുട്ട്
വാഹനങ്ങൾക്കായി തുറന്നുകൊടുത്ത ദേശീയപാതയിൽ ഭൂരിഭാഗം സ്ഥലത്തും വെളിച്ചമില്ല. ഉയരവിളക്ക് സ്ഥാപിച്ചിട്ടും കണക്ഷൻ നൽകാത്തതാണ് കാരണം. പഴയ ദേശീയപാതയിലെ വിളക്കുകൾ കെ.എസ്.ഇ.ബി. ദുരേക്ക് മാറ്റിക്കഴിഞ്ഞു. അതിനാൽ പുതിയ പാത പൂർണ ഇരുട്ടിലാണ്.
നിയമലംഘനം തടഞ്ഞേ പറ്റു
കോത്തായിമുക്കിൽ ദീർഘദൂര ലോറികൾ വെക്കുന്നത് പൊതുശല്യമായിക്കഴിഞ്ഞു. ഭക്ഷണാവശിഷ്ടം ഇടുന്നതും മലമൂത്രവിസർജനം ഉൾപ്പെടെ ദേശീയപാതയോരത്താണ് പലരും ചെയ്യുന്നത്. പുതിയങ്കാവ് പരിസരത്ത് അർധരാത്രി മീൻവെള്ളം ഒഴുക്കിവിട്ട രണ്ടുലോറികളെ നാട്ടുകാർ പോലീസിൽ ഏൽപ്പിച്ചിരുന്നു. രണ്ട് ലോറിഡ്രൈവർമാരിൽനിന്ന് 10,000 രൂപ വീതം പിഴ ഈടാക്കി.
Published: 05 Nov 2026, 03:59 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented