വിദ്യാനഗർ : ദേശീയപാതയോട് ചേർന്നുള്ള സർവീസ് റോഡിൽ നടപ്പാതയ്ക്ക് താഴെഭാഗത്തുകൂടി കടന്നുപോകുന്ന ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി മാസങ്ങളായി കുടിവെള്ളം പാഴാകുന്നു. അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി.

To advertise here,

പൈപ്പ് പൊട്ടിയതോടെ പരിസരങ്ങളിലെ നിരവധി വീടുകളിൽ കുടിവെള്ളം കൃത്യമായി ലഭിക്കുന്നില്ലെന്ന് വീട്ടമ്മമാരും പറയുന്നു. വിദ്യാനഗറിൽ സി.പി.എമ്മിന്റെ പഴയ ജില്ലാ കമ്മിറ്റി ഓഫീസിന് സമീപം ബി.കെ.എം. റോഡിനോടുചേർന്നാണ് പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നത്.

പൈപ്പിൽനിന്ന് ഒഴുകുന്ന വെള്ളം സർവിസ് റോഡിന് താഴെഭാഗത്ത് വലിയരീതിയിൽ കെട്ടിനിൽക്കുന്നു. സമീപം സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് പ്രവർത്തിക്കുന്ന ഹോട്ടൽ പരിസരത്ത് ചെളിനിറഞ്ഞുകിടക്കുന്നു. മാസങ്ങളായി കുടിവെള്ളം പാഴാകുന്നതിനൊപ്പം വെള്ളം കെട്ടിനിന്ന് പരിസരം മലിനമാകുന്നതും നാട്ടുകാരിൽ ആശങ്ക ഉയർത്തുന്നു. ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരുണ്ടാകാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പൈപ്പ് അറ്റകുറ്റപ്പണി നടത്തി കുടിവെള്ളം പാഴാകുന്നത് തടയുന്നതിന് നടപടി വേണമെന്നാണ് ആവശ്യം.