placeholder
ഏഴു ഭാഷകൾ കൊണ്ട് അലങ്കൃതമായ കാസർകോടൻ ജീവിതത്തിൽ  എൻഡോസൾഫാൻ എന്ന ഏഴക്ഷരം കോറിയിട്ട മുറിവുണക്കാൻ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ മണ്ഡലത്തിലെ നിറസാന്നിധ്യങ്ങളെല്ലാം ഇവിടെയെത്തി. കരുതലും കരുത്തുമായി സമരത്തിന്റെയും സ്‌നേഹത്തിന്റെയും ഭാഷയിൽ അവർ ദുരിതബാധിതരെ ചേർത്തു പിടിച്ചു. മേധാപട്കറും വന്ദനശിവയും സുനിത നാരായണും പ്രൊഫ.മാധവ് ഗാഡ്ഗിലും എസ്.പി.ഉദയകുമാറും തുടങ്ങി ദയാബായി വരെ നീളുന്ന രാജ്യാന്തര സാമൂഹിക പ്രവർത്തകർ. എം.ടി.യും വിരേന്ദ്രകുമാറും സുകുമാർ അഴീക്കോടും സുഗതകുമാരിയും ബി.ആർ.പി.ഭാസ്‌കറും മധുസൂദനൻ നായരും സാറാ ജോസഫും തുടങ്ങി കേരളത്തിലെ സാംസ്‌കാരിക മണ്ഡലത്തെ നിറ സാന്നിധ്യങ്ങൾ. പ്രൊഫ.എം.എ.റഹ്മാനും ഡോ. അംബികാസുതൻ മാങ്ങാടുമുൾപ്പെടെയുള്ള ഈ നാട്ടിലെ എഴുത്തുകാർ. നെഹ്രുകോളേജിലെ സാഹിത്യ വേദി പ്രവർത്തകരിൽ തുടങ്ങി നാട്ടിൻപുറത്തെ ക്ലബ്ബുകാർ വരെ കൈകോർത്തു നിന്നു. സാഹിത്യവേദി പ്രവർത്തകർ സ്‌നേഹവീട് കെട്ടിക്കൊടുക്കാൻ കല്ലും മണ്ണും ചുമന്നെത്തിയപ്പോൾ, സുരേഷ് ഗോപിയുടെ സാമ്പത്തിക കൈത്താങ്ങ്. വി.എസ്.അച്യുതാനന്ദനും വി.എം.സുധീരനും നിരന്തരം ശബ്ദിച്ചു. എ.കെ.ആന്റണിയും ഉമ്മൻ ചാണ്ടിയും പിണറായി വിജയനും രമേശ് ചെന്നിത്തലയുമെല്ലാം പല കാലങ്ങളിൽ  ദുരിതബാധിരെ കണ്ടും സഹായവും പിന്തുണയും നൽകിയിട്ടുണ്ട്. ഈ ജില്ലയിലെ എം.പി.യും എം.എൽ.എ.മാരും എൻഡോസൾഫാൻ ദുരിതബാധിതർക്കുവേണ്ടി ശബ്ദിച്ചുകൊണ്ടേയിരിക്കുന്നു. അമ്പലത്തറ കുഞ്ഞികൃഷ്ണനും മുനീസ അമ്പലത്തറയും നേതൃത്വം നൽകുന്ന എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി ആദ്യവസാനം ദുരിത ബാധിതർക്കൊപ്പമുണ്ട്. ഏറ്റവുമൊടുവിൽ മാന്ത്രികൻ മുതുകാടുമെത്തി. മടിക്കൈയിൽ ഉയരുന്ന തന്റെ സ്ഥാപനം കാസർകോടൻ വേദനയുടെ സർവസംഹാരിയാകുമെന്ന മുതുകാടിന്റെ വാക്കിനെ കാതിലല്ല, ഹൃദയത്തിലാണ് ഈ നാട് കേട്ടത്.

To advertise here,

വീണ്ടുമിറങ്ങുന്നു പോരാട്ടത്തിന്
കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിൽ കഴിയവെ മകനെ  കൊലപ്പെടുത്തി അതേ ആസ്പത്രി മുറിയിൽ കെട്ടിത്തൂങ്ങിയ ചെറുവത്തൂരിലെ മാതാപിതാക്കൾ. സുള്ള്യയിലെ ആസ്പത്രിയിൽ കിടക്കുന്നതിനിടെ വിഷം കൊണ്ടുവന്ന് കോളയിൽ കലക്കിക്കൊട്ത്ത് മകളുടെ ജീവനെടുത്ത ശേഷം പാതി സ്വയം കുടിച്ച് ജീവനൊടുക്കിയ മാനടുക്കത്തെ അമ്മ, മകളെ കെട്ടിത്തൂക്കിയ ശേഷം തൂങ്ങി മരിച്ച പനത്തടി ചാമുണ്ഡിക്കുന്നിലെ മറ്റൊരമ്മ...തല വളർന്നും ഉടല് ശേഷിച്ചും കിടന്നവർ എൻമകജെയിലെ ഹർഷിതയും കാസർകോട്ടെ ബാദുഷയുമെല്ലാം ഈ ദുരിതത്തിന്റെ നേർക്കാഴ്ചയവർ. പാരമ്പര്യമെന്ന പോലെയായി കാര്യങ്ങൾ. രണ്ടു വർഷം മുൻപ് ജനിച്ച പുല്ലൂർ-പെരിയ പഞ്ചായത്തിൽ തലവളർന്ന് ഉടല് ശോഷിച്ച കുട്ടി ജനിച്ചു. എൻഡോസൾഫാൻ ദുരിത ബാധിതരെ സഹായിക്കുമെന്ന് പറഞ്ഞ പിണറായി വിജയൻ ഭരിക്കുമ്പോൾ ആശ്വാസ ധനവും ചികിത്സയും മരുന്നും മുടങ്ങിയത് കഷ്ടമായിപ്പോയെന്ന് പീഡിത ജനകീയമുന്നണി നേതാക്കൾ പറയുന്നു. മെഡിക്കൽ ക്യാമ്പ് വരുമെന്ന് എൻഡോസൾഫാൻ സെൽ അധികൃതർ പറയുന്നു. എപ്പോൾ വരുമെന്ന ചോദ്യത്തിനുമുന്നിൽ കൃത്യമായ ഉത്തരം പറയാൻ ആർക്കുമാകുന്നില്ല. പുനരധിവാസ പദ്ധതികൾ പലതും താളം തെറ്റി. സത്യസായി ഓർഫനേജ് ട്രസ്റ്റ് ഇരിയ കാട്ടുമാടത്ത് എടുത്തുകൊടുത്ത വീടുകൾ ആശ്വാസമാണ്. ട്രസ്റ്റ് എൻമകജെ കാനയിലെടുത്ത 36 വീടുകൾ കൈമാറാനുണ്ട്. ബോവിക്കാനത്തെ മാതൃകാ ഗ്രാമം പതി വഴിയിലാണ്. ബഡ്‌സ് സ്‌കൂളുകളിൽ ആവശ്യത്തിന് ജീവനക്കാരില്ല.മെഡിക്കൽ കോളേജും മെച്ചപ്പെട്ട ചികിത്സയുമെന്നത് സ്വപ്‌നം മാത്രമാകുന്നു.