കാഞ്ഞങ്ങാട്: തലയിൽ തൊപ്പി, ഇരുകൈകളിലും കറുത്ത കൈയുറ, മുഖത്ത് നീലനിറത്തിലുള്ള മാസ്ക്‌, ചുരിദാറിനു മുകളിൽ ഓവർകോട്ടും പുറത്തായി റിഫ്ളക്ടർ കോട്ടും... ഇങ്ങനെ കണ്ടാൽ ആളെ പെട്ടെന്ന് തിരിച്ചറിയില്ല. അഞ്ചുവർഷം അജാനൂർ പഞ്ചായത്തിന്റെ ഭരണസാരഥ്യം വഹിച്ച ടി.ശോഭയാണ് (49) കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെ ഈ സ്വച്ഛ്ഭാരത് പ്രവർത്തക.

To advertise here,

രണ്ടാഴ്ച മുൻപാണ് ജോലിയിൽ പ്രവേശിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം ഒഴിഞ്ഞശേഷം സ്വന്തമായി എന്തെങ്കിലും സംരംഭം തുടങ്ങണമെന്നാണ് ആശിച്ചത്. ആവശ്യമായ മുടുക്കുമുതൽ കൈവശമില്ലാത്തത് വിലങ്ങുതടിയായി. അപ്പോഴാണ് സുഹൃത്ത് മുഖേന റെയിൽവേ സ്റ്റേഷനിൽ ഒരു ജോലി ഒഴിവുണ്ടെന്നറിഞ്ഞത്. തൂപ്പുകാരിയുടെ ജോലിയാണെന്നുപറഞ്ഞപ്പോൾ വീട്ടുകാർക്ക് ചെറിയ ഇഷ്ടക്കേടുണ്ടായി.

ഏതു ജോലിക്കും അതിന്റേതായ മഹത്ത്വമുണ്ടെന്ന്‌ വിശ്വസിക്കുന്ന ശോഭയ്ക്ക് ജോലിയിൽ ചേരാൻ ഒരു വൈമനസ്യവുമുണ്ടായില്ല. സുഹൃത്തിനൊപ്പം അടുത്തദിവസംതന്നെ ജോലിക്ക്‌ ചേർന്നു. ഗാന്ധിജി മുന്നോട്ടുവെക്കുകയും പിന്നീട് രാഷ്ട്രം ഏറ്റെടുക്കുകയും ചെയ്ത ശുചിത്വസന്ദേശത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷവും ശോഭ മറച്ചുവെക്കുന്നില്ല.

ആറുവർഷം മുൻപ്‌ കന്നിമത്സരത്തിൽ പഞ്ചായത്തിലേക്ക്‌ ജയിച്ചുകയറിയ ശോഭയ്ക്ക്‌ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കേണ്ടിവന്നു. വേലാശ്വരം ഗ്രാമത്തിൽനിന്ന്‌ തുടങ്ങിയ ജീവിതയാത്രയിൽ ആദ്യം തയ്യൽക്കാരിയായും പിന്നീട് തൊഴിലുറപ്പ് മേറ്റായും കുടുംബശ്രീ എ.ഡി.എസായും പ്രവർത്തിച്ചു. സി.ഡി.എസ്. ചെയർപേഴ്‌സൺ സ്ഥാനത്തിരിക്കുമ്പോഴാണ് സ്ഥാനാർഥിയായത്. റെയിൽവേ സ്റ്റേഷനിൽ സഹപ്രവർത്തകരായ 13 പേർക്കൊപ്പമാണ് ജോലി. ഭർത്താവ് ടി.ദാമോദരൻ കൂലിത്തൊഴിലാളിയും പാചകത്തൊഴിലാളിയുമാണ്. ആദർശ്, ശരത്ത്, ആതിര എന്നിവരാണ് മക്കൾ. ആൺമക്കൾ രണ്ടുപേരും സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്നു. എൻജിനിയറിങ് ബിരുദധാരിയായ മകൾ സർക്കാർ സർവീസിൽ താത്കാലിക ജോലിക്കാരിയാണ്.