
കുറ്റിപ്പുറം: കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമിലൂടെ സ്‌കൂട്ടറോടിച്ചയാളെ ഷൊർണൂർ റെയിൽവേ സുരക്ഷാസേന അറസ്റ്റുചെയ്തു. നെടുങ്ങോട്ടൂർ പുല്ലാനിക്കാട് വീട്ടിൽ കുഞ്ഞുമൊയ്തീനെ (68) ആണ് ബുധനാഴ്ച ആർ.പി.എഫ്. എസ്.ഐ. ഷാജി തോമസ് അറസ്റ്റുചെയ്തത്.
ചൊവ്വാഴ്ച വൈകീട്ട് 3.30-ന് രണ്ടാംനമ്പർ പ്‌ളാറ്റ്‌ഫോമിലാണ് കുഞ്ഞുമൊയ്തീൻ സ്‌കൂട്ടർ ഓടിച്ചത്. രണ്ടാം നമ്പർ പ്‌ളാറ്റ് ഫോമിലെ വാഹനപാർക്കിങ് സ്ഥലത്തുകൂടിയാണ് പ്‌ളാറ്റ് ഫോമിലേക്ക് സ്‌കൂട്ടർ കയറ്റിയത്. തുടർന്ന് പ്‌ളാറ്റ്‌ഫോമിലൂടെ പടിഞ്ഞാറ് ഭാഗത്തേക്ക് ഓടിച്ചു. പ്‌ളാറ്റ് ഫോം അവസാനിക്കുന്നിടത്തെത്തുമ്പോഴേക്കും യാത്രക്കാർ ചോദ്യംചെയ്തതോടെ സ്‌കൂട്ടറുമായി പ്‌ളാറ്റ് ഫോമിലൂടെത്തന്നെ കുഞ്ഞുമൊയ്തീൻ തിരികെപ്പോയി.
ഈ ദൃശ്യങ്ങൾ യാത്രക്കാരിൽ ചിലർ പകർത്തി സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ചതോടെയാണ് ആർ.പി.എഫ്. രംഗത്തിറങ്ങിയത്. റെയിൽവേസ്റ്റേഷനിലെ സി.സി.ടി.വി. ക്യാമറകളിൽനിന്നുള്ള ദൃശ്യങ്ങളിൽ സ്‌കൂട്ടറിന്റെ നമ്പർ ലഭ്യമായതോടെ ഉടമയെ തിരിച്ചറിയുകയായിരുന്നു.
ബുധനാഴ്ച കുഞ്ഞുമൊയ്തീനെ ഷൊർണൂർ ആർ.പി.എഫ്. ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തപ്പോൾ താൻ റെയിൽവേസ്റ്റേഷന് സമീപത്തുള്ള സബ് രജിസ്റ്റാർ ഓഫീസിലേക്ക് വരുകയായിരുന്നെന്ന മറുപടിയാണ് കുഞ്ഞുമൊയ്തീൻ നൽകിയത്.
അനധികൃതമായി റെയിൽവേസ്റ്റേഷനിലേക്ക് പ്രവേശിച്ചതുൾപ്പടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഒരു വർഷംവരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണ് പ്ലാറ്റ്‌ഫോമിലൂടെ വാഹനമോടിക്കുന്നത്. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കുള്ള മുന്നറിയിപ്പ് കൂടിയാണിതെന്ന് റെയിൽവേ സുരക്ഷാസേന അധികൃതർ അറിയിച്ചു. കുഞ്ഞുമൊയ്തീന് ജാമ്യംനൽകി വിട്ടയച്ചെങ്കിലും വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Content Highlights: 68-year-old man arrested for driving a scooter on Kuttippuram railway platform., Incident captured on CCTV and viral social media videos., RPF identified the accused through vehicle registration number., Charges filed for unauthorized entry and endangering railway passengers., Vehicle impounded by Shornur RPF.
Published: 30 Jul 2026, 12:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented