പയ്യന്നൂർ: റെയിൽവേ സ്റ്റേഷനുകൾ ഇപ്പോൾ പാട്ടിന്റെ ലഹരിയിലാണ്. ചെറുതും വലുതുമായ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും സ്വാതന്ത്ര്യദിനംവരെ ഹിന്ദി ദേശഭക്തിഗാനം കേൾക്കാം. റെയിൽവേ മന്ത്രാലയം അയച്ചുകൊടുത്ത 19 ദേശഭക്തിഗാനങ്ങളുടെ പട്ടികയിൽനിന്നാണ് ഗാനങ്ങൾ പ്രക്ഷേപണം ചെയ്യുന്നത്. അതത് സ്റ്റേഷനുകളിലെ ഇൻഫർമേഷൻ സെന്റർ വഴി തീവണ്ടിവിവരങ്ങളുമായി ബന്ധപ്പെട്ട അറിയിപ്പുകൾക്കുശേഷമുള്ള ഇടവേളകളിലാണ് ദേശഭക്തിഗാനങ്ങൾ പ്രക്ഷേപണം ചെയ്യേണ്ടത്.

To advertise here,

’ഭാരത് ഹംകോ ജാൻ സേ പ്യാരാ ഹേ...’ റോജ എന്ന സിനിമയിലെ എ.ആർ. റഹ്‌മാൻ സംഗീതം നൽകി ഹരിഹരൻ പാടിയ ഈ ഗാനം റെയിൽവേ സ്റ്റേഷനുകളിൽ അലയടിക്കുന്നുണ്ട്. മണിരത്നം സംവിധാനം ചെയ്ത തമിഴ് സിനിമ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്ത പാട്ടാണ് ഇത്. ലതാ മങ്കേഷ്‌കർ പാടിയ ദേശഭക്തിഗാനവും കേൾക്കാം.

’സാരേ ജഹാം സേ അച്ഛാ’ തുടങ്ങി മൂന്നെണ്ണം ദേശഭക്തിഗാനങ്ങളാണ്. ബാക്കിയുള്ളവ വിവിധ സിനിമകളിലുള്ള ദേശഭക്തിഗാനങ്ങളാണ്. ’സുഗന്ധ് മുഛേ ഈസ് മിട്ടീ കീ...’ 2019-ൽ പുറത്തിറങ്ങിയ ’പി.എം. നരേന്ദ്ര മോദി’ എന്ന ഹിന്ദി സിനിമയിലെ ഗാനവും പട്ടികയിലുണ്ട്. ഒമുങ് കുമാർ സംവിധാനം ചെയ്ത ഈ സിനിമ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവചരിത്രം ഉൾക്കൊള്ളുന്നതാണ്‌.