പേരാവൂർ : വായന്നൂർ സ്വദേശിയായ എഴുപതുകാരൻ കൂവയിൽ പദ്മനാഭൻ ഒന്നിടവിട്ട ദിവസങ്ങളിൽ ഉറക്കമുണരുക പുലർച്ചെ രണ്ടിനും മൂന്നിനും മധ്യേ. നാട് സുഖസുഷുപ്തിയിലായിരിക്കുമ്പോൾ ഇദ്ദേഹം തന്റെ സ്കൂട്ടറിൽ യാത്ര തിരിക്കും. രണ്ട് കിലോമീറ്ററുകൾക്കപ്പുറമുള്ള കോളയാട് ടൗണാണ് ലക്ഷ്യം.
ടൗണിലെത്തിയാൽപിന്നെ പ്രവൃത്തി തുടങ്ങുകയായി. ആദ്യം ടൗണിലെ ബസ് കാത്തിരിപ്പുകേന്ദ്രം പൂർണമായും ഒറ്റക്ക് കഴുകി വൃത്തിയാക്കും. തുടർന്ന് ടൗണിൽ പാർക്ക് ചെയ്ത കെ.എസ്.ആർ.ടി.സി. ബസിനും ലഭിക്കും സേവനം. അരകിലോമീറ്റർ ദൂരെ നിന്നും ബക്കറ്റിൽ വെള്ളം ശേഖരിച്ച് സ്കൂട്ടറിൽ കൊണ്ടുവന്നാണ് ബസിനെ ‘കുളിപ്പിക്കുന്നതും’ ബസ് കാത്തിരിപ്പുകേന്ദ്രം വൃത്തിയാക്കുന്നതും. പ്രതിഫലം ഒന്നും കൈപ്പറ്റാതെയും അനുമോദനങ്ങളൊന്നും പ്രതീക്ഷിക്കാതെയുമാണ് പ്രവൃത്തി.
വേറിട്ട പ്രഭാത ദിനചര്യ
ഒരു വർഷത്തോളമായി ഈ പ്രഭാത ദിനചര്യ തുടങ്ങിയിട്ട്. ഒന്നിടവിട്ട ദിവസങ്ങളിലാണ് സേവനം. ഒന്നര മണിക്കൂർ കൊണ്ട് സേവനം തീർത്ത് തിരികെ വീട്ടിലേക്ക് തിരിക്കും. വിശേഷദിവസങ്ങളിൽ ബസിൽ ചാർത്താൻ പൂമാലയും സൗജന്യമായി നൽകും.
“ വ്യക്തിശുചിത്വത്തോടൊപ്പം പരിസര ശുചിത്വവും വേണമെന്ന നിർബന്ധമുണ്ട്. ബസ് കാത്തിരിപ്പുകേന്ദ്രം ദിവസം ഉപയോഗിക്കുന്നത് നൂറുകണക്കിന് പേരാണ്. സ്വസ്ഥമായി ജോലി ചെയ്യാം എന്നതിനാലാണ് പുലർച്ചെതന്നെ പണിക്കിറങ്ങുന്നത്..” പത്മനാഭൻ പറയുന്നു.
തന്റെ വീട്ടുകിണർ ഈയിടെ ഇദ്ദേഹം ശുചീകരിച്ചത് തനിച്ചാണ്. വായന്നൂർ ഇ.എം.എസ് വായനശാലക്ക് സമീപമാണ് താമസം. നാട്ടുകാർ ‘പപ്പേട്ടൻ’ എന്ന് വിളിക്കുന്ന ഇദ്ദേഹം നേരത്തെ ബസ് മാനേജരായി ജോലി ചെയ്തിട്ടുണ്ട്. വിനോദിനിയാണ് ഭാര്യ. ജിതിൻ, വിപിൻ, പരേതനായ ദിപിൻ എന്നിവർ മക്കൾ.
Content Highlights: story of Vayannur native Padmanabhan
Published: 13 Mar 2024, 05:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented