മട്ടന്നൂർ: കീഴല്ലൂർ പാലയോട്ടെ പഞ്ചഗുസ്തി താരം എം.എം ഷിജുവിന് സാമൂഹികനീതി വകുപ്പിന്റെ സംസ്ഥാന അവാർഡ്. വിവിധ മേഖലകളിൽ നൈപുണി തെളിയിച്ച ഭിന്നശേഷിക്കാർക്കുള്ള അവാർഡാണ് ലഭിച്ചത്. കായിക മേഖലയിലെ അവാർഡിനാണ്​ ഷിജുവിനെ തിരഞ്ഞെടുത്തിട്ടുള്ളത്​. 25,000 രൂപയും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ്​ അവാർഡ്​.

To advertise here,

ഇടത് കൈയ്ക്ക് സ്വാധീനമില്ലാത്ത ഷിജു വലതുകൈയുടെ കരുത്തിലാണ് പഞ്ചഗുസ്തിയിൽ വേദികൾ കീഴടക്കിയത്. തുടർച്ചയായി ഏഴുതവണ സംസ്ഥാന ചാമ്പ്യനായി. 2023-ൽ കസാഖ്‌സ്താനിൽ നടന്ന 39 രാജ്യങ്ങളിലെ താരങ്ങൾ അണിനിരന്ന ലോക പഞ്ചഗുസ്തി മത്സരത്തിൽ നാലാം സ്ഥാനം നേടിയതിലൂടെ ശ്രദ്ധേയനായി. ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ ഏഴുതവണ മത്സരിച്ചപ്പോൾ ആറ് പ്രാവശ്യം മെഡലുമായാണ് തിരികെ വന്നത്. ലോക പഞ്ചഗുസ്തി മത്സരത്തിൽ അഞ്ചുതവണ അർഹത നേടിയിട്ടും സാമ്പത്തിക ബുദ്ധിമുട്ട് കാരണം പങ്കെടുക്കാനായില്ല.

ഈ വർഷം ഗുജറാത്തിൽ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ കേരളത്തിനുവേണ്ടി സ്വർണമെഡൽ നേടി. 80 കിലോഗ്രാം വിഭാഗത്തിലാണ് സ്വർണമെഡൽ നേടിയത്.

ഒക്ടോബറിൽ ഡൽഹിയിൽ നടന്ന ലോക പഞ്ചഗുസ്തി മത്സരത്തിൽ നാലാം സ്ഥാനം നേടി.

വടംവലിയിൽ ജില്ലയിലെ ശ്രദ്ധിക്കപ്പെട്ട താരവും പരിശീലകനും കൂടിയാണ് ഷിജു. പാലയോട്ടെ കുഞ്ഞിരാമൻ-ജാനകി ദമ്പതിമാരുടെ മകനാണ്​.