പയ്യന്നൂർ: ദേശീയപാത 66-ൽ പ്രവൃത്തി പൂർത്തിയായ ഭാഗങ്ങളിൽ വൈദ്യുതിവിളക്ക് പ്രകാശിക്കും. ഇതിനായി കെ.എസ്.ഇ.ബി. കണക്ഷൻ നൽകിത്തുടങ്ങി. കണക്ഷൻ ലഭിച്ച പാലക്കുന്ന്, കരിവെള്ളൂർ ഭാഗത്ത് വിളക്കുകൾ താത്കാലീകമായി കത്തിച്ചു. ദേശീയപാത അതോറിറ്റി നൽകുന്ന പൂർത്തീകരണ സർട്ടിഫിക്കറ്റ് (പി.സി.ഒ.ഡി.-പ്രൊവിഷണൽ കൊമേഴ്സ്യൽ ഓപ്പറേഷൻ ഡേറ്റ്) ലഭിച്ചതിന് ശേഷം സ്ഥിരമായി പ്രകാശിക്കും.

To advertise here,

നീലേശ്വരം-തളിപ്പറമ്പ് സെക്ഷനിലെ 40 കിലോമീറ്ററിൽ 1129 ലൈറ്റുകളാണ് ഉള്ളത്. എടാട്ടുമുതൽ പരിയാരം ആയുർവേദ കോളേജ് അടിപ്പാതവരെയുള്ള ദേശീയപാതയിൽ ഡിസംബർ 10 നുള്ളിൽ കമ്മിഷൻ ചെയ്യും. പരീക്ഷണാടിസ്ഥാനത്തിൽ വെളിച്ചം നൽകും. കുഞ്ഞിമംഗലം കെ.എസ്.ഇ.ബി. സെക്ഷന്റെ കീഴിലാണ് ഇത് വരുന്നത്. നീലേശ്വരം-തളിപ്പറമ്പ് റീച്ചിൽ പ്രവൃത്തി 90 ശതമാനത്തിലെത്തി. പൂർത്തിയായ ഭാഗം ഡിസംബറിൽ തുറക്കാനാണ് ശ്രമം.

പയ്യന്നൂർ പെരുമ്പ ബൈപ്പാസ് അടുത്തവർഷം മാത്രമേ തുറക്കാനാകു. നിലവിൽ ദേശീയപാതയിൽ കൂരിരുട്ടാണ്. പെരുമ്പ, വെള്ളൂർ ഭാഗങ്ങളിൽ ഉൾപ്പെടെ വെളിച്ചസംവിധാനം ഇല്ല. പഴയ ദേശീയപാതയിലെ വിളക്കുകൾ എല്ലാം ദ​ൂരേക്ക് മാറ്റിക്കഴിഞ്ഞതിനാൽ പുതിയ പാത പൂർണ ഇരുട്ടിലാണ്. ഭാരവാഹനങ്ങൾ പാർക്ക് ചെയ്യുന്നത് അടുത്തെത്തിയാൽ മാത്രമേ കാണു. വാഹനത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം വലിയ പ്രശ്നമാണ്. പല സ്ഥലത്തും രാത്രി അപകടങ്ങൾ നടന്നു.

പ്രകാശം പരക്കും

ദേശീയപാത -66 ൽ ഓരോ 35-40 മീറ്റർ ഇടവിട്ടുള്ള തൂണുകളിൽ എൽ.ഇ.ഡി. ബൾബുകൾ പ്രകാശിക്കും. റോഡിൽനിന്ന് 10 മീറ്ററാണ് ഉയരം. ഒരു തൂണിൽ രണ‌്‌േ ബൾബുകൾ ഉണ്ട്. മുകളിലേത് ആറുവരിപ്പാതയിലും അടിയിൽ സർവീസ് റോഡിലും പ്രകാശിക്കും. 180-250 വാട്ട്സ് ബൾബുകളാണ് ഉപയോഗിക്കുക. വൈകീട്ട് ആറു മുതൽ രാവിലെ ആറുവരെ പ്രകാശിക്കാൻ ടൈമർ സംവിധാനം ഉൾപ്പെടെ ഉണ്ട്. ദേശീയപാത അതോറിറ്റിയുടെ പേരിലാണ് കണക്ഷൻ. കെ.എസ്.ഇ.ബി.യാണ് എനർജി മീറ്റർ ഉപയോഗിച്ച്‌ വൈദ്യുതി നൽകുന്നത്. 15 വർഷത്തേക്ക് നിർമാണ ഏജൻസി തുക അടയ്ക്കും.