മാലൂർ: മാലൂർപ്പടി അഷ്ടമി ഉത്സവത്തിന് സമാപനം കുറിച്ചുള്ള ഇളനീർ ഘോഷയാത്ര തിങ്കളാഴ്ച നടക്കും. രാവിലെ വേലക്കുശേഷം ഉച്ചക്ക് 12 ഓടെ നാനാഭാഗത്തുനിന്ന് ഓംകാരവിളികളോടെ ക്ഷേത്രസന്നിധാനത്ത് ഭക്തർ ഇളനീർക്കാവുകൾ എത്തിക്കും. തുടർന്ന്, ക്ഷേത്രോത്സവ ചടങ്ങുകൾ ഒന്നൊന്നായി നടക്കും. അച്ഛന്മാർ പാലക്കുളത്തിൽ കുളിച്ച് എഴുന്നള്ളും.

To advertise here,

ഓലക്കുട നടവരമ്പിൽ നിവർത്തിയശേഷം ചെണ്ടവാദ്യമേളങ്ങളോടെ അടിയന്തിരക്കാരും സ്ഥാനികരും ഇളനീർ ഘോഷയാത്രയോടെ തൊടീക്കളം ശിവക്ഷേത്രത്തിലേക്ക് പുറപ്പെടും. ഇളനീർക്കാവിനുവേണ്ടി ഭക്തർ നടത്തുന്ന മൽപ്പിടിത്തം കാണാൻ ആയിരങ്ങളാണ് മാലൂർപ്പടി വയലിൽ എത്താറുള്ളത്. ഞായറാഴ്ച സന്ധ്യക്ക് വേങ്ങക്കണ്ടി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽനിന്ന് എണ്ണ സമർപ്പണമുണ്ടായി. തിങ്കളാഴ്ച ഉച്ചക്ക് ക്ഷേത്രത്തിലെത്തുന്നവർക്ക് അന്നദാനവും നടക്കും.

അഷ്ടമി ഉത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്കാരികോത്സവം വി.കെ. സനോജ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മാലൂർ പഞ്ചായത്ത് പ്രസിഡന്റ് കരിപ്പായി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ എൻ. സഹജൻ, ചമ്പാടൻ ജനാർദനൻ, എ. വിനോദ് കുമാർ, പാറ വിജയൻ, രാജേഷ് തോലമ്പ്ര, മുണ്ടാണി പുരുഷോത്തമൻ, ഷാജി മാലൂർ എന്നിവർ സംസാരിച്ചു.

വർഷങ്ങളായി അഷ്ടമി ഉത്സവത്തിൽ അച്ഛനായ പുത്തൻ വീട്ടിൽ ഗോവിന്ദൻ നമ്പ്യാരെ ചടങ്ങിൽ ആദരിച്ചു. ചൊവ്വാഴ്ച രാവിലെ മാലൂർപ്പടി ക്ഷേത്രത്തിൽനിന്ന്‌ തൊടീക്കളം ശിവക്ഷേത്രത്തിലേക്ക് നെയ്യ് എഴുന്നള്ളത്ത് നടക്കും.

മാലൂർപ്പടിയെക്കുറിച്ച് ഷാജി മാലൂർ ഗാനരചനയും ആചാര്യ മോഹൻകുമാർ ആലപിച്ച എന്റെ പൊന്നു പെരുമാൾ ആൽബം പഞ്ചായത്ത് പ്രസിഡന്റ് കരിപ്പായി സുരേഷ് ബാബു പ്രകാശനം ചെയ്തു.