ഇരിട്ടി; വെട്ടിപ്പിന്റെയും കെടുകാര്യസ്ഥതയുടേയും അധികാര ദുർവിനിയോഗത്തിന്റെയും വാർത്തകൾ ഏറെ കണ്ട സഹകരണ മേഖലയിൽ നിന്നും പ്രതീക്ഷയുടെ പുതിയ വാതിൽ തുറന്നിടുകയാണ് കിളിയന്തറ സർവ്വീസ് സഹകരണ ബാങ്ക്. നിക്ഷേപകരുടെ വിശ്വാസത്തിനൊപ്പം ഇടപാടുകാരുടെ പ്രതീക്ഷയും നിലനിർത്തി വൈവിധ്യ വത്ക്കരണത്തിലൂടെ വലിയ മുന്നേറ്റത്തിലേക്ക് നീങ്ങുകയാണ് ബാങ്കിന്റെ റബർ പാൽ സംഭരണഗ്രേഡ് ഷീറ്റ് നിർമ്മാണ യൂണിറ്റ്.

To advertise here,

വള്ളിത്തോട് നിരങ്ങംചിറ്റയിൽ രണ്ടുവർഷം മുൻപ് ആരംഭിച്ച സംരംഭം റബ്ബർ കർഷകർക്ക് പ്രതീക്ഷയും ബാങ്കിന് മികച്ച വരുമാനമാർഗമായി മാറുകയാണ്. മലബാറിൽ സഹകരണ മേഖലയിൽ ആരംഭിച്ച ആദ്യ റബ്ബർ പാൽ സംഭരണ സംരംഭം കൂടിയാണിത്. ബാങ്കിന്റെ നോൺ ബാങ്കിംഗ് സ്ഥാപനമായാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.

കേരള ബാങ്കിന്റെയും നബാർഡിന്റെയും പദ്ധതിയുടെ ഭാഗമായി ഒരു ശതമാനം പലിശയ്ക്ക് ലഭിക്കുന്ന വായ്പ പ്രയോജനപ്പെടുത്തി കാർഷിക അനുബന്ധ ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംരംഭം ആരംഭിച്ചത്. 50 സെന്റ് സ്ഥലം സ്വന്തമായി വാങ്ങി 2024-ൽ യൂണിറ്റിന് തുടക്കമിട്ടു. നിലവിൽ 75 റബ്ബർ കർഷകരിൽനിന്ന് പാൽ സംഭരിച്ച് ഗ്രേഡ് ഫോർ ഷീറ്റിന്റെ വില നൽകുന്നു. ഇതിനുപുറമെ ലാഭത്തിന്റെ വിഹിതമായി ബോണസും കർഷകർക്ക് ലഭ്യമാക്കുന്നു. കർഷകരുടെ തോട്ടങ്ങളിൽ നേരിട്ടെത്തിയാണ് റബ്ബർ പാൽ ശേഖരിക്കുന്നത്.

പ്രതിദിനം 2000 ലിറ്റർ റബ്ബർ പാൽ സംസ്‌കരിക്കാനുള്ള ശേഷിയുള്ള യൂണിറ്റാണിത്. റബ്ബർ ടാപ്പിങ് സീസൺ ആരംഭിച്ചതോടെ യൂണിറ്റ് പൂർണതോതിൽ പ്രവർത്തനസജ്ജമായി. കൂടുതൽ കർഷകർ ഇപ്പോൾ യൂണിറ്റുമായി സഹകരിക്കാൻ മുന്നോട്ടുവരുന്നുണ്ട്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും യൂണിറ്റിനെ ലാഭത്തിലേക്ക് നയിച്ചതും വലിയ പ്രതീക്ഷ നൽകുന്നു.

കർഷകരുടെ ഉൽപ്പന്നം നേരിട്ട് സംഭരിച്ച് അർഹമായ വില ഉറപ്പാക്കുന്നതിനൊപ്പം സംരംഭത്തെ ലാഭകരമായി മുന്നോട്ടുകൊണ്ടുപോകാനും കഴിയുന്നത് കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. കർഷകർക്കും സഹകരണ മേഖലയ്ക്കും ഒരുപോലെ നേട്ടമാകുകയാണ് കിളിയന്തറ ബാങ്കിന്റെ ഈ സംരംഭം.

ബാങ്ക് സെക്രട്ടറി എൻ. അശോകന്റെയും , പ്രസിഡന്റ് വി.കെ ജോസഫ്, വൈസ് പ്രസിഡന്റ് സി.ജെ, ഉലഹനാൻ, റബ്ബർ യൂണിറ്റ് മാനേജർ കെ. സദാനന്ദൻ എന്നിവരാണ് പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. കൂടാതെ, ബാങ്കിന് കീഴിൽ സഹകരണ നീതി ബിൽഡിംഗ് മെറ്റീരിയൽ സ്ഥാപനവും രണ്ട് നീതി മെഡിക്കൽ സ്റ്റോറും പ്രവർത്തിക്കുന്നുണ്ട്.