പത്തനാപുരം: കാത്തിരിപ്പിനൊടുവിൽ പട്ടാഴി തെക്കേത്തേരി കുടുംബാരോഗ്യ ഉപകേന്ദ്രം തുറന്നു. എട്ടുമാസംമുൻപ് പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായിട്ടും വാടകക്കെട്ടിടത്തിലെ കുടുസ്സുമുറിയിൽ ഉപകേന്ദ്രം പ്രവർത്തിക്കുന്നത് വ്യാപക ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. ഒട്ടേറെപ്പേർ ആശ്രയിക്കുന്ന കേന്ദ്രത്തിന്റെ ദുരവസ്ഥ ‘മാതൃഭൂമി’ വാർത്തയാക്കിയിരുന്നു.

To advertise here,

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എം.എൽ.എ. ഫണ്ടിൽനിന്ന് 17 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം പണിതത്. ആരോഗ്യ ഉപകേന്ദ്രം പ്രവർത്തിച്ചിരുന്ന പഞ്ചായത്ത് സ്‌ഥലത്തെ കാലപ്പഴക്കംചെന്ന കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയത് നിർമിച്ചത്. ഉടൻ പ്രവർത്തനം തുടങ്ങുമെന്ന ധാരണയിൽ സെന്റർ വാടകക്കെട്ടിടത്തിലേക്കും മാറ്റി. സ്വന്തം കെട്ടിടമുണ്ടായിട്ടും മാസങ്ങളായി പഞ്ചായത്ത് വാടക കൊടുത്താണ് സെന്റർ പ്രവർത്തിച്ചിരുന്നത്.

ഇവിടെ നിന്നുതിരിയാൻപോലും ഇടമില്ലാത്തതിനാൽ ബുദ്ധിമുട്ട് ഏറെയായിരുന്നു. കുട്ടികൾക്ക് കുത്തിവെപ്പെടുക്കേണ്ട ദിവസം തിരക്കേറുന്നതിനാൽ സമീപത്തെ കരയോഗക്കെട്ടിടത്തിലായിരുന്നു പ്രവർത്തനം. സെന്റർ തുടങ്ങാൻ വൈകിയതോടെ മാലിന്യംനിറഞ്ഞ പുതിയ കെട്ടിടപരിസരവും കിണറും വൃത്തിയാക്കി, ചുറ്റുമതിൽ പുനർനിർമിച്ചാണ് ഉദ്ഘാടനസജ്ജമാക്കിയത്. വർഷങ്ങളായുള്ള വാട്ടർ കണക്‌ഷൻ തുക അടയ്ക്കാത്തതിനാൽ ജല അതോറിറ്റി കണക്‌ഷൻ വിച്ഛേദിച്ചത് പുനഃസ്ഥാപിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് എസ്. ശുഭാകുമാരി മന്ദിരോദ്ഘാടനവും പ്രവർത്തനോദ്ഘാടനവും നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബാബു ഫിലിപ്പോസ് അധ്യക്ഷത വഹിച്ചു. വാർഡ് പ്രതിനിധി സതീഷ്, പോലീസ് ഇൻസ്പെക്ടർ ഗംഗാപ്രസാദ്, മെഡിക്കൽ ഓഫീസർ ഡോ. റാണി ചന്ദ്ര തുടങ്ങിയവർ പ്രസംഗിച്ചു.