ഇരിട്ടി: കരിക്കോട്ടക്കരി -ആനപ്പന്തി റോഡിൽ മലയോര ഹൈവേയ്ക്ക് അഭിമുഖമായി ജനവാസമേഖലയിൽ നടക്കുന്ന കരിങ്കൽ ഖനനത്തിനെതിരെ നാട്ടുകാർ രംഗത്ത്. അങ്കണവാടിയോടു ചേർന്നുള്ള സ്ഥലത്തെ ഖനനം പരിസരവാസികൾക്കും കുട്ടികൾക്കും പരിസ്ഥിതിക്കും ഭീഷണിയാകുന്നുവെന്ന് ചൂണ്ടിക്കാട്ടി അഞ്ചു വീട്ടുകാരും അങ്കണവാടി അധികൃതരും പരാതി നൽകി. പരാതിയെത്തുടർന്ന് ഖനനം നിർത്തിവയ്ക്കാൻ സ്റ്റോപ്പ് മെമ്മോ നൽകിയതായി അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ അറിയിച്ചു.
ഖനനം മൂലം പൊടിയും ശബ്ദവും പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും ജലസ്രോതസ്സുകൾ മലിനമാകാൻ സാധ്യതയുണ്ടെന്നും പരാതിയിൽ പറയുന്നു. ഇതിനകം ലോഡുകണക്കിന് കരിങ്കല്ല് ഇവിടെനിന്ന് കടത്തിയതായും ആവശ്യമായ അനുമതിയില്ലാതെയാണ് ഖനനം തുടരുന്നതെന്നും പരാതിക്കാർ ആരോപിക്കുന്നു. ജനവാസമേഖലയിലും അങ്കണവാടിക്കു സമീപവും നടക്കുന്ന പ്രവൃത്തി അടിയന്തരമായി തടയണമെന്നാണ് ആവശ്യം.
അതേസമയം, വീട് പുനർനിർമിക്കുന്നതിനായി സ്ഥലം ഒരുക്കാനാണ് പാറ നീക്കുന്നതെന്ന് സ്ഥലമുടമ പൂത്തോട്ടാൽ സണ്ണി പറഞ്ഞു. മലയോര ഹൈവേ നിർമാണത്തിനായി സ്ഥലം വിട്ടുനൽകിയതോടെ തറവാട് വീട് റോഡിലായെന്നും പിന്നിലെ 21 സെന്റോളം സ്ഥലം പാറക്കൂട്ടമായതിനാൽ വീട് മാറ്റി നിർമിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനായി ഒന്നരവർഷത്തോളം വിവിധ സർക്കാർ ഓഫീസുകളെ സമീപിച്ച ശേഷമാണ് ജിയോളജി വകുപ്പിന്റെ അനുമതി ലഭിച്ചത്. സ്ഫോടകവസ്തുക്കൾ ഉപയോഗിക്കാതെ മരുന്നുപയോഗിച്ചാണ് പാറ പൊട്ടിച്ചത്. ഇതിനായി 12 ലക്ഷം രൂപ ചെലവഴിച്ചെങ്കിലും പ്രതീക്ഷിച്ച ഫലം ലഭിച്ചില്ല. അങ്കണവാടിയുടെ പ്രവർത്തനസമയമായ രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെ പാറ പൊട്ടിക്കാറില്ലെന്നും സണ്ണി പറഞ്ഞു.
അനുവദിച്ച കാലാവധി അവസാനിച്ചുവെന്നത് ശരിയാണെന്നും ഖനനത്തിലൂടെ തനിക്ക് സാമ്പത്തിക നേട്ടമുണ്ടായിട്ടില്ലെന്നും ഉടമ വ്യക്തമാക്കി. അനുമതിയുടെ കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ ഖനനത്തിന്റെ തുടർനടപടികൾ സംബന്ധിച്ചും പ്രദേശത്തെ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ചും പരിശോധന ആവശ്യമാണ്.
Content Highlights: Ayyankunnu panchayat issued a stop memo against stone quarrying near an anganwadi following severe protests and complaints from local residents in Iritty.
Published: 29 Nov 2026, 12:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented