പ്രഖ്യാപനം കഴിഞ്ഞ് നാലുവർഷം
കൂത്തുപറമ്പ് : പ്രഖ്യാപനം കഴിഞ്ഞ് നാലുവർഷമായിട്ടും എങ്ങുമെത്താതെ ജെൻഡർ കോംപ്ലക്സ്. 2022-ൽ സ്ഥലമേറ്റെടുത്തിട്ടും ഇവിടെ മരംമുറിച്ച് മണ്ണ് നീക്കിയതല്ലാതെ മറ്റൊരു പ്രവൃത്തിയും ഇവിടെ നടന്നിട്ടില്ല. നഗരസഭയിലെ പാറാൽ വനിതാ ഹോസ്റ്റലിനു സമീപമാണ് സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി ജെൻഡർ കോംപ്ലക്സ് നിർമിക്കുന്നത്. 75 സെന്റിൽ നാലുകോടി രൂപ ചെലവിൽ മൂന്ന് നിലകളിലായാണ് കോംപ്ലക്സ് നിർമിക്കുക. പി.ഡബ്ല്യു.ഡി.ക്കാണ് നിർമാണച്ചുമതല.
പി.ഡബ്ല്യു.ഡി.യുടെ ഭാഗത്തുനിന്നുണ്ടായ കാലതാമസമാണ് നിർമാണപ്രവൃത്തി വൈകാനിടയാക്കിയതെന്ന ആക്ഷേപവുമുയരുന്നുണ്ട്. പദ്ധതി യാഥാർഥ്യമായാൽ നഗരസഭയിലെ യുവതികൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും ഉന്നതപഠനം, ഗവേഷണം എന്നിവയ്ക്കാവശ്യമായ ലൈബ്രറിസൗകര്യം ലഭ്യമാകും. കൂടാതെ ഫിറ്റ്നസ് സെന്റർ, ഡ്രൈവിങ് പരിശീലനം, നീന്തൽപരിശീലനം, വിവര സാങ്കേതികവിദ്യയുടെ പരിശീലനം എന്നിവ നൽകുന്നതോടെ ഈ മേഖലയിൽ കൂടുതൽ വനിതകൾക്ക് തൊഴിലവസരങ്ങൾ ലഭിക്കും. പ്രദേശത്തെ തൊഴിലെടുക്കുന്ന വനിതകൾക്ക് ആശ്വാസമായി കോംപ്ലക്സിൽ സാമൂഹിക അടുക്കള തുടങ്ങും. കുട്ടികൾക്കായുള്ള ക്രഷ്, സീനിയേഴ്സ് റെസ്റ്റ് ഹൗസ് എന്നിവയും ജെൻഡർ കോംപ്ലക്സിൽ ഒരുക്കാൻ സർക്കാരിനു പദ്ധതിയുണ്ട്. സ്ത്രീശാക്തീകരണവും ലിംഗസമത്വവും മുൻനിർത്തിയുള്ള വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ രണ്ടാമത്തെ ജെൻഡർ കോംപ്ലക്സാണ് കൂത്തുപറമ്പിൽ ഒരുങ്ങുന്നത്. ആദ്യ ജെൻഡർ കോംപ്ലക്സ് കോഴിക്കോട്ടാണ് പ്രവർത്തിക്കുന്നത്.
നിർമാണപ്രവൃത്തി ഉടൻ തുടങ്ങും
നിലവിൽ നിർമാണസ്ഥലത്തെ മരങ്ങൾ മുറിച്ചുമാറ്റിയും മണ്ണ് നീക്കിയും പ്രാഥമിക പ്രവൃത്തികൾ മാത്രമാണ് നടന്നിട്ടുള്ളത്.
മൂന്നുനില കെട്ടിടമാണ് നിർമിക്കാനൊരുങ്ങുന്നത്. മഴ മാറിയതിനാൽ പി.ഡബ്ല്യു.ഡി.യുടെ നേതൃത്വത്തിൽ നിർമാണം ഉടൻ പുനരാരംഭിക്കുമെന്ന് പൊതുമരാമത്ത് വികസന സ്ഥിരം സമിതി ചെയർപേഴ്‌സൺ പി.ശ്രീലത പറഞ്ഞു.
Published: 09 Oct 2026, 02:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented