കണ്ണൂർ : പ്രസ് ക്ലബ് റോഡിന് സമീപത്തെ അഞ്ച് കടകളിൽ മോഷണം നടത്തിയ കേസിലെ പ്രതിയെ പോലീസ് തെളിവെടുപ്പിന് എത്തിച്ചു. തമിഴ്നാട് കൃഷ്ണപാളയം സ്വദേശി ജോൺ ദുരൈയെയാണ്‌ (45) ടൗൺ എസ്.െഎ. പി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തെളിവെടുപ്പിന് എത്തിച്ചത്.

To advertise here,

കൊല്ലത്ത് മറ്റൊരുകേസിൽ പിടിയിലായതോടെയാണ് കണ്ണൂരിലെ മോഷണത്തിന്റെ ചുരുളഴിഞ്ഞത്. തുടർന്ന് ബുധനാഴ്ച ടൗൺ പോലീസ് രണ്ടുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. ജൂൺ-11നാണ് സംഭവം. ഷീറ്റ് മേഞ്ഞ മേൽക്കൂര തകർത്ത് കടയുടെ അകത്തുകടന്നാണ് മോഷണം നടത്തിയത്. മൊബൈൽഫോണുകളും പണവും നഷ്ടപ്പെട്ടിരുന്നു. വ്യാഴാഴ്ച കോടതിയിൽ ഹാജറാക്കിയ പ്രതിയെ ജയിലിലടച്ചു.

ശരിക്കുമൊന്ന് കാണട്ടെയെന്ന് വ്യാപാരികൾ

:ഒരു ചായ കുടിച്ചൂടെ...കള്ളനെ ശരിക്കും ഒന്ന് കാണട്ടെ...നഗരമധ്യത്തിൽ അഞ്ച് കടകളിൽ മോഷണം നടത്തിയ പ്രതിയെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ വ്യാപാരികളുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

നിരവധി മോഷണക്കേസുകളിൽ പ്രതിയായ തമിഴ്‌നാട് സ്വദേശി ജോൺ ദുരൈയുമായി കടകളിൽ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ ഒരു ഭാവവ്യത്യാസവും ഉണ്ടായില്ല. മോഷണത്തിനായി കയറിയ കടകൾ, മോഷണം നടത്തിയ രീതി എന്നിവ പോലീസിന് കാട്ടിക്കൊടുത്തു. കടകളുടെ പിറകിലുള്ള പോസ്റ്റ് വഴി മേൽക്കൂരയുടെ ഷീറ്റ് മാറ്റിയാണ് അകത്തുകയറി മോഷണം നടത്തിയത്. കടകളിൽനിന്ന് പണവും വാച്ചും കവരുന്നത് കൃത്യമായി പ്രതി കാണിച്ചു. രാത്രി വൈകി മോഷണത്തിന് എത്തുമ്പോൾ റോഡ് വിജനമായിരുന്നു. പുലർച്ചയോടെ തീവണ്ടിമാർഗം ജില്ലവിട്ടുവെന്നും പ്രതി പോലീസിനോട് വിവരിച്ചു. കൊല്ലത്ത് മറ്റൊരു കവർച്ചക്കേസിൽ പിടിയിലായതോടെ പോലീസിന്റെ ചോദ്യം ചെയ്യലിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ മോഷണം പ്രതി സമ്മതിച്ചത്. കൊല്ലം ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടയിലാണ് കണ്ണൂർ ടൗൺ പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്.