ഇരിട്ടി : മഴയ്‌ക്കൊപ്പം വീശിയടിക്കുന്ന ചുഴലിക്കാറ്റ് മലയോരത്തെ ഭീതിയിലാഴ്ത്തുന്നു. തുടർച്ചയായി രണ്ടാം ദിവസം മേഖലയിൽ കാറ്റ് നാശം വിതച്ചു. ഇവയ്‌ക്കൊപ്പം ശക്തമായ ഇടിയും മിന്നലും ആശങ്ക വർധിപ്പിക്കുകയാണ്.

To advertise here,

ബുധനാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിൽ എടൂർ-കീഴ്‌പള്ളി റോഡിൽ വളയംകോടിന് സമീപം മരം കടപുഴകി ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ഇരിട്ടിയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. റോഡരികിൽ പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്തെ കൂറ്റൻ തണൽ മരമാണ് റോഡിലേക്ക് വീണത്. ഉരുപ്പുംകുണ്ടിൽ പ്ലാവ് കടപുഴകി ആൾതാമസമില്ലാത്ത പഴയവീട് ഭാഗികമായി തകർന്നു. ആറളം അയ്യൻകുന്ന് പഞ്ചായത്തുകളിൽ പലസ്ഥലങ്ങളിലും ഒറ്റപ്പെട്ട നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇടിമിന്നലിൽ പലവീടുകളിലും വൈദ്യുത ഉപകാരണങ്ങൾക്കും വയറിങ്ങിനും കേടുപാട് സംഭവിച്ചിട്ടുണ്ട്. ഇടവേലി മുണ്ടകത്തും വ്യപകമായി കൃഷി നാശം സംഭവിച്ചു. നിരവധി വൈദ്യുതിത്തൂണുകൾ തകർന്നു. തേക്ക് ഉൾപ്പെടെ മരങ്ങളും റബറും കടപുഴകി. അത്തിക്കൽ ദാസന്റെ 500 ചുവട് കപ്പ കാറ്റിൽ നശിച്ചു. കാറ്റിൽ കപ്പയുടെ ചുവട് ഇളകി വേരുകൾ പൊട്ടിപ്പോയ നിയലയിലാണ്. കൂടാതെ നിരവധി കർഷകരുടെ വാഴകളും നിലംപൊത്തി. മേഖലയിലെ തകർന്ന വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള നടപടികൾ അധികൃതർ നടത്തുന്നുണ്ട്. റവന്യൂ അധികൃതരും കൃഷി വകുപ്പും നാശനഷ്ടത്തിന്റെ കണക്കുകൾ ശേഖരിച്ചു വരികയാണ്. ചൊവ്വാഴ്ച ആറളം പഞ്ചായത്തിലെ പുനരധിവാസ മേഖലയിലും കാരാപറമ്പിലും ചുഴിലിക്കാറ്റിലും മഴയിലും വലിയ നാശനഷ്ടമുണ്ടായിരുന്നു. ആറളം പുനരധിവാസ മേഖലയിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു വരികയാണ്. ഇതിനിടെയാണ് മറ്റ് മേഖലകളിലും നാശമുണ്ടായിരിക്കുന്നത്. രണ്ട് ദിവസത്തിനിടെ മഴക്കെടുതിയിൽ വൈദ്യുതി വകുപ്പിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. മേഖലയിൽ മരം വീണും മറ്റും 20തോളം വൈദ്യുതിത്തൂണുകൾ തകർന്നു.