പയ്യന്നൂർ : സ്വാതന്ത്ര്യ സമരചരിത്രത്തിൽ സ്ഥാനം പിടിച്ച രണ്ടാം ബർദോളി എന്നറിയപ്പെടുന്ന പയ്യന്നൂരിലെ ഗാന്ധിസ്മൃതി മ്യൂസിയത്തിന്റെ രണ്ടാംഘട്ട പ്രവൃത്തി അനിശ്ചിതത്വത്തിൽ. പുരാവസ്തു- പുരാരേഖ വകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കിയ ജില്ലയിലെ ആദ്യത്തെയും സംസ്ഥാനത്തെ രണ്ടാമത്തെയും സർക്കാർ മ്യൂസിയമാണ് ഇത്. പിണറായി വിജയൻ സർക്കാറിന്റെ കാലത്താണ് രാമചന്ദ്രൻ കടന്നപ്പള്ളി മന്ത്രിയായിരുന്നപ്പോൾ പ്രഖ്യാപിച്ചതും പൂർത്തിയാക്കിയതുമാണ് ഗാന്ധിസ്മൃതി മ്യൂസിയം.
2017-ൽ തന്നെ പഴയ പോലീസ് സ്റ്റേഷന്റെ ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികളുടെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. 2021 ജനുവരിയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സംസ്ഥാന പുരാവസ്തു വകുപ്പിന് കീഴിൽ ഗാന്ധി സ്മൃതി മ്യൂസിയം പയ്യന്നൂരിന് സമർപ്പിക്കുകയും ചെയ്തു.
ഒന്നാം ഘട്ടമായി 1910-ൽ ഇന്തോ യൂറോപ്യൻ മാതൃകയിൽ നിർമിച്ച പയ്യന്നൂർ പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടം സംരക്ഷിത സ്മാരകമായി ഏറ്റെടുത്തു സംരക്ഷിക്കുകയും 2.44 കോടി രൂപ ചെലവിട്ടാണ് ഗാന്ധി സ്മൃതി മ്യൂസിയം സ്ഥാപിച്ചത്. കേരള പുരാവസ്തു വകുപ്പിന്റെ പദ്ധതി ഫണ്ടിൽ നിന്ന് തുക വിനിയോഗിച്ചാണ് മ്യൂസിയം ഒരുക്കിയത്.
കേരളത്തിലെ ദേശീയ പ്രസ്ഥാനത്തിന്റെ രൂപവത്കരണം, വളർച്ച, ഉപ്പ് സത്യഗ്രഹം, ക്വിറ്റ് ഇന്ത്യ സമരം ഗാന്ധിജിയുടെ പയ്യന്നൂർ സന്ദർശനം, അയിത്തോച്ചാടനം, മലബാറിലെ കർഷക 'പോരാട്ടങ്ങളായ കരിവെള്ളൂർ, മുനയൻകുന്ന് കോറോം സമരങ്ങളുടെ സമ്പൂർണ വിവരണങ്ങൾ, പഴയ കാല കാർഷിക ഉപകരണങ്ങൾ എന്നിങ്ങനെ സ്വാതന്ത്ര്യ സമര ധാരകളുടെ കഥ പറയുന്ന മ്യൂസിയമാണു സഞ്ജമാക്കിയിട്ടുള്ളത്. ആധുനിക ദൃശ്യ, ശ്രാവ്യ ഉപകരണങ്ങളുടെ സഹായത്തോടെ കണ്ടറിയാനും കേട്ടറിയാനുമുള്ള സംവിധാനങ്ങളും മ്യൂസിയത്തിലുണ്ട്.
രണ്ടാം ഘട്ടം എങ്ങുമെത്തിയില്ല
രണ്ടാം ഘട്ടമായി ഉപ്പുസത്യാഗ്രഹ വേദിയായ ഉളിയത്ത് കടവ്, പയ്യന്നൂർ ഖാദി കേന്ദ്രം, ശ്രീനാരായണ വിദ്യാലയം, അന്നൂർ വെള്ളാരങ്ങര ക്ഷേത്രം, കസ്തൂർബ മന്ദിരം, എ.കെജി.ക്കു മർദനമേറ്റ കണ്ടോത്ത് എന്നിവയെല്ലാം ഉൾപ്പെടുത്തി ഗാന്ധിജി സൈറ്റ് മ്യൂസിയം യാഥാർഥ്യമാക്കാനായിരുന്നു തീരുമാനം.
രണ്ടാം ഘട്ടത്തിൽ ഗാന്ധി സൈറ്റ് മ്യൂസിയം പ്രവൃത്തി ഉടൻ തുടങ്ങുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും വർഷങ്ങൾ പിന്നിട്ടിട്ടും തുടങ്ങിയില്ല. ഈ ചരിത്ര കേന്ദ്രങ്ങളെല്ലാം ടൂറിസ്റ്റുകൾക്ക് സന്ദർശിക്കാൻ നിലവിലെ മ്യൂസിയം കേന്ദ്രീകരിച്ച് വാഹന സൗകര്യം ഒരുക്കുവാനും തീരുമാനിച്ചിരുന്നു. ഇതിനൊപ്പം തന്നെ കുഞ്ഞിമംഗലം വെങ്കല ഗ്രാമം ഉൾപ്പെടെ മറ്റ് സമീപ ടൂറിസ്റ്റ് കേന്ദ്രങ്ങളൊയൊക്കെ പ്രയോജന പെടുത്താനും തീരുമാനിച്ചിരുന്നു.
Published: 21 Sept 2026, 01:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented