പ്രതീക്ഷയോടെ കുടിയേറ്റ ജനത

To advertise here,

പുല്പള്ളി : ബൈരക്കുപ്പ പാലത്തിനായി തറക്കല്ലിട്ടതിന്റെ 32-ാം വാർഷിക ദിനമെത്തിനിൽക്കുമ്പോൾ, ശിലാഫലകത്തോടൊപ്പം കാടുമൂടിക്കിടന്ന നാട്ടുകാരുടെ സ്വപ്നങ്ങൾക്കും പുതുജീവൻവെച്ചിരിക്കുകയാണ്. കേരള-കർണാടക ബന്ധത്തിന് പുതുവഴിതുറക്കുന്ന ബൈരക്കുപ്പ പാലത്തിനായി അടുത്തിടെ, ഇരുസർക്കാരുകളും അതിവേഗ നടപടികളാരംഭിച്ചതോടെയാണ് മൂന്ന് പതിറ്റാണ്ടോളം നീണ്ട നാട്ടുകാരുടെ കാത്തിരിപ്പ് വെറുതെയായില്ലെന്ന പ്രതീക്ഷപകരുന്നത്.

കേരള-കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് കബനി നദിയ്ക്ക് കുറുകെ ബൈരക്കുപ്പപാലം നിർമിക്കാൻ, 1994 സെപ്റ്റംബർ 22-നാണ് അന്നത്തെ കേരള മുഖ്യമന്ത്രി കെ. കരുണാകരനും കർണാടക മുഖ്യമന്ത്രി വീരപ്പ മൊയ്‌ലിയും ചേർന്ന് പെരിക്കല്ലൂർ തോണിക്കടവിൽ തറക്കല്ലിട്ടത്. അക്കാലത്ത് രണ്ട് കോടിയോളം രൂപ ചെലവ് കണക്കാക്കിയിരുന്ന ഈ പദ്ധതി കേരള-കർണാടക സർക്കാരുകളുടെ സംയുക്ത സംരംഭമായിരുന്നു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ അനുമതി ഉൾപ്പെടെ പദ്ധതിക്ക് ലഭിച്ചിരുന്നെങ്കിലും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ എതിർപ്പാണ് തിരിച്ചടിയായത്. പദ്ധതി യാഥാർഥ്യമാക്കുന്നതിനായി പിൻകാലത്ത് കാര്യമായ ഇടപെടലുകളുണ്ടായതുമില്ല.

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരത്തിനെത്തിയതോടെയാണ് ബൈരക്കുപ്പ പാലം വീണ്ടും സജീവ ചർച്ചാവിഷയമായി ഉയർന്നത്. പ്രിയങ്കാഗാന്ധി എം.പി.യായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അവർ പാലത്തിനുവേണ്ടി ഇരുസംസ്ഥാനങ്ങളെയും ബന്ധപ്പെട്ട് ശക്തമായ ഇടപെടലുകൾ നടത്തിയിരുന്നു. കേരളത്തിലും കർണാടകത്തിലുമുണ്ടായ ഭരണമാറ്റം പാലത്തിനുവേണ്ടിയുള്ള നടപടികൾക്ക് വേഗം കൂട്ടി. രണ്ടിടത്തും കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാരുകളാണ് ഭരണം നടത്തുന്നത്.

യു.ഡി.എഫ്. സർക്കാർ കേരളത്തിൽ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെതന്നെ പാലത്തിനായുള്ള നടപടികൾ പുനരാരംഭിച്ചു. പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ, നേരിട്ടെത്തി കർണാടക സർക്കാരുമായി ചർച്ചകൾ നടത്തി. ഇതിന്റെ ഫലമായി പാലത്തിന്റെ നിർമാണത്തിനാവശ്യമായ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പി.കെ. ബഷീറിന് ഉറപ്പ് നൽകിയിരുന്നു. രണ്ട് മാസം മുൻപ് പാലം നിർമിക്കുന്നതിനായി 49 കോടി രൂപയുടെ പദ്ധതിയ്ക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. പാലത്തിന്റെ നിർമാണത്തിന് കഴിഞ്ഞമാസം കർണാടക സർക്കാരിന്റെ എൻ.ഒ.സി. ലഭിച്ചിരുന്നു. പാലത്തിന്റെ നിർമാണത്തിന് മുന്നോടിയായുള്ള സാങ്കേതക നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. കർണാടകയുടെ ഭാഗത്തെ പാതയുടെ നിർമാണത്തിനുള്ള ഭൂമി ഏറ്റെടുക്കലും ആവശ്യമായ പാരിസ്ഥിതിക അനുമതികളും ലഭ്യമാക്കേണ്ടതുണ്ട്.

കേരളത്തിലെ മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്തിലെ പെരിക്കല്ലൂർ കടവിനേയും കർണാടകയിലെ ബൈരക്കുപ്പയുമായി ബന്ധിപ്പിക്കുന്ന ഈ അന്തസ്സംസ്ഥാന പാലം യാഥാർഥ്യമായാൽ ദീർഘകാലത്തെ യാത്രാ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകും. ബൈരക്കുപ്പ പാലം വഴി ബെംഗളൂരു, മൈസൂരു, ഹാസൻ തുടങ്ങിയയിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനാവും. പുല്പള്ളി, മുള്ളൻകൊല്ലി മേഖലയുടെ സമഗ്രവികസനത്തിന് ഗുണം ചെയ്യുന്നതിനൊപ്പം വയനാടിന്റെ വ്യാപാര, വ്യവസായ രംഗത്തും ഈ പാലം ഉപകരിക്കും.

കാലതാമസം വരുത്തരുത്

കുടിയേറ്റ മേഖലയുടെ വാണിജ്യ, ടൂറിസം രംഗങ്ങളിലെ വളർച്ചയ്ക്ക് ആക്കംകൂട്ടാൻ ഉതകുന്ന പദ്ധതിയാണ് മാറിമാറി ഭരിച്ച സർക്കാരുകളുടെ അനാസ്ഥമൂലം തറക്കല്ലിൽ ഒതുങ്ങിപ്പോയത്. ഇപ്പോഴത്തെ യു.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പാലം യാഥാർഥ്യമാകുമെന്ന പ്രതീക്ഷ നിലനിർത്തിക്കൊണ്ട്, അതിനുവേണ്ട ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും വേഗം കുറവാണ്. വിലപ്പെട്ട മൂന്നുപതിറ്റാണ്ട് നഷ്ടപ്പെടുത്തിയതുപോലെ ഇനിയും കാലതാമസം വരുത്താതെയും തർക്കങ്ങളില്ലാതെയും കബനിക്ക് കുറുകെ പാലം യാഥാർഥ്യമാക്കാൻ സർക്കാർ അടിയന്തിര ശ്രദ്ധപതിപ്പിക്കണം.

രാജൻ പാറയ്ക്കൽ (പൊതുപ്രവർത്തകൻ)