​തളിപ്പറമ്പ് : നഗരസഭാ കാര്യാലയത്തോട് ചേർന്നുള്ള പഴകി ജീർണിച്ച് വീഴാറായ കെട്ടിടം പൊളിച്ചു മാറ്റുന്നില്ല. കെട്ടിടം

To advertise here,

അപകടാവസ്ഥയിലായിട്ട് ഏറെയായി. തളിപ്പറമ്പ് മൃഗാശുപത്രി വർഷങ്ങളോളം ഈ കെട്ടിടത്തിലാണ് പ്രവർത്തിച്ചത്. മൃഗാശുപത്രി പുതിയ കെട്ടിടത്തിലേക്ക് മാറിയ ശേഷം നഗരസഭ ലൈബ്രറിയും കുറച്ചുകാലം ഇവിടെയായിരുന്നു. ശിശുക്ഷേമ വിഭാഗം ഓഫീസും ഇതേ കെട്ടിടത്തിൽ പ്രവർത്തിച്ചു. ഓടിട്ട ഈ കെട്ടിടം ഇപ്പോൾ ഏത് നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്.

അപകടം മനസ്സിലാക്കാതെ പലരും ഇതിന്റെ വരാന്തയിലും സമീപവും നിൽക്കാറുണ്ട്. മൃഗാസ്പത്രിയിലെത്തേണ്ടവർ ഇപ്പോഴും ഇതിനു മുന്നിലൂടെ വേണം പോകാൻ.

 

നഗരസഭയിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ കെട്ടിടത്തിനു സമീപം വിശ്രമിക്കുന്നതും പതിവാണ്. ഇവിടെ വാഹനങ്ങൾ നിർത്തിയിടുന്നവരുമുണ്ട് . നഗരസഭാകാര്യാലയത്തിലെ പഴകിയ ഒട്ടനവധി രേഖകളുടെ സൂക്ഷിപ്പ് ഇതിനകത്താണ്.

നഗരത്തിലെ പഴകിയതും അപകടാവസ്ഥയിലുള്ളതുമായ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ നോട്ടീസ് നൽകുന്ന നഗരസഭയ്ക്ക് സ്വന്തം കെട്ടിടം അപകടാവസ്ഥയിലായത് നീക്കാനാകുന്നില്ല.

കെട്ടിടം പൊളിച്ചു മാറ്റാൻ രണ്ടുതവണ ലേല നടപടികൾക്ക് ശ്രമിച്ചുവെന്നാണ് നഗരസഭാ അധികൃതർ പറഞ്ഞത്. ഒന്നര ലക്ഷം രൂപ വരെ പ്രതിഫലം നൽകാനൊരുങ്ങിയെങ്കിലും ആരും ഏറ്റെടുത്തില്ല. അപകടാവസ്ഥയിലായ ഈ കെട്ടിടം പൊളിച്ചു മാറ്റാത്തത് വലിയ അപകടങ്ങൾക്കിടവരുത്തുമെന്ന ആശങ്കയുണ്ട്.