ധർമശാല : വഴിവിളക്കുകളില്ലാത്ത ആന്തൂർ നഗരസഭാ ആസ്ഥാനമായ ധർമശാല കൂരിരുട്ടിലാണ്. പല ഭാഗങ്ങളിൽനിന്ന് രാത്രി ധർമശാലയിൽ എത്തുന്നവർ ദിക്കറിയാതെ കൂരിരുട്ടിൽ നട്ടം തിരിയുന്നത് പതിവ് കാഴ്ചയാണ്.

To advertise here,

രാത്രി പറശ്ശിനിക്കടവിലെത്തുന്ന നൂറ് കണക്കിന് തീർഥാടകർ സാധാരണ ധർമശാലയിലാണ് ബസ്സിറങ്ങുക. പ്രദേശത്തെ വിദ്യാഭ്യാസ കേന്ദ്രങ്ങളിലുള്ള വിദ്യാർഥികളും അവരെ കാണാനെത്തുന്നവരും വിനോദ സഞ്ചാരികളുമെല്ലാം ധർമശാലയെ ആശ്രയിക്കുന്നുണ്ട്. ഇതോടൊപ്പം കെ.എ.പി. നാല് ആസ്ഥാനവും കണ്ണൂർ റൂറൽ പോലീസ് ആസ്ഥാനവും ഇവിടെയാണ്.

ദേശീയപാതയുടെ സർവീസ് റോഡുകളിലും ധർമശാലാ പറശ്ശിനിക്കടവ് റോഡിലും തെരുവു വിളക്കില്ല. കൂരിരുട്ടിനൊപ്പം തെരുവ് നായ്ക്കളും ഇവിടെ യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു.

ബസ് കാത്തിരിപ്പ് കൂരിരുട്ടിൽ

നഗരസഭാ ആസ്ഥാനമാണെങ്കിലും ധർമശാലയിൽ നല്ല ബസ് കാത്തിരിപ്പ് കേന്ദ്രമില്ല. കണ്ണൂർ ഭാഗത്തുനിന്ന് എത്തുന്ന യാത്രക്കാരും ധർമശാലയിൽനിന്ന് തളിപ്പറമ്പ് ഭാഗത്തേക്കുള്ള യാത്രക്കാരും ഇറങ്ങുന്നതും ബസിനായി കാത്ത് നിൽക്കുന്നതും കെ.എ.പി. നാല് ബറ്റാലിയൻ കേന്ദ്രത്തിന് മുൻപിലാണ്. അവിടെ കവാടത്തിന്റെ നിർമാണം നടക്കുന്നതോടെ അവിടെയുളള ഓവ് ചാലിന്റെ മുകൾ ഭാഗവും ഭാഗികമായി നിർമിച്ച നടപ്പാതയുമാണ് യാത്രക്കാരുടെ ഏക ആശ്രയം.

രാത്രിയായാൽ അവിടെ കൂരിരുട്ടാണ്. വാഹനങ്ങളുടെ വെട്ടം മാത്രമാണ് യാത്രക്കാരുടെ ആശ്രയം. സമാന സ്ഥിതിയാണ് കണ്ണൂർ ഭാഗത്തേക്ക് ബസ് കാത്ത് നിൽക്കുകയും തളിപ്പറമ്പ് ഭാഗത്ത്നിന്ന് വരുന്ന യാത്രക്കാർ ഇറങ്ങുകയും ചെയ്യുന്ന സ്ഥലം. ഇതോടൊപ്പം ധർമശാല- പറശ്ശിനിക്കടവ് റോഡിൽ ബസിനായി കാത്തിരിക്കുന്ന കേന്ദ്രവും തെരുവ് വിളക്കില്ലാതെ കൂരിരുട്ടിലാണ്.

പരിഹാരം വേണം

കേരളത്തിലെ പേരു കേട്ട തീർഥാടന- വിനോദ സഞ്ചാര- വൈജ്ഞാനിക കേന്ദ്രമായ ധർമശാലയിലെ നിലവിലെ ദു:സ്ഥിതിക്ക് പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വഴിവിളക്കുകളെങ്കിലും നഗരസഭാ ആസ്ഥാനത്ത് ഏർപ്പെടുത്തിയേ മതിയാകൂയെന്നും നാട്ടുകാർ പറഞ്ഞു.