പയ്യന്നൂർ : കുടിവെള്ളം ഉറപ്പാക്കുന്നതിന് കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച അമൃത് പദ്ധതിയിൽ പയ്യന്നൂർ നഗരസഭാ പരിധിയിൽ ഗുണഭോക്താക്കളില്ല.
7,000 കണക്ഷൻ അനുവദിച്ചതിൽ ഇതുവരെ ലഭിച്ചത് 4,900 അപേക്ഷകൾ മാത്രം. 2024 മുതൽ തുടങ്ങിയ പട്ടിക ചേർക്കലിൽ ഇനിയും 2,100 കണക്ഷൻ ബാക്കി. അപേക്ഷിച്ചവയിൽ തന്നെ ആയിരത്തിലധികം ഗുണഭോക്തക്കളുടെ വിലാസം പൂർണമല്ല. ആവശ്യപ്പെട്ട കുടിവെള്ള കണക്ഷൻ എവിടെയാണെന്ന് കണ്ടെത്താൻ പല അപേക്ഷകളിലും ഫോൺ നമ്പർ പോലുമില്ലെന്ന് അമൃത് പദ്ധതി കോഡിനേറ്റർ കൃഷ്ണപ്രിയ പറഞ്ഞു.
നഗരസഭാ കൗൺസിലർമാർ ഇടപെട്ട് കണക്ഷനുള്ള അപേക്ഷകൾ നൽകണമെന്ന് കൗൺസിൽ യോഗത്തിൽ കോഡിനേറ്റർ ആവശ്യപ്പെട്ടു.
നിലവിൽ പൈപ്പിട്ടതിന്റെയും മറ്റു പ്രശ്‌നങ്ങളും ഓരോ വാർഡിലും ഉണ്ടെന്ന് കൗൺസിലർമാർ ചൂണ്ടിക്കാട്ടി.
പ്രശ്നം പരിഹരിക്കാനും പദ്ധതിയിൽ ഗുണഭോക്താക്കളെ ചേർക്കാനും അധ്യക്ഷനായ ചെയർമാൻ സരിൻശശിയുടെ നേതൃത്വത്തിൽ വിഷയം ചർച്ച ചെയ്തു.
ജല അതോറിറ്റി ഉദ്യോഗസ്ഥർ, കരാറുകാർ, നഗരസഭാ കൗൺസിലർമാരുടെ യോഗം വിളിക്കാനും തീരുമാനിച്ചു.
ചപ്പാരപ്പടവ് പദ്ധതി ഏപ്പോൾ വരും
പയ്യന്നൂർ നഗരസഭയിലേക്ക് കുടിവെള്ളം എത്തുന്നത് പഴശ്ശി ഡാമിൽ നിന്നാണ്. നിലവിൽ പയ്യന്നൂർ, കാനായി ലൈനുകളിൽ ആഴ്ചയിൽ ദിവസം നിശ്ചയിച്ചാണ് വെള്ളം നൽകുന്നത്. വേനൽ അതിരൂക്ഷമായാൽ വെള്ളത്തിനും ക്ഷാമം വരും.
വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ ചപ്പാരപ്പടവ് പദ്ധതി ഇതുവരെ പൂർത്തീകരിക്കാത്തത് വലിയ തിരിച്ചടിയാണ്. നഗരസഭക്ക് മാത്രമായി കുടിവെള്ളം ലഭിക്കുന്ന പദ്ധതിയാണിത്. ചപ്പാരപ്പടവ് കുപ്പം പുഴയോരത്ത് വലിയ കിണർ നിർമിച്ച് അവിടെനിന്ന് വെള്ളം പമ്പ് ചെയ്ത് പയ്യന്നൂർ നഗരസഭയിലെ ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പ്രാദേശിക പ്രശ്നങ്ങൾ കാരണം മുടങ്ങിയ പ്രവൃത്തി ഇപ്പോൾ 70 ശതമാനത്തിന് മുകളിലെത്തിയത് ആശ്വാസമാണ്. ചപ്പാരപ്പടവ് പുഴയിൽ വേനൽക്കാലത്ത് ആവശ്യമായ വെള്ളം ഉണ്ടാകുമോ എന്ന ആശങ്ക നാട്ടുകാർ ആദ്യഘട്ടം മുതൽ പ്രകടിപ്പിച്ചിരുന്നു.
നിലവിൽ കിൻഫ്ര പാർക്കിലേക്ക് വെള്ളം നൽകുന്നുണ്ട്. അതിനൊപ്പം പയ്യന്നൂർ നഗരസഭയിലേക്കും കുടിവെള്ളം എത്തിക്കുന്നതിൽ പ്രാദേശികമായി എതിർപ്പുണ്ടായിരുന്നു.
കുപ്പം പുഴയിൽ കാട്ടാമ്പള്ളിയിൽ ഉപ്പുവെള്ളം കയറാതിരിക്കാനുള്ള റെഗുലേറ്റർ കം ബ്രിഡ്ജ് സ്ഥാപിക്കാനുള്ള പദ്ധതി ഇഴഞ്ഞു നീങ്ങുകയാണ്. ഇതു വന്നാൽ ചപ്പരപ്പടവ് പുഴ ഉൾപ്പെടെ കൂടുതൽ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.
മുന്നൊരുക്കവും നടന്നില്ല
ജലസേചന വകുപ്പിന് (മൈനർ ഇറിഗേഷൻ) ഫണ്ട് ലഭിക്കാത്തതിനാൽ വരൾച്ച തടയാനുള്ള താത്കാലിക തടയണകൾ (ഏപ്രിൽ, മേയ്) ഈവർഷവും ഉയർന്നില്ല. ചെറുകിട ജലസേചന വകുപ്പിന്റെ പയ്യന്നൂർ സെക്ഷന് കീഴിൽ പയ്യന്നൂർ നഗരസഭ, എരമം-കുറ്റൂർ, കാങ്കോൽ- ആലപ്പമ്പ്, കരിവെള്ളൂർ-പെരളം, പെരിങ്ങോം- വയക്കര, രാമന്തളി, ചെറുപുഴ എന്നീ പഞ്ചായത്തുകളിലാണ് തടയണ വരേണ്ടത്.
തടയണകൾ ആവശ്യമായ സ്ഥലങ്ങളും എണ്ണവും അടങ്ങിയ പട്ടിക തദ്ദേശ സ്ഥാപനങ്ങൾ വകുപ്പിന് കൈമാറിയിരുന്നു. നീരുറവയുണ്ടായിട്ടും വെള്ളം കെട്ടിനിൽക്കാതെ നഷ്ടമാകുന്ന സ്ഥലങ്ങളിലാണ് താത്കാലിക തടയണകൾ നിർമിക്കേണ്ടത്. ഈ പ്രദേശങ്ങളിലെ കിണറുകളിൽ ജലനിരപ്പ് ഉയർത്താൻ ഇതുവഴി സാധിക്കുമായിരുന്നു.
Published: 08 Sept 2026, 04:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented