ഇരിട്ടി: തനി ഗ്രാമീണരായ സ്വന്തം നാട്ടുകാരുടെ യാത്രാദുരിതം കണ്ടും കേട്ടും അനുഭവിച്ചുമാണ് ബ്ലാത്തൂർ മഞ്ഞാങ്കരി സ്വദേശി പ്യാർജിത്ത് ഒരുവർഷം മുൻപ് ബസ് വാങ്ങാൻ തീരുമാനിച്ചത്. ഇരിട്ടി -ഉളിക്കൽ-തേർമല-മാഞ്ഞാങ്കരി-കാഞ്ഞിലേരി-ശ്രീകണ്ഠപുരം റൂട്ടിലോടുന്ന ബസിന് പേരുമിട്ടു, പി.വി.പി. നാട്ടിൻപുറങ്ങളിലൂടെ ഓടിയോടി തിങ്കളാഴ്ച യാത്രയുടെ ഒരുവർഷം പൂർത്തിയാക്കുകയാണ് ഈ ബസ്. ഒന്നാം വാർഷികത്തിൽ ഉടമയുടെ വക നാട്ടുകാർക്ക് ഒരു ഓഫറും നൽകി. എല്ലാവർക്കും അന്ന് ബസിൽ സൗജന്യ യാത്ര.

To advertise here,

ബെംഗളുരുവിൽ സോഫ്റ്റ്‌വേർ എൻജിനിയറായ പ്യാർജിത്തും ഒന്നാം പിറന്നാൾ യാത്രയിൽ ബസിലുണ്ടാകും. യാത്രക്കാരനായല്ല, ബസിലെ ജീവനക്കാരിലൊരാളായി. മഞ്ഞാങ്കരിയിലൂടെ ദിവസം എട്ടുതവണ ഈ ബസ് ഓടും. കല്യാട്, ബ്ലാത്തൂർ, തിരൂർ, തേർമല, കൂട്ടുംമുഖം, ഏരുവേശ്ശി, മഞ്ഞാങ്കരി, മണ്ണേരി, പരിക്കളം, കാഞ്ഞിലേരി തുടങ്ങി തീർത്തും ഗ്രാമീണ മേഖലയിലൂടെയാണ് ബസിന്റെ ട്രിപ്പ്. ഈ മേഖലയിലെ യാത്രദുരിതം വിദ്യാർഥിയായിരിക്കുമ്പോൾ കണ്ടും കേട്ടും അനുഭവിച്ചു വളർന്നതിന്റെ കോട്ടം തീർക്കാനുള്ള വാശി. ഒപ്പം നാട്ടുകാരുടെ യാത്രയ്ക്ക് ഒരു കൈത്താങ്ങ്. അതായിരുന്നു ബസ് വാങ്ങിയതിന് പിന്നിലെ ലക്ഷ്യമെന്ന് പ്യാർജിത്ത് പറഞ്ഞു. വർക്ക് അറ്റ് ഹോം പദ്ധതിയിലൂടെ പുലർച്ചെ 4.30 മുതൽ ഉച്ചക്ക് 1.30 വരെ വീട്ടിലിരുന്നാണ്‌ പ്യാർജിത്ത്‌ സ്വന്തം ജോലി പൂർത്തിയാക്കുന്നത്‌. പിന്നീടുള്ള സമയം ബസിലും. സ്ഥിരം കണ്ടക്ടർക്ക് അവധി വേണ്ട ദിവസം മുഴുവൻ സമയ കണ്ടക്ടറുമാകും. വായ്പ എടുത്താണ് ബസ് വാങ്ങിയത്.

ഇപ്പോൾ ജീവനക്കാർക്കുള്ള വേതനവും വായ്പ തുക അടക്കാനുമുള്ള വരുമാനം മാത്രമാണ് ബസിൽ നിന്ന്‌ ലഭിക്കുന്നത്‌. അഞ്ചു വർഷം കഴിയുമ്പോൾ വായ്പയടവ് പൂർത്തിയാകും. അപ്പോഴാണ് എന്തെങ്കിലും വരുമാനം പ്രതീക്ഷിക്കുന്നത്. മഞ്ഞാങ്കരിയിലെ മുൻ ഡെപ്യൂട്ടി കളക്ടർ വി.പി. രാജന്റെയും വീട്ടമ്മയായ പുഷ്പജയുടേയും മകനാണ്. സഹോദരങ്ങൾ; പ്യാരിലാൽ, പ്യാരിജ.