ഉളിക്കൽ ടൗണിൽ ജലജീവൻ മിഷൻ പൈപ്പിടൽ
ഉളിക്കൽ : ഉളിക്കൽ ടൗണിൽ ജലജീവൻ മിഷൻ പദ്ധതിക്കു വേണ്ടി പെപ്പിടുന്നതിന് റോഡ് കുഴിച്ചത് ഗതാഗത ദുരിതത്തിന് കാരണമായി. ടൗണിൽ പലയിടത്തും മണ്ണും കല്ലും കൂടിക്കിടക്കുകയാണ്.
റോഡരിക് കുഴിച്ചത് ഇരുചക്രവാഹനങ്ങൾ ഉൾപ്പടെ മണ്ണിൽ അമരാൻ ഇടയാക്കി. മഴ പെയ്തതോടെ ടൗണിൽ പല ഭാഗത്തും ചെളിനിറഞ്ഞു. ടൗണിൽ വെള്ളവും കെട്ടിക്കിടക്കുകയാണ്. കാൽനടയാത്രക്കാർക്ക് റോഡരികിൽ കൂടി നടക്കാൻ പറ്റാത്ത സ്ഥിതിയാണുള്ളത്. റോഡരികിൽ ചാല് കീറിയതോടെ മുൻപ് ജലനിധി പദ്ധതിക്കു വേണ്ടി ഇട്ടിരുന്ന പൈപ്പ് പലയിടത്തും പൊട്ടി വെള്ളം പാഴായി.
രാത്രി സമയത്താണ് പ്രവൃത്തി നടത്തുന്നത്. ഈ സമയം ഉദ്യോഗസ്ഥരോ കരാറുകാരോ മിക്കപ്പോഴും കൂടെയില്ലാത്തത് നാട്ടുകാരും തൊഴിലാളികളും തമ്മിൽ വാക്കേറ്റത്തതിന് ഇടയാക്കുന്നുണ്ട്.
വെള്ളിയാഴ്ച രാത്രി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ടൗണിൽ കുഴിക്കുന്നത് വ്യാപാരികൾ സംഘടിച്ചെത്തി ചോദ്യം ചെയ്തു.
ചാല് കീറിയത് ശരിയായി മൂടാത്തതു കാരണം കച്ചവടസ്ഥാപനങ്ങളിൽ കയറാൻ പോലും പറ്റാത്ത അവസ്ഥയാണെന്ന് വ്യാപാരികൾ കുറ്റപ്പെടുത്തി. കുഴിക്കുന്ന ഭാഗം രാത്രി തന്നെ കല്ലിട്ട് മൂടുമെന്ന ഉറപ്പിലാണ് വ്യാപാരികൾ പിൻവാങ്ങിയത്.
ഉളിക്കൽ ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രം, സ്വകാര്യ ആസ്പത്രി, പഞ്ചായത്ത് ജംങ്ഷൻ എന്നിവിടങ്ങളിലെ റോഡരികിലുള്ള ചെളിയും മണ്ണും മാറ്റിയിട്ടില്ല. കുഴിയെടുത്ത ഭാഗങ്ങൾ ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ ഹർത്താൽ ഉൾപ്പടെയുള്ള ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്ന് വ്യാപാരികൾ മുന്നറിയിപ്പ് നൽകി.
Published: 18 Oct 2026, 04:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented