ധർമശാല : ആന്തൂർ നഗരസഭ ആസ്ഥാനമായിട്ടും ബസ് സ്റ്റാന്റോ ബസ് ബേയോ ഇല്ലാതെ അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീർപ്പ് മുട്ടുന്ന ധർമശാലക്ക് ആശ്വാസമായി ബസ് ബേക്ക് വഴിതെളിഞ്ഞു. ബസ് ബേ നിർമിക്കുന്നതിനാവശ്യമായ സ്ഥലം വിട്ടു നൽകുന്നതിന് സമ്മതമാണെന്ന് കാണിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പിന് കെ.എ.പി. അധികൃതർ കത്ത് നൽകി. ബസ് ബേ അടക്കമുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മാതൃഭൂമി ജൂലായ് എട്ടിന് വാർത്ത പ്രസിദ്ധീകരിച്ചതോടെ വിവിധ സംഘടനകളും കൂട്ടായ്മകളും പ്രശ്ന പരിഹാരത്തിന് അധികൃതരിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. മാതൃഭൂമി വാർത്തയിൽ തന്നെ കെ.എ.പി. നാലിന്റെ കൈവശമുള്ള ദേശീയ പാതക്കരികിലെ ഒഴിഞ്ഞ സ്ഥലം പ്രസ്തുത ആവശ്യത്തിന് പ്രയോജനപ്പെടുത്താമെന്നും ചൂണ്ടിക്കാണിച്ചിരുന്നു. ആ സ്ഥലത്ത് നിന്നും ബസ് ബേക്ക് ആവശ്യമായ സ്ഥലം വിട്ടു നൽകുന്നതിനുള്ള സമ്മതമാണ് ഇപ്പോൾ അധികൃതരുടെ ഭാഗത്ത് നിന്നു ണ്ടായിട്ടുള്ളത്.

To advertise here,

നിരവധി തീർഥാടകരും ആയിരക്കണക്കിന് പ്രൊഫഷണൽ വിദ്യാർഥികളും വിനോദ സഞ്ചാരികളും കേന്ദ്രീകരിക്കുന്ന സ്ഥലമാണ് ധർമശാല. ദേശീയപാത നവീകരണം പുരോഗമിക്കുന്നതിനിടയിൽ സർവീസ് റോഡിന്റെ വീതി കുറവ് നിത്യേന നഗരഹൃദയത്തിൽ ഗതാഗത കുരുക്കാണ്. തളിപ്പറമ്പ് ഭാഗത്തേക്കും കണ്ണൂർ ഭാഗത്തേക്കും നിലവിൽ യാത്രക്കാരെ കയറ്റുന്ന സ്ഥലത്ത് നിർത്തിയാൽ മിനുട്ടുകൾക്കുള്ളിൽ പിന്നിൽ വാഹനങ്ങളുടെ നിരയായിരിക്കും. ഒരു ബസ് സ്റ്റോപ്പിൽ നിർത്തിയാൽ പിന്നെ മറ്റൊരു വാഹനത്തിനും മറി കടക്കാൻ സാധിക്കാത്ത സ്ഥിതിയാണ്.

കെ.എ.പി.നാല് സ്ഥലം വിട്ടുകൊടുക്കുകയും സംസ്ഥാന സർക്കാർ തീരുമാനം അംഗീകരിക്കുകയും ചെയ്താൽ തളിപ്പറമ്പ് ഭാഗത്തേക്കുള്ള യാത്രക്കാർക്ക് എങ്കിലും ബസ് ബേ വലിയ പ്രയോജനം ചെയ്യും. ഒരേ സമയം മൂന്ന് ബസുകൾക്ക് എങ്കിലും പാർക്ക് ചെയ്യാനുള്ള സൗകര്യവും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയാൽ യാത്രക്കാർക്ക് സഹായകമാവും. നിലവിൽ കെ.എ.പി.യുടെ കവാടത്തിന് മുന്നിൽ ഓവ് ചാലുകൾക്ക് മുകളിലാണ് യാത്രക്കാർ ബസ് കാത്തു നിൽക്കുന്നത്.

ജനപ്രതിനിധികൾ സ്ഥലം സന്ദർശിച്ചു

മാങ്ങാട്ടുപറമ്പ് കെ.എ.പി. ക്യാമ്പിൽ നിന്നും ബസ് ബേക്ക് വിട്ടു നൽകാൻ സമ്മതിച്ച സ്ഥലം ശനിയാഴ്ച രാവിലെ സ്ഥലം എം.എൽ.എ. ടി.കെ. ഗോവിന്ദനും ആന്തൂർ നഗരസഭ ചെയർപേഴ്സൺ വി. സതീദേവിയും ഉന്നത പോലീസ് ഉദ്യോഗസ്ഥരോടൊപ്പം സന്ദർശിച്ചു. കെ.എ.പി. വിട്ടു നൽകാൻ സമ്മതം നൽകിയ സ്ഥലം ബസ് ബേക്ക് അനുയോജ്യമാണന്നും ജനപ്രതിനിധികൾ പറഞ്ഞു. സർക്കാരിന്റെ ഭാഗത്ത് നിന്നും ആവശ്യമായ എല്ലാ ഇടപെടലും നടത്തുമെന്ന് എം.എൽ.എ. പറഞ്ഞു. ബസ് ബേനിർമ്മിക്കേണ്ടതിൻ്റെ ആവശ്യകത കണക്കിലെടുത്ത് ആന്തൂർ നഗരസഭയുമായും പൊതുമരാമത്ത് വകുപ്പുമായും ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും എം.എൽ.എ. അറിയിച്ചു.നഗരസഭ ചെയർപേഴ്സണും എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു.

ധർമശാലയുടെ പ്രാധാന്യവും യാത്രക്കാരുടെ ബാഹുല്യവും കണക്കിലെടുക്കുമ്പോൾ നിർദ്ദിഷ്ട ബസ് ബേ യാഥാർത്ഥ്യമായാൽ ടൗണിലെ പൊതു ഗതാഗത സൗകര്യങ്ങൾക്ക് ആശ്വാസമാകും.