ഇരിട്ടി : ആറളത്ത് നിർമിക്കുന്ന ആനമതിലിന്റെ പ്രവൃത്തി ഡിസംബർ 31-നകം പൂർത്തിയാക്കാൻ കളക്ടർ പി. വിഷ്ണുരാജിന്റെ അധ്യക്ഷതയിൽ നടന്ന അവലോകനയോഗത്തിൽ തീരുമാനം. മതിലിന്റെ നിർമാണ പുരോഗതി കളക്ടർ നേരിട്ട് വിലയിരുത്തി. പുരധിവാസമേഖല ബ്ലോക്ക് 10-ൽ പുളിമരംതട്ടിൽ നിർമാണം നടക്കുന്ന സ്ഥലത്തെത്തിയാണ് കളക്ടർ പ്രവൃത്തി വിലയിരുത്തിയത്. ആനമതിൽ നിർമിക്കുന്നതിൽ ഏറ്റവും ഉയരം കൂടിയ മേഖലയാണിത്. ആറ് കിലോമീറ്ററോളം നിർമാണം പൂർത്തിയായതായും ശേഷിക്കുന്ന മൂന്ന് കിലോമീറ്ററിൽ പ്രവൃത്തി പുരോഗമിക്കുകയാണെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു. പ്രവൃത്തിയുടെ വേഗം കൂട്ടാനും മതിലിനോട് ചേർന്നുള്ള ജണ്ടകൾ മാറ്റുന്നതിനും അടിക്കാട് വെട്ടിത്തെളിക്കുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കാനും കളക്ടർ നിർദേശിച്ചു. നിർമാണത്തിലേർപ്പെട്ട തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ആർ.ആർ.ടിയുടെ നിരീക്ഷണം ശക്തമാക്കണമെന്നും നിർദേശിച്ചു. സോളാർവേലിയിലേക്കുള്ള വൈദ്യുതിവിതരണത്തിലെ തകരാർ പരിഹരിക്കാൻ അനെർട്ട് അധികൃതരെയും ചുമതലപ്പെടുത്തി.
കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാൻ ജലജീവൻ മിഷൻ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കളക്ടർ നിർദേശിച്ചു.
മേഖലയിലെ ഗതാഗതപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ആർ.ടി.ഒ സമർപ്പിച്ച നിർദേശം അപര്യാപ്തമാണെന്ന് വിലയിരുത്തി. പുനരധിവാസ മേഖലയിലെ വോട്ടർ ഐ.ഡി. കാർഡോ ജനനസർട്ടിഫിക്കറ്റോ ഉള്ള കുട്ടികളുൾപ്പെടെ മുഴുവൻ പേർക്കും ആധാർ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ഐ.ടി. മിഷനെയും ചുമതലപ്പെടുത്തി.
അസിസ്റ്റന്റ് കളക്ടർ എസ്. സ്വാതി, ഡി.എഫ്.ഒ. കെ. സജി, ആറളം പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ, ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീസർ എസ്.എസ്. സുധീർ, അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ കെ. മൃദുല, ആറളം ഫാമിങ് കോർപ്പറേഷൻ അഡ്മിനിസ്ട്രേറ്റർ നിധീഷ് കുമാർ, പഞ്ചായത്ത് സെക്രട്ടറി ബാലകൃഷ്ണൻ, ആറളം ഡിവിഷൻ വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ, റെയിഞ്ച് ഓഫീസർമാരായ ടി. നിതിൻരാജ് തുടങ്ങിയവർ പങ്കെടുത്തു.
Published: 18 Sept 2026, 03:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented