ഇരിട്ടി : തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്റർ സംഘടിപ്പിക്കുന്ന നാലാമത് കോട്ടയത്ത് തമ്പുരാൻ കഥകളി ഉത്സവത്തിന് മൃദംഗശൈലേശ്വരി ക്ഷേത്രമുറ്റത്ത് അരങ്ങുണർന്നു. മുഴക്കുന്നിൽ ഇനി ഒരാഴ്ചക്കാലം കലാസ്വാദകർക്ക് കഥകളിയുടെ രാപകലുകൾ. കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ ഉത്സവത്തിന് തിരിതെളിച്ചു.
സൗത്ത് സോൺ കൾച്ചറൽ സെന്റർ ഡയറക്ടർ കെ.കെ. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ക്ഷേത്രം ചെയർമാൻ കെ. രാമചന്ദ്രൻ, എക്സിക്യുട്ടീവ് ഓഫീസർ എം. മനോഹരൻ, ക്ഷേത്രം ഭരണസമിതിയംഗം പ്രേമരാജൻ, കലാമണ്ഡലം ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
കോട്ടയം തമ്പുരാന്റെ ആട്ടക്കഥകളാണ് ഏഴുദിവസം നീളുന്ന ഉത്സവത്തിൽ അരങ്ങിലെത്തുക. ബകവധം, കലകേയവധം, കിർമീരവധം, കല്യാണസൗഗന്ധികം എന്നീ ആട്ടക്കഥകളാണ് അവതരിപ്പിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ആട്ടക്കഥകൾ സവിസ്തരം കഥകളി അരങ്ങിൽ അവതരിപ്പിക്കുക. സംസ്ഥാനത്തെ പ്രമുഖ വേഷക്കാരും പാട്ടുകാരും മേളക്കാരും കഥകളി ഉത്സവത്തിന്റെ ഭാഗമാകും.
കഥകളിരംഗത്ത് പ്രവർത്തിക്കുന്ന യുവകലാകാരന്മാർക്ക് ഇത്തവണ ഉത്സവത്തിൽ പ്രത്യേക പരിഗണനയും നൽകുന്നുണ്ട്. അതത് ദിവസങ്ങളിൽ അരങ്ങിലെത്തുന്ന കഥകളുടെ ചൊല്ലിയാട്ടം രാവിലെ നടക്കും. എല്ലാദിവസവും വൈകീട്ട് നാലിന് ആരംഭിക്കുന്ന കഥകളി അരങ്ങ് രാത്രി 10-ഓടെ സമാപിക്കും.
മൃദംഗശൈലേശ്വരി ക്ഷേത്ര ഭരണസമിതിയുടെ സഹകരണത്തോടെയാണ് കഥകളി ഉത്സവം സംഘടിപ്പിക്കുന്നത്. കലാമണ്ഡലം ശിവദാസൻ, കലാമണ്ഡലം മയ്യനാട് രാജീവ്, കലാമണ്ഡലം മഹേന്ദ്രൻ, കലാമണ്ഡലം അരുൺ വാരിയർ, കലാമണ്ഡലം വിപിൻ ശങ്കർ എന്നിവർ വേഷത്തിലും കലാമണ്ഡലം ബാബു നമ്പൂതിരി, കലാമണ്ഡലം അജേഷ് പ്രഭാകർ എന്നിവർ സംഗീതത്തിലും കലാമണ്ഡലം രവിശങ്കർ ചെണ്ടയിലും കലാമണ്ഡലം വേണു മദ്ദളത്തിലും കലാമണ്ഡലം മുരളി, കലാമണ്ഡലം രാജേഷ്, സദനം വിവേക് എന്നിവർ ചുട്ടിയിലും രാമകൃഷ്ണൻ, ഷാജി തുടങ്ങിയവർ അണിയറയിലും പ്രവർത്തിക്കുന്നു.
Published: 04 Oct 2026, 04:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented