ഇരിട്ടി: ആറളം പുനരധിവാസമേഖലയ്ക്ക്് ഭീഷണിയായ മോഴയാനയെ പിടിച്ചതോടെ ഓപ്പറേഷൻ മഖ്‌ന പൂർത്തിയായെങ്കിലും ദൗത്യത്തിന്റെ ആസൂത്രണത്തിലുണ്ടായ പാളിച്ചകൾ വനംവകുപ്പിനും പാഠമാണ്. വനംവകുപ്പിന്റെ ഏറ്റവും ദൈർഘ്യമേറിയ ഓപ്പറേഷനും അപകടകരമായ ദൗത്യവുമായിരുന്നു ഇത്. 23 മണിക്കൂറിലധികം നീണ്ട ദൗത്യത്തിനിടയിലാണ് മോഴയാനയെ അഴിക്കൂട്ടിലാക്കാനായത്. ആറളത്തുനിന്ന് മോഴ മുത്തങ്ങയിലെത്തുമ്പോഴേക്കും മയക്കം ചെറിയതോതിൽ വിട്ടൊഴിഞ്ഞിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12-ഓടെ മയക്കുവെടിയേറ്റ മോഴയെ മുത്തങ്ങയിലെത്തിച്ചത് വെള്ളിയാഴ്ച പുലർച്ചെ 4.30-ടെയാണ്. അപ്പോഴേക്കും മോഴ ചെറിയ തോതിൽ ആക്രമണവാസന പ്രകടിപ്പിച്ചുതുടങ്ങിയിരുന്നു. തുമ്പിക്കൈ ഉപയോഗിച്ച് കൂടിന്റെ മരങ്ങൾ തകർക്കാൻ ശ്രമം തുടങ്ങിയിരുന്നു.
തുടക്കത്തിലേ പാളിച്ച
: ആറളത്ത് ജനവാസമേഖലയിൽ ജനിച്ചുവളർന്ന മോഴയുടെ ആവാസവ്യവസ്ഥയിലേക്ക് നിരീക്ഷണത്തിന് പെട്ടെന്നുള്ള കടന്നുകയറ്റം ആനയ്ക്ക് തിരിച്ചറിയാൻ കഴിയുന്ന രീതിയിലായിരുന്നു. ഡ്രോണുകളും മറ്റും ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലെ അസ്വാഭാവികത മോഴയെ ഫാമിൽനിന്ന് വനത്തിലേക്ക് പൊടുന്നനെ ഉൾവലിയുന്നതിനിടയാക്കി. പിന്നീട് വല്ലപ്പോഴുമുള്ള സന്ദർശകനായി മാറി. ഇതാണ് ദൗത്യം രണ്ടുമാസത്തിലധികം നീളുന്നതിലേക്ക് നയിച്ചത്.
ഓപ്പറേഷന്റെ ഭാഗമായി കുങ്കിയാനകളെ ബ്ലോക്ക് 13-ൽ മയക്കുവെടിവെച്ച ഭാഗത്തേക്ക് എത്തിക്കുന്നതിനിടെയും സുരക്ഷാവീഴ്ചയുണ്ടായി. ആദ്യ രണ്ട് കുങ്കിയാനകളെ ലോറിയിൽ ദൗത്യസ്ഥലത്തേക്ക് എത്തിക്കുന്നതിനിടെ വാഹനത്തിന്റെ സഞ്ചാരപാതയിലെ വൈദ്യുതലൈനുകൾ ഓഫ് ചെയ്തിരുന്നില്ല. ലോറിയുടെ മുകൾഭാഗം വൈദ്യുതലൈനിൽ തട്ടി സ്പാർക്കും ലൈൻ പൊട്ടിവീഴുകയുമുണ്ടായി. ഭാഗ്യംകൊണ്ടാണ് ആനയും ലോറിയിലുണ്ടായിരുന്ന ആറ് ജീവനക്കാരും വൈദ്യുതാഘാതമേൽക്കാതെ രക്ഷപ്പെട്ടത്. ആനകളുമായി എത്തുന്ന ലോറിയുടെ യാത്രാപാതയിൽ താഴ്ന്നുകിടക്കുന്ന വൈദ്യുതലൈനിൽ നേരത്തേ വൈദ്യുതബന്ധം വിച്ഛേദിച്ചിരുന്നില്ല.
10 മണിക്കൂറിലേറെ വൈദ്യുതി മുടങ്ങി
:1700-ലേറെ കുടുംബങ്ങൾ താമസിക്കുന്ന ആറളം പുനരധിവാസ മേഖലയിൽ 10 മണിക്കൂറിലേറെ വൈദ്യുതി മുടങ്ങിയത് പ്രതിഷേധത്തിനിടയാക്കി. ആനയെ വൈദ്യുതാഘാതത്തിൽനിന്ന് രക്ഷിക്കാനാണ് വൈദ്യുതബന്ധം വിച്ഛേദിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12-ന് ഓഫാക്കിയ വൈദ്യുതലൈൻ അർധരാത്രിക്കുശേഷമാണ് പുനഃസ്ഥാപിച്ചത്. വന്യമൃഗശല്യം രൂക്ഷമായ മേഖലയിൽ മണിക്കൂറുകളോളം വെളിച്ചമില്ലാതായത് പ്രദേശവാസികളെ ആശങ്കയിലാക്കി. പലരുടെയും മൊബൈൽ ഫോണുകൾ ചാർജ് തീർന്ന് ഓഫായതോടെ പരസ്പരം ബന്ധപ്പെടുന്നതിനും ബുദ്ധിമുട്ടുണ്ടാക്കി
ലോറി ചെളിയിൽ കുടുങ്ങി
:മോഴയാനയെ കൊണ്ടുവന്ന ലോറി മണിക്കൂറുകളോളം ചെളിയിൽ താഴ്ന്നു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് ലോറി കുഴിയിൽനിന്ന് നീക്കാനായത്.
ജാഗ്രത തുടരും -മന്ത്രി
:അപകടകാരിയായ മോഴയാനയെ ആറളത്തുനിന്ന് പിടിച്ചുമാറ്റിയെങ്കിലും ജാഗ്രത തുടരുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ജനവാസമേഖലയിൽ ആന ഇറങ്ങുന്നതുമൂലമുള്ള നാശങ്ങൾ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം വനംമന്ത്രി മേഖലയിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വലിയിരുത്തിയത്.
വലിയ വിജയം
: അപകടകാരിയായ മോഴയെ അപകടരഹിതമായി പിടിച്ചുമാറ്റാൻ കഴിഞ്ഞത് വലിയ നേട്ടം തന്നെയാണെന്ന് വനം വകുപ്പ്. രണ്ട് ഡോസ് മയക്കുവെടിയേറ്റിട്ടും മണിക്കൂറുകളോളം മയങ്ങാതെനിന്ന മോഴയെ ഏറെ സാഹസപ്പെട്ടാണ് കുങ്കിയാനകളുടെ സഹായത്തോടെ കീഴ്‌പ്പെടുത്തിയത്. കാലാവസ്ഥ പ്രതികൂലമായതും ഭൂമിയുടെ പ്രത്യേകതയും ദൗത്യം നീളാനിടയാക്കി.
മോഴയ്ക്ക് ഇടതുകണ്ണിന് കാഴ്ചയില്ല
:മോഴയെ ആറളത്തുനിന്ന് പാൽച്ചുരം, ബോയ്‌സ് ടൗൺ വഴി മുത്തങ്ങയിലേക്ക് മാറ്റിയത് വെള്ളിയാഴ്ച പുലർച്ചെ 4.30-ഓടെ. മുത്തങ്ങ ആനക്യാമ്പിലെത്തിച്ച ആനയെ രാവിലെ ആറോടെ ആനക്കൊട്ടിലിൽ കയറ്റി. പരിശോധനയിൽ ആനയുടെ ഇടതുകണ്ണിന് കാഴ്ചയില്ലെന്നും തുമ്പിക്കൈയിലും വലത് മുൻകാലിലുമുള്ള പഴയ മുറിവുകളും കണ്ടെത്തി. ആവശ്യമായ ചികിത്സയും തുടർപരിചരണവും നൽകും.
കണ്ണൂർ നോർത്തേൺ സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ബി.എൻ.അഞ്ജൻകുമാർ, കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ കെ.സജി, ആറളം വൈൽഡ്‌ലൈഫ് വാർഡൻ വി.രതീശൻ, സി.സി.എഫ്. ടെക്‌നിക്കൽ അസിസ്റ്റന്റ് പ്രദീപ്, എസ്.ഐ.പി. കണ്ണൂർ രവീന്ദ്രനാഥ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ദൗത്യം.
കൊട്ടിയൂർ, കണ്ണവം, തളിപ്പറമ്പ്, ആറളം റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരും ആറളം അസിസ്റ്റന്റ് വൈൽഡ്‌ലൈഫ് വാർഡനും ഫീൽഡ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
Published: 03 Oct 2026, 03:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented