അപകടത്തിലേക്ക് വാതുറന്ന് നഗരമധ്യത്തിലെ നടപ്പാത

To advertise here,

കണ്ണൂർ: അധികൃതരുടെ മൂക്കിനുതാഴെ, നഗരമധ്യത്തിലെ പ്രധാന പാതകളിലൊന്നിൽ അഴുക്കുചാലിന്റെ സ്ലാബുകൾ തകർന്നിട്ട് വർഷങ്ങൾ. ഇത് പുനഃസ്ഥാപിക്കാനോ നേരാംവണ്ണം അറ്റകുറ്റപണി നടത്താനോ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. കാൽടെക്സിലെ ഗാന്ധിപ്രതിമ പരിസരത്തുനിന്ന് തെക്കി ബസാറിലേക്ക് പോകുന്ന റോഡിൽ കോഫിഹൗസിന് മുൻപിലാണ് അപകടകരമാംവിധത്തിലുള്ള അവസ്ഥ. നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നാണിത്. കോഫി ഹൗസിന് പുറമെ ഡി.ടി.പി.സി. ഓഫീസ്, ബാഫഖി സൗധം, ജില്ലാലൈബ്രറി, വൈദ്യുതി ഭവൻ തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഇൗ ഭാഗത്ത് പ്രവർത്തിക്കുന്നുണ്ട്. ഒട്ടേറെ വ്യാപാരസ്ഥാപനങ്ങളും ആരാധനാലയങ്ങളും ഇൗ വഴിയിലുണ്ട്. സബ് ജയിൽ, മഹാത്മാ മന്ദിരം ഭാഗങ്ങളിലേക്ക് പോകേണ്ട നിരവധി പേർ ഇൗ വഴി ആശ്രയിക്കുന്നുണ്ട്. കോർപ്പറേഷൻ 49-ാം വാർഡായ തായത്തെരുവിലാണ് ഇൗ മേഖല. കോഫി ഹൗസിന് വിളിപ്പാടകലെയുള്ള മാളിന്റെ മുൻപിലുള്ള സ്ലാബുകളുടെ അവസ്ഥയും സമാനമാണ്.

പാർക്കിങ് റോഡരികിൽ, കാൽനടയാത്ര റോഡിൽ

കോഫി ഹൗസിന് മുന്നിലുള്ള അഴുക്കുചാലിന്റെ സ്ലാബുകൾ ഒന്നൊഴിയാതെ വരിയും നിരയും തെറ്റി കിടക്കുകയാണ്. പല സ്ലാബുകളും ഒന്നിനുമേലെ ഒന്നായി അട്ടിവെച്ച നിലയിലാണ്. തകർന്ന സ്ലാബുകൾക്ക് പകരം സ്ഥാപിച്ചത് അനുയോജ്യമല്ലാത്ത സ്ലാബുകളാണ്. കോഫി ഹൗസിന് മുന്നിലായി ഇരുചക്രവാഹനങ്ങൾ റോഡരികിൽ നിർത്തിയിടുന്നതുകാരണം കാൽനടയാത്രക്കാർ പലപ്പോഴും റോഡിലിറങ്ങി നടക്കേണ്ട ഗതികേടിലാണ്. ചിലപ്പോൾ വലിയ വാഹനങ്ങൾ വരെ ഇവിടെ നടപ്പാതയ്ക്ക് മുകളിൽ നിർത്തിയിട്ടതും കാണാം. രാത്രി മതിയായ വെളിച്ചമില്ലാത്തതിനാൽ ദുരിതം ഇരട്ടിക്കും. കോഫി ഹൗസിന് മുന്നിലായാണ് ഇവിടെ സീബ്രാലൈനുള്ളത്. ഇരുവശത്തേക്കമുള്ള വാഹനങ്ങളെ നിയന്ത്രിക്കാനായി ഇവിടെ വടം കെട്ടി ബാരിക്കേഡ് സ്ഥാപിച്ചിട്ടുമുണ്ട്. എന്നാൽ ചില വാഹനങ്ങൾ കുറുക്കുവഴി തേടി സീബ്രാലൈനിൽനിന്ന് യു ടേൺ എടുത്ത് സഞ്ചരിക്കുന്നുണ്ട്. ഇത് വൻ അപകടങ്ങൾക്ക് വഴിയൊരുക്കും.

ചുമതല എൻ.എച്ച്. വിഭാഗത്തിന്

ഇവിടത്തെ പ്രവൃത്തിയുടെ ചുമതല ദേശീയപാതാ വിഭാഗത്തിനാണ്. നാട്ടുകാരിൽനിന്ന് നിരന്തരം പരാതി ഉയർന്നതിനെത്തുടർന്ന് വിഷയം എൻ.എച്ച്. അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടങ്കൽ തയ്യാറായിട്ടുണ്ടെങ്കിലും ടെൻഡർ നടപടിയിലേക്ക് കടന്നിട്ടില്ല എന്നാണറിയുന്നത്

ലിഷ ദീപക് , വാർഡംഗം