പിലാത്തറ : പിലാത്തറ ടൗൺ സൗന്ദര്യവത്കരണ പ്രവൃത്തി ഡിസംബറിൽ പൂർത്തീകരിക്കാൻ സാധിക്കുമെന്ന് എം. വിജിൻ എം.എൽ.എ. അറിയിച്ചു. പിലാത്തറയിൽ പദ്ധതിപ്രദേശങ്ങൾ സന്ദർശിച്ച് പ്രവൃത്തി പുരോഗതി വിലയിരുത്തി.

To advertise here,

ടൗണിന്റെ സമഗ്രവികസനത്തിനും സൗന്ദര്യവത്കരണത്തിനുമായി എൽ.ഡി.എഫ്. സർക്കാർ നവകേരള സദസ്സിൽ ഉൾപ്പെടുത്തി അനുവദിച്ച രണ്ട് കോടി രൂപ ചെലവിലാണ് പ്രവൃത്തി നടക്കുന്നത്. പദ്ധതിയുടെ ഭാഗമായി നടപ്പാത, ഓവുചാൽ, ഇലക്‌ട്രിക് പോസ്റ്റുകൾ മാറ്റിസ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികൾ പുരോഗമിച്ചുവരുന്നു.

പിലാത്തറ ടൗണിലെ മാതമംഗലം റോഡിന്റെ ഇരുവശത്തും ഇന്റർലോക്ക് ചെയ്ത നടപ്പാത, അലങ്കാരച്ചെടികൾ ഉൾപ്പെടുത്തിയ ഗാർഡൻ, ലൈറ്റിങ്‌ സംവിധാനം, ഓവുചാൽ സൗകര്യം, ടാറിങ്‌ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നത്.

ദേശീയപാതാ വികസനത്തിന്റെ പശ്ചാത്തലത്തിൽ പിലാത്തറ മേഖലയിൽ വർധിക്കാനിടയുള്ള ഗതാഗതത്തിരക്ക് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും ടൗണിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് എം. വിജിൻ എം.എൽ.എ. പറഞ്ഞു.

ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് സനൂപ് മോഹൻ, പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ കെ. പ്രവീൺ, അസിസ്റ്റന്റ് എൻജിനീയർ കെ. രഞ്ജിത്ത്, ഊരാളുങ്കൻ ലേബർ സൊസൈറ്റി പ്രോജക്ട് എൻജിനീയർ കെ.എം. അർജുൻ, കെ.എസ്.ഇ.ബി.യിലെ എം. വീണ, പി. ബിനേഷ്, പി.ഇ. വിപിൻ കുമാർ എന്നിവരും പങ്കെടുത്തു.