കൂത്തുപറമ്പ് : ഗോകുൽ തെരു റോഡിലൂടെ വണ്ടി ഓടിക്കുന്നവർ സൂക്ഷിച്ചില്ലെങ്കിൽ അപകടം പറ്റുമെന്നതിൽ സംശയമില്ല. നഗരത്തിലെ പ്രധാന സർവീസ് റോഡുകളിൽ ഒന്നാണ് ഗോകുൽ തെരു കാഞ്ചി കാമാക്ഷി അമ്മൻ ക്ഷേത്രം റോഡ്. ജല അതോറിറ്റി കുടിവെള്ളപൈപ്പ് ഇടുന്നതിന്റെ ഭാഗമായി ഈ റോഡിന്റെ ഒരുവശം പൊളിച്ചതിനാൽ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും യാത്ര ബുദ്ധിമുട്ടാവുന്നു.

To advertise here,

ഇവിടെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. സ്കൂൾ കുട്ടികളുൾപ്പെടെ ഒട്ടേറെപ്പേർ കാൽനടയായി പോകുന്ന റോഡാണിത്.

റോഡിന് വീതി കുറവാണ്. ഇരുവശങ്ങളിൽനിന്നും വാഹനങ്ങൾ വന്നാൽ, യാത്ര ബുദ്ധിമുട്ടാണ്. എന്നിട്ടും റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നു. ഒട്ടേറെ വ്യാപാരസ്ഥാപനങ്ങളും വീടുകളും റോഡിന്റെ ഇരുവശത്തുമായിട്ടുണ്ട്. കാഞ്ചി കാമാക്ഷി അമ്മൻ ക്ഷേത്രം സ്ഥിതിചെയ്യുന്നതും ഇവിടെയാണ്.

ഒക്ടോബറിൽ ക്ഷേത്രത്തിൽ ഉത്സവം നടക്കാനിരിക്കെ, ഒട്ടേറെ വാഹനങ്ങൾ വന്നുപോകുന്ന ഇടമായി ഇത് മാറും.

അതിനാൽ, റോഡ് എത്രയും വേഗം ശരിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൂത്തുപറമ്പ് നഗരത്തോട് ചേർന്നുകിടക്കുന്ന റോഡിന്റെ പകുതി ഭാഗം നഗരസഭാ പദ്ധതിയിലുൾപ്പെടുത്തി കൊരുപ്പുകട്ടകൾ പാകി അടുത്തിടെ നവീകരിച്ചിരുന്നു. സൗന്ദര്യാത്മകമായനിലയിൽ ആ വീഥിയെ മാറ്റണമെന്ന ആശയവും നഗരസഭയ്ക്കുണ്ട്. അവിടെ അലങ്കാരവിളക്കുകളും വാൾആർട്ടുകളുമൊക്കെ ചെയ്ത് പരമ്പരാഗത, കൂത്തുപറമ്പിന്റെ സംസ്കാരം വിളിച്ചോതുന്ന പാതയാക്കിമാറ്റണമെന്ന ആശയവും നഗരസഭയുടെ ആലോചനയിലുണ്ട്.