പാപ്പിനിശ്ശേരി : വർഷങ്ങൾക്ക് മുൻപ് റെയിൽവേ ജീവനക്കാർ ഒഴിഞ്ഞ ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷൻ റോഡിൽ അപകടാവസ്ഥയിൽ. ഏത് നിമിഷവും നിലംപൊത്താവുന്ന കെട്ടിടങ്ങൾ പാപ്പിനിശ്ശേരി ചുങ്കം-ഗേറ്റ് റോഡരികിൽ വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്.
അധികൃതരുടെ അവഗണന കാരണം പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററെയാണ് അവസാനം നാല് മാസം മുൻപ് മാറ്റിയത്. ജീർണാസ്ഥയിലായതിനാൽ പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ റെയിൽവേ ജീവനക്കാർ ഒഴിഞ്ഞിരുന്നു. ദീർഘകാലം സ്റ്റേഷൻമാസ്റ്റർമാരടക്കമുള്ള റെയിൽവേ ജീവനക്കാർ താമസിച്ച കെട്ടിടങ്ങളാണ് നിലവിൽ ജീർണാവസ്ഥയിൽ കിടക്കുന്നത്.
നാല് ക്വാർട്ടേഴ്സ് കെട്ടിടങ്ങളാണ് പാപ്പിനിശ്ശേരിയിലുള്ളത്. ഇതിൽ എല്ലാ കെട്ടിടങ്ങളുടെയും മേൽക്കൂരകൾ തകർന്ന് കഴിഞ്ഞു. ബാക്കി ഭാഗം ഏത് നിമിഷവും നിലംപതിക്കാവുന്ന സ്ഥിതിയിലാണ്. ഇതോടൊപ്പം കെട്ടിടങ്ങളുടെ ചുമരുകളും തകർന്ന് തുടങ്ങി. അവ ഒന്നാകെ തകർന്നാൽ സമീപത്തെ റോഡിനും ഭീഷണിയാ കുമെന്നുറപ്പാണ്.
നൂറുക്കണക്കിന് ആളുകൾ കാൽനടയായും വാഹനങ്ങൾ ഇടതടവില്ലാതെ കടന്നുപോകുന്ന തിരക്കേറിയ റോഡ് കൂടിയാണ്. ഈ റോഡരികിലാണ് കാടുമൂടി അതിജീർണാവസ്ഥയിൽ പഴയ ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ കിടക്കുന്നത്.
റെയിൽവേ സ്റ്റേഷനോടും കടുത്ത അവഗണന
ഇന്നും നൂറുക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ഉത്തര മലബാറിലെ റെയിൽവേ സ്റ്റേഷനാണ് പാപ്പിനിശ്ശേരി. എന്നാൽ 2022-ൽ സ്റ്റേഷൻ മാസ്റ്ററെ പിൻവലിച്ച് സ്റ്റേഷനെ പാലക്കാട് ഡിവിഷൻ അധികൃതർ ഹാൾട്ട് സ്റ്റേഷൻ മാത്രമാക്കി.
നിലവിൽ കരാർ അടിസ്ഥാനത്തിലുള്ള ഹാൾട്ട് ഏജൻറുമാരാണ് ടിക്കറ്റുകൾ കൈകാര്യം ചെയ്യുന്നത്. യാത്രക്കാർ നിൽക്കുന്ന ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ മേൽക്കൂരയില്ല. മൂന്ന് സ്ഥലങ്ങളിലായി ചെറിയ കാത്തിരിപ്പ് കേന്ദ്രങ്ങൾ മാത്രമാണുള്ളത്. അവിടം കാടുമൂടി കിടക്കുന്ന സ്ഥിതിയാണ്.
പ്ലാറ്റ്ഫോമിന്റെ ഉയരം കുറവായതിനാൽ വയോജനങ്ങൾക്കും രോഗികൾക്കും കുട്ടികൾക്കും മറ്റും തീവണ്ടിയിൽ കയറിപ്പറ്റാൻ വളരെ പ്രയാസമാണ്. ഇത് കാരണം തീവണ്ടിയിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും പലരും വീണ് അപകടത്തിൽപ്പെടുന്നതും പതിവ് കാഴ്ചയാണ്.
റെയിൽവേ സ്റ്റേഷൻ സംരക്ഷണ സമിതിയും കർമസമിതിയുമുണ്ടെങ്കിലും അവയെല്ലാം നിലവിൽ നിർജീവാവസ്ഥയിലാണ്.
Published: 15 Sept 2026, 04:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented