കൊല്ലൂർ : മൂകാംബിക ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് ഭക്തിനിർഭരമായ തുടക്കം. ഞായറാഴ്ച രാവിലെ തന്ത്രി ഡോ. കെ. രാമചന്ദ്ര അഡിഗ ക്ഷേത്രനടയിലെ കൊടിമരച്ചോട്ടിൽ സ്തംഭഗണപതിപൂജ നടത്തിയതോടെ നവരാത്രി ഉത്സവത്തിന് തുടക്കമായി. തുടർന്ന് ദേവിയെ ശ്രീകോവിലിൽനിന്ന്‌ ആനയിച്ച് പല്ലക്കിൽ എഴുന്നള്ളിച്ചു. നൂറുകണക്കിന് ഭക്തർ പല്ലക്കിനെ അനുഗമിച്ചു.

To advertise here,

ഇത്തവണ 10 ദിവസമാണ് കൊല്ലൂരിൽ നവരാത്രി ആഘോഷം. രണ്ടുദിവസം അഷ്ടമി വരുന്നതിനാലാണിത്. 20-നാണ് പ്രധാന ചടങ്ങായ പുഷ്പരഥോത്സവം. രാവിലെ 8.45-ന് പുഷ്പങ്ങളും ഫലങ്ങളും കൊണ്ട്‌ അലങ്കരിച്ച രഥത്തിൽ ദേവി എഴുന്നള്ളും. ദേവീവിഗ്രഹത്തെ രഥത്തിലേറ്റി ശ്രീകോവിലിനുചുറ്റും രഥം വലിക്കും. രഥോത്സവത്തിന്‌ മുന്നോടിയായി രാവിലെ 6.30-ന് ചണ്ഡികാഹോമം നടക്കും.

21-ന് പുലർച്ചെ നാലിന് നട തുറക്കുന്നതോടെ വിദ്യാരംഭം തുടങ്ങും. വൈകീട്ടുള്ള വിജയോത്സവത്തോടെ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾക്ക് സമാപനമാകും.

 

ഞായറാഴ്ചത്തെ ഉത്സവാരംഭംതൊട്ട് നിത്യേന വിവിധ പൂജകളുണ്ടാകും. 10 ദിവസം ഒൻപത് ഭാവങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ദേവിയുടെ പൂജകൾക്ക് മുഖ്യ അർച്ചകനും തന്ത്രിയുമായ ഡോ. കെ. രാമചന്ദ്ര അഡിഗ കാർമികത്വം വഹിക്കും. ദിവസവും കലാപരിപാടികളും അരങ്ങേറ്റവും ഉണ്ടാവും.