ചാല : ദേശീയപാതയുടെ നിർമാണം പൂർത്തിയാകാത്ത സർവീസ് റോഡ് ചാലയിൽ അനധികൃതമായി തുറന്നുകൊടുത്തത് അപായഭീഷണിയാകുന്നു. യാതൊരു സുരക്ഷാക്രമീകരണങ്ങളുമില്ലാത്ത റോഡിൽ അപകടങ്ങളുണ്ടായാൽ തങ്ങൾ ഉത്തരവാദികളായിരിക്കില്ലെന്ന് വ്യക്തമാക്കി ദേശീയപാത നിർമാണ കരാർ കമ്പനി അധികൃതർ എടക്കാട് പൊലീസിന് പരാതി നൽകി. സംഭവം അധികൃതർ അതിഗൗരവത്തോടെയാണ് കാണുന്നത്.
സർവീസ് റോഡ്
തുറന്നത്
നിയമവിരുദ്ധമായി
ചാല അമ്പലം സ്റ്റോപ്പിൽനിന്ന് കണ്ണൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിന്റെ പ്രവൃത്തി പൂർത്തിയാകാത്തതിനാൽ ഇതുവരെ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ചാല ബൈപ്പാസ് കവലയിൽ നിന്ന് മിംസ്, ബേബി ആസ്പത്രി പരിസരം വഴിയാണ് ദേശീയപാതയിലേക്ക് പ്രവേശിച്ചിരുന്നത്. എന്നാൽ, അനധികൃതമായി സർവീസ് റോഡ് തുറന്നതോടെ എല്ലാ വാഹനങ്ങളും ഇപ്പോൾ ഇതുവഴിയാണ് കടന്നുപോകുന്നത്.
യാത്രക്കാർ
അപകടഭീതിയിൽ
ചാല സ്റ്റേഷൻ സ്റ്റോപ്പിൽനിന്ന് ചെമ്മൺറോഡിലൂടെയുള്ള കയറ്റത്തിലൂടെ വലിയ വാഹനങ്ങൾ ദേശീയപാതയിലേക്ക് പ്രവേശിക്കുന്നത് വലിയ അപകടഭീഷണി സൃഷ്ടിക്കുന്നുണ്ട്. ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന ഈ ഭാഗത്ത് യാതൊരു സിഗ്നൽസംവിധാനങ്ങളും സ്ഥാപിച്ചിട്ടില്ല. കൂടാതെ ഇടയ്ക്കിടെ പെയ്യുന്ന മഴ കാരണം ചെമ്മൺറോഡിൽ ചെളിനിറഞ്ഞ് വഴുക്കൽ രൂപപ്പെട്ടിരിക്കുകയാണ്. ഇത് വാഹനങ്ങളുടെ നിയന്ത്രണം തെറ്റാൻ ഇടയാക്കുന്നു. ഇതിനകം തന്നെ നിരവധി ഇരുചക്രവാഹനങ്ങൾ ഇവിടെ തെന്നിവീണ് യാത്രക്കാർക്ക് പരുക്കേറ്റിട്ടുണ്ട്.
2012-ലെ ദുരന്ത
ഓർമ്മകൾ
അശാസ്ത്രീയമായി നിർമിച്ച ഡിവൈഡറും ടാങ്കർലോറിയുടെ അമിതവേഗവുമാണ് 2012-ൽ 20 പേരുടെ ദാരുണമരണത്തിന് ഇടയാക്കിയ ചാല ടാങ്കർ ദുരന്തത്തിന് കാരണമായത്. അതുകൊണ്ടുതന്നെ, നിർമാണം പൂർത്തിയാകാത്ത റോഡ് നിയമവിരുദ്ധമായി തുറന്നുകൊടുത്തതിനെ യാത്രക്കാർ ഭീതിയോടെയാണ് നോക്കിക്കാണുന്നത്.
പണി പൂർത്തിയാകാത്ത സർവീസ് റോഡ് തങ്ങളാരും തുറന്നിട്ടില്ലെന്നാണ് പരിസരവാസികൾ പോലീസിനോട് വ്യക്തമാക്കിയത്. ചിലർ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കോൺക്രീറ്റ് ഡിവൈഡറുകൾ മാറ്റി റോഡ് തുറക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. റോഡ് അടച്ചുവെന്ന് രേഖപ്പെടുത്തി സ്ഥാപിച്ചിരുന്ന മുന്നറിയിപ്പ് ബോർഡും ഇവർ നീക്കം ചെയ്തിട്ടുണ്ട്.
പരിശോധനയും
തുടർനടപടിയും
അപകടസാധ്യത കണക്കിലെടുക്കാതെയും അനുവാദമില്ലാതെ റോഡ് തുറന്നുകൊടുത്ത സംഭവം അന്വേഷിക്കാൻ 12-ന് ദേശീയപാത അതോറിറ്റി അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തും. റോഡ് അനധികൃതമായി തുറന്നവരെക്കൊണ്ട് തന്നെ റോഡ് വീണ്ടും അടപ്പിക്കാനും അവരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാനുമാണ് എടക്കാട് പോലീസിന്റെ തീരുമാനം.
Published: 11 Oct 2026, 03:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented