ഇരിട്ടി : ആറളം ഫാമിലെയും പുനരധിവാസമേഖലയിലെയും ജനങ്ങളുടെ ജീവിത സാഹചര്യങ്ങൾ നേരിട്ടറിയാനും പ്രദേശത്തെ വികസനപ്രവർത്തനങ്ങൾ വിലയിരുത്താനുമായി പ്രിൻസിപ്പൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജി എം.മനോജിന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശം സന്ദർശിച്ചു. കളക്ടർ പി.വിഷ്ണുരാജ്, സബ് ജഡ്ജിയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയുമായ എം.ശ്രുതി തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ആറളം ഫാമിൽ ചേർന്ന യോഗത്തിൽ ഉദ്യോഗസ്ഥരിൽനിന്ന് ഫാമിന്റെ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ അദ്ദേഹം ചോദിച്ചറിഞ്ഞു. തുടർന്ന് വളയംചാലിലെ കുടുംബശ്രീ പരിശീലനകേന്ദ്രത്തിൽ പഞ്ചായത്തധികൃതർ, വിവിധ വകുപ്പുദ്യോഗസ്ഥർ, ഊരുപ്രമുഖർ, സാമൂഹികപ്രവർത്തകർ, കുടുംബശ്രീ ആനിമേറ്റർമാർ, പ്രൊമോട്ടർമാർ, ഉന്നതികളിലെ താമസക്കാർ എന്നിവരുമായി അദ്ദേഹം സംസാരിച്ചു.
കർഷകർക്ക് കൃഷിചെയ്യാനുള്ള തൈകൾ വിതരണം ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കാൻ നടപടി വേണമെന്ന് ജില്ലാ ജഡ്ജി ആവശ്യപ്പെട്ടു. ആറളത്തെ മികച്ചയിനം കുരുമുളക്, കശുവണ്ടി, കൊക്കോ തുടങ്ങിയവ ഉൾപ്പെടുത്തി ആറളം ബ്രാൻഡിന് രൂപംനൽകുന്ന കാര്യം ആലോചിക്കണമെന്ന് കളക്ടർ നിർദേശിച്ചു.
ചില ബ്ലോക്കുകളിൽ ആവശ്യമായ ഗതാഗത സംവിധാനമില്ലെന്നും വീടുകൾ വാസയോഗ്യമല്ലെന്നും യോഗത്തിൽ പരാതികളുയർന്നു. എം.ആർ.എസിലേക്ക് ഉൾപ്പെടെയുള്ള ഒൻപത് റോഡുകളുടെ നിർമാണം പുരോഗമിക്കുന്നതായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
മേഖലയിലെ വിദ്യാഭ്യാസ പ്രശ്നങ്ങളും യോഗം ചർച്ചചെയ്തു. കുട്ടികളുടെ സ്കൂൾ പ്രവേശനം ഉറപ്പാക്കാനും വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും രക്ഷിതാക്കൾ, അധ്യാപകർ, ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ഒന്നിച്ചുപ്രവർത്തിക്കണമെന്ന് ജില്ലാ ജഡ്ജി പറഞ്ഞു. ആറളം ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂൾ, പ്രീമെട്രിക് ഹോസ്റ്റൽ, മോഡൽ റെസിഡെൻഷ്യൽ സ്കൂൾ എന്നിവ സന്ദർശിച്ച ജില്ലാ ജഡ്ജിയും സംഘവും കുട്ടികളുമായി ആശയവിനിമയം നടത്തി.
നന്നായി പഠിക്കുന്നതിനോടൊപ്പം നല്ലപോലെ കളിക്കാനും സമയം കണ്ടെത്തണം. വായന പ്രോത്സാഹിപ്പിക്കുന്നതിന് നല്ല പുസ്തകങ്ങൾ സമ്മാനമായി നൽകുമെന്നും ജഡ്ജി പറഞ്ഞു. ആനമതിൽ നിർമാണം നടക്കുന്ന പ്രദേശവും സംഘം സന്ദർശിച്ചു.
പ്രവൃത്തി നല്ല രീതിയിൽ പുരോഗമിക്കുന്നതായി പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥർ അറിയിച്ചു. പുനരധിവാസ മേഖലയിലെ ഏതാനും വീടുകളും സന്ദർശിച്ചു.
സബ് കളക്ടർ രവി മീണ, പഞ്ചായത്ത് പ്രസിഡന്റ് വി.ശോഭ, ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീസർ എസ്.എസ്.സുധീർ, ആറളം സൈറ്റ് മാനേജർ ടി.ഷൈജു, ജനപ്രതിനിധികൾ, വകുപ്പുദ്യോഗസ്ഥർ തുടങ്ങിയവരും സംഘത്തെ അനുഗമിച്ചു.
പഠനനിലവാരം മെച്ചപ്പെടുത്താൻ പദ്ധതി -കളക്ടർ
:ആറളം പുനരധിവാസമേഖലയിലെ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ സമഗ്രപദ്ധതി തയ്യാറാക്കുമെന്ന് കളക്ടർ പി.വിഷ്ണുരാജ്. ജില്ലാ ജഡ്ജി എം.മനോജിന്റെ ആറളം സന്ദർശനവുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിലാണ് കളക്ടർ ഇക്കാര്യം അറിയിച്ചത്.
സ്കൂളിൽ പ്രവേശനം നേടാത്തവരെയും ഇടയ്ക്കുവെച്ച് കൊഴിഞ്ഞുപോയവരെയും കണ്ടെത്തി അവരെ സ്കൂളിലെത്തിക്കുന്നതിന് പദ്ധതി ആവിഷ്കരിക്കും. ഇതിന്റെ മുന്നോടിയായി ഇത്തരം കുട്ടികളുടെ കണക്കെടുപ്പ് നടത്തിവരികയാണ്. മേഖലയിലെ സ്കൂളുകൾക്ക് കായിക, വിനോദ ഉപകരണങ്ങൾ ഇതിനകം ലഭ്യമാക്കിയതായും കളക്ടർ അറിയിച്ചു.
Published: 12 Oct 2026, 02:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented