കുരങ്ങുകൾക്കിടയിൽ കുടുങ്ങി രാമന്തളിക്കാർ

To advertise here,

പയ്യന്നൂർ: ചക്കയും മാങ്ങയും തിന്നാൻ കൊതിയാണ് രാമന്തളിക്കാർക്ക്. പക്ഷേ കിട്ടാറില്ല. ഒന്നൊഴിയാതെ കുരങ്ങുപട തിന്നും. ബാക്കിയുള്ളത് നശിപ്പിക്കും. ചക്ക, മാങ്ങ സീസൺ കഴിഞ്ഞു. കുരങ്ങൻമാർക്ക് ഇപ്പോൾ ഇളനീർ കാലമാണ്. വീട്ടിലുള്ളവർ പണിക്ക് പോയി തിരിച്ചു വരുമ്പോൾ കുരങ്ങുകൾ സകലതും നശിപ്പിച്ചിട്ടുണ്ടാവും.

മുറ്റത്ത് തെങ്ങുണ്ടായിട്ടും തേങ്ങ കടയിൽ നിന്ന് വാങ്ങേണ്ട ഗതികേടാണ്. വാതിൽ തുറന്നിട്ടാൽ ചോറും കറിയും കഴിച്ചേ മടങ്ങു. പോകുന്ന വഴിയിൽ ജലടാങ്കിൽ കുളിക്കും, പച്ചക്കറി നശിപ്പിക്കും. കുരങ്ങ് ശല്യത്തിനൊപ്പം ഇപ്പോൾ മയിലും കൂട്ടത്തോടെ ഇറങ്ങാൻ തുടങ്ങി.

ചീര, മത്തൻ പച്ചക്കറികൾ നശിപ്പിക്കുകയാണ്.

കുരങ്ങൻമാരെ കൂടുവച്ച് പിടിച്ച് കാട്ടിലേക്ക് വിടുക എന്ന വനംവകുപ്പിന്റെ സഹകരണത്തോടെയുള്ള പഞ്ചായത്തിന്റെ 'കുരങ്ങ് പുനരധിവാസ പദ്ധതി' നടപ്പാകാത്തത് പ്രധാന പ്രശ്നമാണ്. കുരങ്ങൻമാരെ കാട്ടിലേക്ക് വിട്ടേ പറ്റു. ഇവയെ തുരത്താൻ എല്ലാവരും ഉടൻ ഒന്നിച്ചിറങ്ങണം.

രാമന്തളി സെൻട്രലിലാണ് ഏറ്റവും കൂടുതൽ. കുന്നരു, പാലക്കോട്, എരിക്കുളം, വടക്കുമ്പാട്, കല്ലേറ്റുംകര ഉൾപ്പടെ കുരങ്ങൻമാർ വ്യാപിച്ചു കഴിഞ്ഞു.

നാവിക അക്കാദമിയുടെ പരിധിയിലുള്ള കാട്ടിൽ ആയിരക്കണക്കിന് കുരങ്ങൻമാരുണ്ട്. അവർക്ക് ആഹാരവും കിട്ടാറുണ്ട്. ഇത് പെറ്റുപെരുകി വരുമ്പോഴാണ് രാമന്തളിയിലും പരിസര പ്രദേശങ്ങളിലും എത്തുന്നത്. ഈ പരിസ്ഥിതിയിൽ ജനം ഒന്നാകെ ഇറങ്ങണം. ഫണ്ടിനും സഹായത്തിനും സർക്കാർ വകുപ്പുകൾ ഇടപെടണം.