ശ്രീകണ്ഠപുരം: മനുഷ്യനും പരിഷ്‌കാരവും ദൈവങ്ങളും കടന്നുവരാൻ ഭയപ്പെട്ടിരുന്ന പ്രദേശമായാണ് ചെമ്പേരിയുടെ ആദ്യകാലത്തെ 'ഒറോത' എന്ന നോവലിൽ കാക്കനാടൻ വരച്ചുകാട്ടിയത്. അവിടെ നിന്ന് കുടിയേറ്റ കർഷകരുടെ കരുത്തിലാണ് നാട് വളർന്നത്.

To advertise here,

പിന്നീട് റബ്ബർ കുടിയേറ്റ കർഷകന് സാമ്പത്തിക അടിത്തറ നൽകി തുടങ്ങിയതോടെയാണ് ചെമ്പേരിയും വളർന്നത്‌. എന്നാൽ പിന്നീട് മലയോരത്തെ പ്രധാന കുടിയേറ്റ കേന്ദ്രത്തിന് ആവശ്യമായ വികസന മുന്നേറ്റമുണ്ടാക്കാനായില്ല. ടൗണിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത സ്ഥിതിയാണ്.

ടൗണിലെ റോഡ് വികസനവും ഗതാഗതക്കുരുക്കിനുള്ള പരിഹാരവുമാണ് ആദ്യഘട്ടത്തിൽ നടപ്പാക്കേണ്ടത്. ടൗണിലെ പ്രധാന റോഡുകൾ വീതികൂട്ടുകയും ശാസ്ത്രീയമായ രീതിയിൽ നവീകരിക്കുകയും വേണം. നേരത്തെ ജൽജീവൻ പൈപ്പിടാനായി കുത്തിപ്പൊളിച്ച റോഡും നവീകരിക്കണം.

കൈവരികളോടുകൂടിയ നടപ്പാതയും ഇവിടെ ഇല്ല ടൗണിൽ എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ കൃത്യമായ പാർക്കിങ് കേന്ദ്രവും ഇല്ലാത്തത് വലിയ പ്രതിസന്ധിയാണ്. ബസ് സ്റ്റാൻഡിലാണ് നിലവിൽ സ്വകാര്യ വാഹനങ്ങൾ നിർത്തിയിടുന്നത്.

എൽ.കെ.ജി. മുതൽ എൻജിനീയറിങ് കോളേജ് വരെയുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചെമ്പേരിയിലും പരിസര പ്രദേശങ്ങളിലുമായുണ്ട്. ദിവസവും മൂവായിരത്തോളം വിദ്യാർഥികൾ ടൗണിലൂടെ കടന്നുപോകുന്നുമുണ്ട്. അപകടമില്ലാതെ വിദ്യാർഥികൾക്ക് സുഗമമായ യാത്രാ സൗകര്യമൊരുക്കാൻ ഇവിടെ പോലീസ് എയ്ഡ് പോസ്റ്റ് ഹോം ഗാർഡോ ഇല്ലാത്ത അവസ്ഥയുമുണ്ട്. എല്ലാ സൗകര്യങ്ങളുമുള്ള ആസ്പത്രിയും ചെമ്പേരി കേന്ദ്രീകരിച്ച് വേണമെന്ന ആവശ്യമുയരുന്നുണ്ട്. ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള ശൗചാലയവും നാട്ടുകാർക്ക് പ്രയോജനമില്ലാത്ത സ്ഥിതിയിലാണ്.

റോഡ് വികസിക്കണം

ചെമ്പേരി ടൗണിലെ റോഡുകൾ മാത്രമല്ല, മറ്റു സ്ഥലങ്ങളിൽ നിന്ന് ടൗണിലേക്കെത്തുന്ന റോഡുകളും വികസിപ്പിക്കേണ്ടതുണ്ട്. കുടിയേറ്റ പൈതൃക റോഡായ കൂട്ടുംമുഖം - ചുണ്ടക്കുന്ന് - ചെമ്പേരി - റോഡ് തകർന്ന നിലയിലാണ്. കുടിയേറ്റക്കാലത്ത് ചെമ്പേരി മേഖലയിൽ എത്തിപ്പെടാനായി കർഷകർ ശ്രമദാനമായി പണിത ഈ റോഡാണിത്. 1995 -ൽ കെ.സി. ജോസഫ് എം.എൽ.എ. ആയിരുന്ന കാലത്ത് ചുണ്ടക്കുന്ന് ഭാഗത്തെ കയറ്റം കുറക്കാൻ പദ്ധതി ആസൂത്രണം ചെയ്ത് ശിലാസ്ഥാപനം നടത്തിയിരുന്നു. എന്നാൽ പദ്ധതി പ്രവർത്തികമായില്ല. കുറെ വർഷങ്ങളായി ബജറ്റിലെ ടോക്കൺ പദ്ധതികളിൽ റോഡ് വികസനം ഉൾപ്പെടുത്തിയിരുനെങ്കിലും തുക അനുവദിച്ചിരുന്നില്ല. ഈ റോഡ് നവീകരിച്ചാൽ ശ്രീകണ്ഠപുരം, കുട്ടുംമുഖം ഭാഗങ്ങളിൽ നിന്ന് ആളുകൾക്ക് എളുപ്പത്തിൽ ചെമ്പേരിയിലെത്താം.

നിർമാണം തുടങ്ങാതെ വ്യാപാര സമുച്ചയം

ഏരുവേശ്ശി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചെമ്പേരി ബസ് സ്റ്റാൻഡിനോട് ചേർന്ന് 1.5 കോടി രൂപ ചെലവിൽ വ്യാപാര സമുച്ചയം നിർമിക്കാൻ തീരുമാനിച്ചെങ്കിലും നടപ്പായില്ല. ഇതിനായി സ്ഥലം ഒരുക്കുന്നതിന് ഇവിടെയുണ്ടായിരുന്ന പഴയ മാർക്കറ്റ് കെട്ടിടം പൊളിച്ചിരുന്നു. രണ്ട് നിലകളുള്ള പുതിയ കെട്ടിടം പണിയാന്നാണ് പദ്ധതിയിട്ടിരുന്നത്.

പുതിയ കെട്ടിടം പൂർത്തിയായാൽ സപ്ലൈകോ ഉൾപ്പെടെയുള്ളവ ഇങ്ങോടേക്ക് മാറ്റാനും ആസൂത്രണം ചെയ്തിരുന്നു.

ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായാൽ ഇതിന്റെ മൂന്നാംനിലയിൽ പൊതുപരിപാടികൾ നടത്താനുള്ള ഹാൾ നിർമിക്കാനും ധാരണയുണ്ടായിരുന്നു. ചെമ്പേരി ബസ് സ്റ്റാൻഡിനെ സജീവമാക്കി നിർത്താൻ കഴിയുന്ന വ്യാപര സമുച്ചയ പദ്ധതി ഉടൻ നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മുൻഭരണ സമിതി ബജറ്റിൽ ചെമ്പേരിയിലെ ഈ സ്ഥലത്ത് 12 കോടി രൂപ ചെലവിൽ സിനിമാ തിയേറ്റർ ഉൾപ്പെടെയുള്ള വലിയ സിറ്റി സെൻറർ നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത് പ്രായോഗികമല്ലെന്ന് കണ്ടെത്തിയതോടെ ഉപേക്ഷിച്ചിരുന്നു. നബാർഡിൽ നിന്ന് കടമെടുത്താണ് ഇവിടെ സിറ്റി സെൻറർ നിർമിക്കാൻ ആസൂത്രണം ചെയ്തത്. ചെമ്പേരിയിൽ ഉടനെതന്നെ സ്വകാര്യ സിനിമ തിയേറ്ററുകൾ വരുന്നതിനാൽ ഇത്രയും രൂപ കടമെടുത്ത് നിർമിക്കേണ്ടതില്ലെന്നാണ് പഞ്ചായത്ത് അധികൃതർ തീരുമാനിച്ചത്.

ഹാപ്പിനസ് പാർക്കും വന്നില്ല

വ്യാപാര സമുച്ചയം നിർമിക്കുന്ന ചെമ്പേരി മാർക്കറ്റിനടുത്തുള്ള പച്ചത്തുരുത്ത് കെട്ടിപ്പൊതി തടയണയും ഹാപ്പിനസ് പാർക്കും നിർമിക്കാനും പദ്ധതിയുണ്ടായിരുന്നു. ഇതിനായി 2024-ലെ പഞ്ചായത്ത് ബജറ്റിൽ ഒന്നാംഘട്ടമായി 25 ലക്ഷം രൂപ വകയിരുത്തി. ഹാപ്പിനസ് പാർക്കിന്റെ ഭാഗമായി പുഴയോട് ചേർന്ന് പൂന്തോട്ടവും ആളുകൾക്ക് ഇരിക്കാനുള്ള സൗകര്യവുമൊക്കെ ഒരുക്കാനായിരുന്നു തീരുമാനിച്ചത്. വൈകുന്നേരങ്ങളിൽ ചെമ്പേരി ടൗണിലെ തിരക്കിൽ നിന്ന് മാറി ശാന്തമായി ഇരിക്കാനുള്ള കേന്ദ്രം കൂടിയായി തീരുമാനിച്ച ഈ പദ്ധതിയും യഥാർഥ്യമായില്ല. നിലവിൽ ഈ സ്ഥലത്തേക്ക് ആളുകൾ അധികം വരാത്തതിനാൽ പലരും വന്ന് മാലിന്യം തള്ളാറുണ്ട്. ഹാപ്പിനസ് പാർക്ക് പൂർത്തിയായാൽ ഇത് തടയാനും സാധിക്കും.