ധർമടം : പാറപ്രത്തു നിന്നും മേലൂർ പാലത്തിനടിയിലൂടെ ഒഴുകുന്ന പുഴയോരത്ത് വലിയ തോതിൽ കരയിടിയുന്നു. മമ്മാക്കുന്ന് പാലത്തിന് സമീപം അഞ്ചരക്കണ്ടി പുഴയുമായി യോജിക്കുന്ന സ്ഥലത്താണ് കരയിടിച്ചിൽ. ധർമടം ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ഈ സ്ഥലം . ഇവിടെയുള്ള വീടിനും കെട്ടിടത്തിനും ഇത് അപകട ഭീഷണി ഉയർത്തുന്നുണ്ട്. ബി. സുരേന്ദ്രന്റെ ജയസ് നിവാസ് വീടും മുമ്പ് ധർമടം യന്ത്രവത്കൃത ചകിരി കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രവർത്തിച്ചിരുന്ന കെട്ടിടവുമാണ് കരയിടിച്ചിൽ കാരണം അപകട ഭീഷണി നേരിടുന്നത്. കൂടാതെ മറ്റ് പലരുടെയും ഭൂമിയും പുഴയെടുത്തു. സുരേന്ദ്രന്റെ വീടിന് പിൻവശത്ത് മീറ്ററുകളോളം പുഴ കയറിയിട്ടുണ്ട്. യന്ത്രവൽകൃത ചകിരി കോപ്പറേറ്റീവ് സൊസൈറ്റി നിലവിൽ പ്രവർത്തിക്കുന്നില്ല.

To advertise here,

 

2018- 19 വർഷങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ സൊസൈറ്റിയിൽ വെള്ളം കയറി നാശമുണ്ടായതാണ് പ്രവർത്തനം നിലക്കാൻ കാരണം. തുടർന്ന് യന്ത്രങ്ങൾ പുന:സ്ഥാപിച്ചു നൽകാൻ വ്യവസായ വകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ലെന്ന് ബന്ധപ്പെട്ടവർ പറയുന്നു. അന്ന് സൊസൈറ്റിയുടെ കരയും വലിയ തോതിൽ പുഴയെടുത്തിരുന്നു.

 

എന്നാൽ എത്രയും പെട്ടെന്ന് സൊസൈറ്റിയുടെ പ്രവർത്തനം ആരംഭിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു. പുഴ കയറുന്നത് ഈ കെട്ടിടത്തിനും നിലവിൽ ഭീഷണിയാണ്. സൊസൈറ്റിയുടെ പിറകുവശത്തായി സ്ഥിതി ചെയ്യുന്ന തൊഴിലാളികൾക്കായുള്ള ശുചിമുറി ഒരു ഭാഗം ചരിഞ്ഞ് ഏതുനിമിഷവും പുഴയിലേക്ക് പതിക്കാമെന്ന നിലയിലാണുള്ളത്

ശൗചാലയത്തിന്റെ ടാങ്ക് പകുതിയും പുഴയെടുത്ത് കഴിഞ്ഞു. അടിയന്തര ഇടപെടൽ നടത്തിയില്ലെങ്കിൽ സമീപഭാവിയിൽ തന്നെ കരയിടിഞ്ഞ് കെട്ടിടങ്ങൾക്ക് കേടുപാട് സംഭവിക്കുകയോ തകർന്നു വീഴാനോ സാധ്യതയുണ്ട്. സുരേന്ദ്രന്റെ വീടും സ്ഥലവും സംരക്ഷിക്കുന്നതിനും യന്ത്രവത്കൃത ചകിരി കോഓപ്പറേറ്റീവ് സൊസൈറ്റി തുറന്നു പ്രവർത്തിക്കുന്നതിനും പുഴയുടെ അരിക് സംരക്ഷണഭിത്തി സ്ഥാപിച്ച് കരയിടിയൽ തടയണം. എങ്കിൽ മാത്രമേ വീട്ടിൽ സുരക്ഷിതമായി താമസിക്കാനാവുകയുള്ളൂ എന്ന് സുരേന്ദ്രനും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കി സൊസൈറ്റി പ്രവർത്തനം പുനരാരംഭിക്കാൻ ഭിത്തി നിർമാണം അത്യാവശ്യമാണെന്ന് യന്ത്രവൽകൃത ചകിരി കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികളും പറയുന്നു.