വിദ്യാനഗർ : ക്ഷയരോഗ നിയന്ത്രണ പ്രവർത്തനങ്ങൾക്ക് കരുത്തുപകരുന്നതിനൊപ്പം ജില്ലയിലെ പൊതുജനാരോഗ്യ സംവിധാനത്തെ ആധുനികവത്കരിക്കുന്നതിനുള്ള രണ്ട് പ്രധാന ആരോഗ്യപദ്ധതികൾക്ക് തിങ്കളാഴ്ച തുടക്കമാകും.
ദേശീയ ആരോഗ്യദൗത്യത്തിന്റെ ഭാഗമായി രണ്ടരക്കോടി രൂപ ചെലവിൽ നിർമിച്ച ടി.ബി. സെന്റർ, ഒന്നരക്കോടി രൂപ ചെലവിൽ നവീകരിച്ച ജില്ലാ പബ്ലിക് ഹെൽത്ത് ലബോറട്ടറി, എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുന്നത്. വിദ്യാനഗറിൽ ദേശീയപാതയിൽനിന്ന് 150 മീറ്റർ അകലെ ഉളിയത്തുക്ക റോഡിനോട് ചേർന്ന് പണിത കെട്ടിടങ്ങൾ രാവിലെ 11.45-ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. കല്ലട്ര മാഹിൻ എം.എൽ.എ. അധ്യക്ഷനാകും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി. മുഖ്യാതിഥിയാകും.
ക്ഷയരോഗബാധിതർക്ക് സമയബന്ധിതമായി രോഗനിർണയവും ചികിത്സയും ഉറപ്പാക്കുന്നതിനും ചികിത്സയുടെ പുരോഗതി നിരീക്ഷിക്കുന്നതിനും പുതിയ ടി.ബി. സെന്റർ സഹായകമാകും. ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായ സാങ്കേതിക പിന്തുണ ലഭ്യമാക്കുന്നതിനും ക്ഷയരോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട ബോധവത്കരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും കേന്ദ്രത്തിലൂടെ സാധിക്കും. ജില്ലയിലെ ക്ഷയരോഗ നിർമാർജന പ്രവർത്തനങ്ങൾക്ക് പുതിയ കേന്ദ്രം വലിയ മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷ.
ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷന്റെ സാമ്പത്തിക സഹായത്തോടെ ഒന്നരക്കോടി രൂപ ചെലവിലാണ് ജില്ലാ പബ്ലിക് ഹെൽത്ത് ലബോറട്ടറി നവീകരിച്ചത്. ഗുണമേന്മയുള്ള പരിശോധനാ സൗകര്യങ്ങൾ പൊതുജനങ്ങൾക്ക് കൂടുതൽ കാര്യക്ഷമമായി ലഭ്യമാക്കാനും പൊതുജനാരോഗ്യ സംവിധാനത്തിന്റെ പ്രവർത്തനശേഷി വർധിപ്പിക്കാനും നവീകരിച്ച ലബോറട്ടറി സഹായിക്കും.
Published: 09 Nov 2026, 02:01 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented