കരിവെള്ളൂർ : കരിവെള്ളൂർ ദേശീയ പാതയുടെ പടിഞ്ഞാറ് ഭാഗത്തുള്ള സർവീസ് റോഡിലെ നടപ്പാതയിലൂടെ കരിവെള്ളൂരിനും ഓണക്കുന്നിനും ഇടയിൽ യാത്ര ചെയ്യുന്നവർ സൂക്ഷിക്കുക. നടപ്പാതയിൽ കിണറുണ്ട്. കണ്ണൊന്ന് തെറ്റിയാൽ 15 മീറ്ററോളം ആഴമുള്ള കിണറിൽ വീഴും.ഓണക്കുന്ന്- മയിൽ വളപ്പ് റോഡ് ആരംഭിക്കുന്ന സ്ഥലത്ത് നിന്ന് 30 മീറ്റർ വടക്കുഭാഗത്താണ് കിണറുള്ളത്.
നടപ്പാതയുടെ സമീപത്തുള്ള ടി.വി. നാരായണിയുടേതായിരുന്നു കിണർ. ദേശീയ പാതയ്ക്കായി കിണർ ഉൾപ്പെടെയുള്ള സ്ഥലം ഏറ്റെടുത്തിരുന്നു. എന്നാൽ, ഓവുചാലിന്റെ നിർമാണം നടക്കുന്ന സമയത്ത് കിണർ മൂടിയിരുന്നില്ല. ഓവുചാലും കിണറും തമ്മിൽ ഒന്നര മീറ്ററോളം അകലമുള്ളതുകൊണ്ട് ഇതുവരെ അപകട ഭീഷണി ഉണ്ടായിരുന്നില്ല. എന്നാൽ, രണ്ടാഴ്ച മുൻപ് ഓവുചാലിന് പുറത്തായി നടപ്പാത നിർമിക്കാൻ തുടങ്ങിയതോടെയാണ് പ്രശ്നം തുടങ്ങിയത്.
കിണറിന്റെ ചെറിയൊരു ഭാഗം നടപ്പാതയിലാണുള്ളത് നടപ്പാതയിൽ മണ്ണിട്ട് ഉയർത്തിയതോടെ കിണറിന്റെ ആൾമറ നടപ്പാതയുടെ താഴെയായി മാറി. ശ്രദ്ധിച്ച് നടന്നാൽ പോലും അപകടം സംഭവിക്കാവുന്ന അവസ്ഥയാണ്.
എ.വി. സ്മാരക സ്‌കൂളിലേക്കും ട്യൂഷൻ സെന്ററിലേക്കുമുളള നൂറുകണക്കിന് കുട്ടികൾ കാൽനടയായും സൈക്കിളിലും ഈ വഴിയാണ് പോകുന്നത്. രാത്രി കാലങ്ങളിൽ ഈ ഭാഗത്ത് വെളിച്ചവുമില്ല. കിണർ മൂടിയ ശേഷം നടപ്പാത നിർമിച്ചാൽ മതിയെന്ന് കരാറുകാരോട് പറഞ്ഞെങ്കിലും ചെവിക്കൊണ്ടില്ല. കിണറിനു സമീപം സുരക്ഷയൊരുക്കാനും തയ്യാറായില്ല. അപകടത്തെ പേടിച്ച് തൊട്ടടുത്തെ വീട്ടുകാർ കിണറിനുചുറ്റും ചെങ്കല്ല് വച്ചിട്ടുണ്ട്. അപകടം സംഭവിക്കാൻ കാത്തു നിൽക്കാതെ കിണർ അടിയന്തരമായി മണ്ണിട്ടു മൂടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Published: 24 Nov 2026, 04:54 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented