പുല്പള്ളി സാമൂഹികാരോഗ്യകേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ല

To advertise here,

പുല്പള്ളി : 350 രോഗികളെ പരിശോധിച്ച് ചികിത്സ നൽകാൻ ഒരു ഡോക്ടർ. പുല്പള്ളി സാമൂഹികാരോഗ്യകേന്ദ്രത്തിൽ രോഗികളും ഡോക്ടറും ഒരുപോലെ വലയുകയാണ്. ജനങ്ങളുടെ ജീവൻവെച്ചുള്ള ഈ പരീക്ഷണം നിർത്താൻ ആരോഗ്യവകുപ്പ് അധികൃതർ തയ്യാറാകണമെന്നാണ് രോഗികൾ ആവശ്യപ്പെടുന്നത്. ഒ.പി.യിൽ നാലു ഡോക്ടർമാരുടെ സേവനം ലഭിക്കേണ്ട സ്ഥാനത്തിപ്പോൾ ഒരു ഡോക്ടർ മാത്രമാണുള്ളത്.

രാവിലെ ഒൻപതു മുതൽ ഉച്ചവരെയ്ക്കുള്ളിൽ 350-ഓളം രോഗികളെ ഒരു ഡോക്ടർക്ക് പരിശോധിച്ച് മരുന്ന് കുറിച്ചുനൽകുന്നത് പ്രായോഗികമല്ലെന്നാണ് ഈ മേഖലയിൽ തൊഴിലെടുക്കുന്നവർ പറയുന്നത്. തിരക്കും സമയക്കുറവുംമൂലം രോഗികൾക്ക് മതിയായ ശ്രദ്ധയും പരിചരണവും ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഒരു സിവിൽസർജൻ, നാല് അസി. സർജൻ, ഒരു ദന്തഡോക്ടർ എന്നീ തസ്തികകളാണ് പുല്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലുള്ളത്. ഇതിൽ മെഡിക്കൽ ഓഫീസർ കഴിഞ്ഞമാസം സർവീസിൽ നിന്നു വിരമിച്ചു. ഈ ഒഴിവിലേക്ക് പകരം നിയമനം നടത്തിയിട്ടുണ്ടെങ്കിലും ഡോക്ടർ ജോലിയിൽ പ്രവേശിച്ചിട്ടില്ല. മറ്റൊരു ഡോക്ടറെ ശബരിമലഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുകയാണ്. അഡ്‌ഹോക്കിൽ നിയമനം ലഭിച്ചിരുന്ന ഒരു ഡോക്ടർ രാജിവെച്ചുപോയി. മറ്റൊരു ഡോക്ടർ ആരോഗ്യപ്രശ്‌നംമൂലം അവധിയിലാണ്. ദന്ത ഡോക്ടർ അവധിയിൽപ്പോയിട്ട് ഒരു വർഷത്തോളമായി. എല്ലാവിധ സൗകര്യങ്ങളുമുണ്ടെങ്കിലും കഴിഞ്ഞ ഒരു വർഷത്തോളമായി ദന്തരോഗ വിഭാഗത്തിന്റെ പ്രവർത്തനവും നടക്കുന്നില്ല. ഇനിയും പൂട്ടിയിട്ടാൽ ഉപകരണങ്ങളടക്കം നശിച്ചുപോകുമെന്നാണ് നാട്ടുകാർ പറയുന്നത്.

ഡോക്ടർമാരില്ലാത്തതിനാൽ ഒ.പി.യുടെ പ്രവർത്തനമാണ് വലിയ പ്രതിസന്ധിയിലായിരിക്കുന്നത്. അടിയന്തര പരിചരണം വേണ്ടവരുൾപ്പെടെ പ്രതിദിനം 250 മുതൽ 350 രോഗികൾവരെയാണ് ഇവിടെ ചികിത്സതേടിയെത്തുന്നത്. ഒ.പി. ടിക്കറ്റ് എടുക്കുന്നതിനായി രാവിലെ 7.30 മുതൽ രോഗികൾ എത്തിത്തുടങ്ങും. ഒൻപതിനാണ് പരിശോധന ആരംഭിക്കുന്നത്.

ചികിത്സ തേടിയെത്തുന്ന പ്രായമായവരും കുട്ടികളും ഉൾപ്പെടെ മണിക്കൂറുകളാണ് പരിശോധനയ്ക്കു വേണ്ടി കാത്തിരിക്കേണ്ടിവരുന്നത്. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനിടെ ആരോഗ്യനില വഷളായി രോഗികൾ കുഴഞ്ഞുവീഴുന്നതടക്കമുള്ള സംഭവങ്ങളും ഇവിടെ പതിവു കാഴ്ചയായി മാറുകയാണ്. നിലവിലുള്ള ഒരു ഡോക്ടർ അധികജോലി ചെയ്താണ് ഒ.പി.യുടെ പ്രവർത്തനം മുടക്കമില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നത്. സായാഹ്ന ഒ.പി.യിലേക്കായി നിലവിൽ ബ്ലോക്ക് പഞ്ചായത്ത് താത്കാലികാടിസ്ഥാനത്തിൽ ഒരു ഡോക്ടറെ നിയമിച്ചിട്ടുണ്ട്. ചില ദിവസങ്ങളിൽ ഈ ഡോക്ടറെയും രാവിലത്തെ ഒ.പി. പരിശോധനയ്ക്കായി നിയോഗിക്കും. ഇതോടെ സായാഹ്ന ഒ.പി. മുടങ്ങും.

സാമൂഹികാരോഗ്യകേന്ദ്രത്തിൽ ചികിത്സ ലഭിക്കാൻ മണിക്കൂറുകൾ കാത്തിരിക്കേണ്ടതിനാൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് നിർധനരായ രോഗികൾ.

പുല്പള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിലെയും കർണാടക അതിർത്തി ഗ്രാമങ്ങളിലെയും സാധാരണക്കാരായ ജനങ്ങളുടെ ആശ്രയകേന്ദ്രമാണ് ഈ സാമൂഹികാരോഗ്യകേന്ദ്രം. പുതിയ കെട്ടിടമടക്കമുള്ള എല്ലാ സൗകര്യങ്ങളുമുണ്ടെങ്കിലും ഡോക്ടർമാരുടെ കുറവ് ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിലാക്കുകയാണ്.

ഒ.പി.യുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ ആരോഗ്യവകുപ്പ് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് രോഗികൾ ആവശ്യപ്പെടുന്നത്. ഒ.പി.യിൽ കുറഞ്ഞത് നാല് ഡോക്ടർമാരെങ്കിലും വേണമെന്നാണ് ആവശ്യം.