ഇരിട്ടി : ആറളം ഫാം പുനരധിവാസമേഖലയിൽ ഭീതിപരത്തിയ മോഴയാനയെ മയക്കുവെടിവെച്ച് പിടിച്ച് വയനാട്ടിലേക്ക് മാറ്റിയെങ്കിലും ഇതുമൂലമുണ്ടായ ദുരിതത്തിൽ നട്ടംതിരിയുകയാണ് ഫാം നിവാസികൾ. മോഴയെ കൊണ്ടുപോകാനായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുത്തിപ്പൊളിച്ച റോഡ് രണ്ടുമാസം കഴിഞ്ഞിട്ടും പുനഃസ്ഥാപിക്കാത്തത് പ്രദേശവാസികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ആറളം ഫാമിലെ ബ്ലോക്ക് 13-ൽ താമസിക്കുന്ന കുടുംബങ്ങളാണ് റോഡ് തകർന്നതോടെ യാത്രാദുരിതത്തിലായത്. ഓട്ടോറിക്ഷപോലും കടന്നുചെല്ലാൻ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ റോഡ്. രണ്ടിലധികം പേരുടെ സഹായമുണ്ടെങ്കിൽ മാത്രമേ ഇരുചക്രവാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാനാകൂ. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ സ്കൂളിലെത്താൻ ആശ്രയിക്കുന്ന ഏക വഴിയാണിത്. മോഴയാനയെ പിടികൂടി കൊണ്ടുപോകാനായി റോഡിലെ മണ്ണ് ജെ.സി.ബി. ഉപയോഗിച്ച് നീക്കിയിരുന്നു. എന്നാൽ, ദൗത്യം പൂർത്തിയാക്കി ആനയെ കൊണ്ടുപോയതോടെ റോഡ് പുനഃസ്ഥാപിക്കാനുള്ള ഉത്തരവാദിത്വം വനംവകുപ്പ് മറന്ന മട്ടാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ആനയെ കൊണ്ടുപോയ ദിവസവും തുടർന്നും പെയ്ത മഴയിൽ റോഡിലൂടെ കാൽനടയാത്രപോലും ദുഷ്കരമായിരുന്നു. ആസ്പത്രി ആവശ്യങ്ങൾ ഉൾപ്പെടെയുള്ള അടിയന്തരസാഹചര്യങ്ങളിൽ വാഹനങ്ങൾ വീട്ടുപടിക്കൽ എത്താത്തത് കുടുംബങ്ങളെ ഏറെ ആശങ്കയിലാക്കുന്നുണ്ട്. മോഴയാനയെ പിടികൂടിയെങ്കിലും മറ്റ് ആനക്കൂട്ടങ്ങൾ പുനരധിവാസമേഖലയിൽ സ്ഥിരമായെത്തുന്നതും ഭീതി വർധിപ്പിക്കുന്നു. ഇതിനിടെയാണ് വീടുകളിലേക്കുള്ള ഏക വഴിയും ഇല്ലാതായിരിക്കുന്നത്. രാത്രി മതിയായ വെളിച്ചമില്ലാത്തതും ആദിവാസി കുടുംബങ്ങളുടെ യാത്രാദുരിതം വർധിപ്പിക്കുന്നു. തകർന്ന റോഡ് അടിയന്തരമായി പുനഃസ്ഥാപിച്ച് ഗതാഗതയോഗ്യമാക്കാൻ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.
Published: 18 Nov 2026, 04:06 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented