ധർമടം : മേലൂർ ജങ്ഷനിൽ തലശ്ശേരി ഭാഗത്തേക്ക് ബസ് കാത്തിരിപ്പുകേന്ദ്രം എന്ന ആവശ്യത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്. ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ അഭാവം യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. നൂറുകണക്കിനാളുകൾ ദിവസവും ആശ്രയിക്കുന്ന പ്രധാന ബസ് ഹാൾട്ട് സ്റ്റോപ്പായിട്ടും വർഷങ്ങളായി ഇവിടെ ബസ് ഷെൽട്ടർ സ്ഥാപിക്കാത്തതാണ് ജനങ്ങൾ നേരിടുന്ന പ്രധാന പ്രശ്‌നം.

To advertise here,

മേലൂർ ജങ്ഷനിൽനിന്ന് കൂടാതെ തലശ്ശേരി ഭാഗത്തേക്ക് കണ്ണൂർ, ചാലോട് എന്നിവിടങ്ങളിൽ നിന്നും ഇതുവഴി ബസ് സർവീസുണ്ട്. പ്രധാന സ്റ്റോപ്പായിട്ടും യാത്രക്കാർ ഇവിടെ പൊരിവെയിലത്തും മഴയത്തും കയറിനിൽക്കാൻ ഇടമില്ലാതെ കാത്തുനിൽക്കേണ്ട സ്ഥിതിയാണ്.

കഴിഞ്ഞ മഴക്കാലം എത്തുന്നതിനുമുൻപുതന്നെ ബസ് ഷെൽട്ടറിന്റെ അഭാവം കാണിച്ച് 'മാതൃഭൂമി' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ല.

ദിനംപ്രതി ജോലി, പഠനം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കായി പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്ന സാധാരണക്കാർ, രോഗബാധിതർ, കുട്ടികൾ തുടങ്ങിയവരാണ് ഏറ്റവും കൂടുതൽ പ്രയാസം അനുഭവിക്കുന്നത്. മേലൂർ–തലശ്ശേരി റൂട്ടിലെ പ്രധാന ബസ് സ്റ്റോപ്പായ ഇവിടെ യാത്രക്കാരുടെ എണ്ണവും കൂടുതലാണ്.

യാത്രക്കാരുടെ ദീർഘകാല ആവശ്യത്തെത്തുടർന്ന് കഴിഞ്ഞ സർക്കാർ മേലൂർ ജങ്‌ഷനിൽ ബസ് ഷെൽട്ടർ നിർമാണത്തിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. റോഡരികിലെ പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഷെൽട്ടറിനായി തറക്കല്ലിടുകയും ചെയ്തു. എന്നാൽ തുടർന്നുണ്ടായ കോടതിവ്യവഹാരം കാരണം നിർമാണം നിലച്ചു. ഷെൽട്ടർ നിർമാണത്തിനായി തന്റെ ഭൂമി കൈയേറിയതായും ഗതാഗതതടസ്സം സൃഷ്ടിക്കുന്നതായും ആരോപിച്ച് സ്വകാര്യ വ്യക്തി കോടതിയെ സമീപിച്ചതോടെയാണ് നിർമാണം പ്രതിസന്ധിയിലായത്. നിലവിൽ തറക്കല്ലിട്ട ഭാഗത്ത് കാട് കയറിയ നിലയിലാണ്.

മേലൂർ ജങ്ഷൻ വികസനം നടത്തുന്നതിന് മുൻപ് പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ ഇവിടെയുണ്ടായിരുന്ന റോഡിലാണ് ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ഇതിന് തെളിവായി പഴയ റോഡിൽ സ്ഥാപിച്ച മൈൽകുറ്റിയും ടെലിഫോൺ തൂണും ഇവർ ചൂണ്ടിക്കാട്ടുന്നു.

കോടതി നടപടികളും നിയമപരമായ സങ്കീർണതകളും കാരണം ദുരിതമനുഭവിക്കുന്നത് തങ്ങളാണെന്നാണ് നാട്ടുകാരുടെ പക്ഷം. ആക്ഷേപമുന്നയിച്ച സ്ഥലം ഉടമയും ബന്ധപ്പെട്ട വകുപ്പുകളും ജനപ്രതിനിധികളും ചർച്ച ചെയ്ത് പ്രശ്നം അടിയന്തിരമായി പരിഹരിച്ച് ബസ് ഷെൽട്ടർ നിർമാണം എത്രയും വേഗത്തിൽ പൂർത്തിയാക്കി നിലവിൽ ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.