അടയ്ക്കാത്തോട് : അറ്റകുറ്റപ്പണിയും തകർന്ന ഭാഗങ്ങളുടെ പുനർനിർമാണവും മുടങ്ങിയതോടെ ആനപ്രതിരോധ മതിൽ നശിക്കുന്നു. വന്യമൃഗങ്ങളിൽനിന്ന് മലയോരജനതയ്ക്ക് സംരക്ഷണം ഒരുക്കുന്ന ആനമതിലാണ് നശിക്കുന്നത്. കേളകം പഞ്ചായത്തിലെ അടയ്ക്കാത്തോട് മേഖലയിലെ മുട്ടുമാറ്റി, കോച്ചിക്കുളം, വാളുമുക്ക് ഭാഗങ്ങളിലാണ് ആനമതിൽ പൊളിഞ്ഞത്.
ചീങ്കണ്ണിപ്പുഴയിലെ ശക്തമായ മലവെള്ളപ്പാച്ചിലിലാണ് കോച്ചിക്കുളത്തിന് സമീപത്തെ ഇടിമണ്ണിക്കൽ ജോർജിന്റെ വീടിനോടുചേർന്നുള്ള ഭാഗത്തെ ആനമതിൽ തകർന്നത്. 25 മീറ്ററോളം നീളത്തിൽ മതിലിടിഞ്ഞ് പുഴയുടെ ഭാഗത്തേക്ക് വീണുകിടക്കുകയാണ്.
അതിന്റെ തുടർച്ചയായ 25 മീറ്റർ നീളത്തിൽ മതിലിന് വിള്ളൽ രൂപപ്പെട്ടതായി വനം വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. 2024-ലാണ് മതിൽ തകർന്നത്. അതിന്റെ ബാക്കി ഈവർഷം ഓഗസ്റ്റിലും ഇടിഞ്ഞു. മുട്ടുമാറ്റിയിലെ ചാപ്പത്തോട്ടിലും മലവെള്ളവെള്ളപ്പാച്ചിലിലാണ് ആനമതിൽ തകർന്നത്. ഇവിടെയും മതിൽ തകർന്നിട്ട് വർഷം പലത് കഴിഞ്ഞു. കോച്ചിക്കുളത്തും വാളുമുക്കിലും കല്ലുകൾ ഇളകിയതോടെയാണ് മതിൽ പൊളിഞ്ഞത്.
കേളകം പഞ്ചായത്തിന്റെ വനത്തോട് ചേർന്നുള്ള വളയംചാൽമുതൽ കരിയംകാപ്പ് വരെയാണ് ആനമതിൽ നിർമിച്ചത്. 10.5 കിലോമീറ്ററാണ് നീളം. 2017-ലാണ് മതിൽ നിർമാണം പൂർത്തിയായത്. തുടർന്ന് അഞ്ച് വർഷം കരാറുകാർ അറ്റുകുറ്റപ്പണി നടത്തി. പിന്നീടുണ്ടായ കേടുപാടുകൾ ബന്ധപ്പെട്ടവർ പരിഹരിച്ചില്ല. കോൺക്രീറ്റ് ബീമുകൾക്ക് ഇടയിൽ കരിങ്കല്ല് പാകിയാണ് മതിൽ നിർമിച്ചത്.
കല്ലുകൾക്കിടയിൽ സിമന്റ് നിറയ്ക്കാതിരുന്നതിനാൽ കാലക്രമേണ കല്ലുകൾ ഇളകിവീഴാനുള്ള സാധ്യത നാട്ടുകാർ ചൂണ്ടിക്കാണിച്ചിരുന്നു. കല്ലുകൾ ഇളകിയഭാഗത്തെ ബാക്കികൂടി പൊളിച്ച് കാട്ടാന ജനവാസമേഖലയിലേക്ക് കയറി. ഇക്കഴിഞ്ഞ മാർച്ചിൽ നരിക്കടവിലെ മതിൽ പൊളിച്ചാണ് കാട്ടാന എത്തി കൃഷി നശിപ്പിച്ചത്.
പ്രകൃതിദുരന്തവും കൃത്യമായി അറ്റകുറ്റപ്പണി നടത്താത്തതുമാണ് മതിൽ നശിക്കുന്നതിന്റെ പ്രധാന കാരണം. പുഴയിലൂടെ വരുന്ന മാലിന്യവും മരങ്ങളും വന്ന് മതിലിന്റെ ചുവട്ടിൽ അടിയുന്നതും തകർച്ചയ്ക്ക് കാരണമാകുന്നതായാണ് വനം വകുപ്പ് ജീവനക്കാർ പറയുന്നത്.
പുഴ ഗതിമാറി ഒഴുകിയതിനാൽ മതിലിന് ചുവട്ടിലെ മണ്ണ് പലയിടത്തും ഒലിച്ചുപോയിട്ടുണ്ട്. അതിനാൽ എപ്പോൾ വേണമെങ്കിലും മതിൽ ഇടിയാം. ഈ ഭാഗങ്ങളിൽ സിമന്റ് ഉപയോഗിച്ച് പുറത്തുനിന്ന് പാക്ക് ചെയ്താൽ മതിൽ സുസ്ഥിരമായി നിലനിൽക്കുമെന്ന് നാട്ടുകാർ പറയുന്നു. ഇപ്പോൾ മതിൽ തകർന്നഭാഗത്ത് തൂക്ക് വൈദ്യുതവേലി സ്ഥാപിച്ചാണ് വനംവകുപ്പ് കാട്ടാനകളെ പ്രതിരോധിക്കുന്നത്.
Published: 16 Nov 2026, 02:46 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented