പയ്യന്നൂർ : പയ്യന്നൂർ നിയോജക മണ്ഡലത്തെയും കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ നിയോജക മണ്ഡലത്തെയും ബന്ധിപ്പിക്കുന്ന നിർദിഷ്ട ഉളിയത്ത് കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിയുടെ ഭാവി അനിശ്ചിതത്വത്തിൽ. പയ്യന്നൂർ നഗരസഭയിലെയും തൃക്കരിപ്പൂർ, പിലിക്കോട്, കരിവെള്ളൂർ-പെരളം, കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്തുകളിലെയും കാർഷിക മേഖലയ്ക്ക് വലിയ ആശ്വാസമാകേണ്ട പദ്ധതി യാഥാർഥ്യമാകാത്തത് കർഷകരെ ആശങ്കയിലാഴ്ത്തുന്നു.
പുഴയിലൂടെ ഉപ്പുവെള്ളം കയറി പാടശേഖരങ്ങളിലെ രണ്ടാംവിള നെൽകൃഷി പൂർണമായും നശിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. തായിനേരി-കാര-തലിച്ചാലം അണക്കെട്ട് കാലപ്പഴക്കത്തെത്തുടർന്ന് തകർന്നതോടെ ഉപ്പുവെള്ളം തടയാനുള്ള ഫലപ്രദമായ ബദൽ സംവിധാനവും ഇല്ലാതായി. നെൽകൃഷി മാത്രം ഉപജീവനമാക്കിയ കുണിയനിലെയും സമീപപ്രദേശങ്ങളിലെയും നിരവധി കർഷകർ കൃഷി ഉപേക്ഷിച്ച് പാടങ്ങൾ തരിശിടുകയാണ്.
ചില പാടശേഖരങ്ങളിൽ സമിതികളുടെ നേതൃത്വത്തിൽ താത്കാലിക തടയണകൾ നിർമിച്ച് കൃഷി സംരക്ഷിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റം വലിയ വെല്ലുവിളിയാണ്. പ്രദേശത്തെ നൂറുകണക്കിന് കിണറുകളിലും ഉപ്പുവെള്ളം കയറിയതോടെ കുടിവെള്ളക്ഷാമവും രൂക്ഷമാകുന്നു. കാർഷിക മേഖലയെയും കുടിവെള്ള സ്രോതസ്സുകളെയും ഒരുപോലെ ബാധിക്കുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരമെന്ന നിലയിലാണ് ഉളിയത്ത് കടവിൽ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കാൻ നിർദേശം ഉയർന്നത്.
ഇതിനായി ഇറിഗേഷൻ വകുപ്പ് 85.40 കോടി രൂപയുടെ വിശദമായ പദ്ധതിരേഖ (ഡി.പി.ആർ.) തയ്യാറാക്കി നബാർഡിന് സമർപ്പിച്ചിരുന്നു. യു.ഡി.എഫ് സർക്കാർ പദ്ധതി ബജറ്റിൽ ഉൾപ്പെടുത്തുകയുംചെയ്തിരുന്നു. എന്നാൽ പ്രഖ്യാപനത്തിനപ്പുറം പദ്ധതി നിർവഹണത്തിലേക്ക് കടക്കാത്തതാണ് ഇപ്പോഴത്തെ ആശങ്കയ്ക്ക് കാരണം.
പദ്ധതിയുടെ ഭാഗമായി പുഴയുടെ ഇരുകരകളിലും സമീപന റോഡിനാവശ്യമായ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. ഇടതുകരയിൽ 90 മീറ്റർ നീളത്തിലും 15 മീറ്റർ വീതിയിലും വലതുകരയിൽ 120 മീറ്റർ നീളത്തിലും 15 മീറ്റർ വീതിയിലുമുള്ള സ്ഥലമാണ് ആവശ്യമായിട്ടുള്ളത്. ഇതിനായുള്ള സ്ഥലമേറ്റെടുപ്പ് നടപടികളും പുരോഗമിക്കുന്നതായാണ് വിവരം.
കർഷകരിൽ ആശങ്ക
പദ്ധതിക്കെതിരേ പരിസ്ഥിതി പ്രവർത്തകർ രംഗത്തെത്തിയതും കർഷകരിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ നഗരസഭയ്ക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഇത് നഗരസഭയുടെ പദ്ധതിയല്ലെന്ന മറുപടിയാണ് ലഭിച്ചത്. ഉപ്പുവെള്ളം കയറി കൃഷി നശിക്കുകയും കുടിവെള്ളസ്രോതസ്സുകൾ മലിനമാകുകയുംചെയ്യുന്ന സാഹചര്യത്തിൽ പദ്ധതിയുടെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് കർഷകർ രംഗത്തുള്ളത്. ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി അനിശ്ചിതത്വത്തിൽ തുടരാതെ ആവശ്യമായ നടപടികൾ വേഗത്തിലാക്കി നിർമാണം യാഥാർഥ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
Published: 16 Nov 2026, 02:46 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented